സാങ്കേതിക സർവകലാശാലയിൽ (കെടിയു) എഐസിടിഇ അനുമതിയോടെ ബാച്‍ലർ ഓഫ് വൊക്കേഷനൽ ഡിഗ്രി (ബി.വോക്) കോഴ്സുകൾ ഈ അക്കാദമിക് വർഷം ആരംഭിക്കാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. അധ്യാപക, ഉദ്യോഗസ്ഥ പരിശീലനത്തിന് യുജിസി അക്കാദമിക് സ്റ്റാഫ് കോളജ് മാതൃകയിലുള്ള കേന്ദ്രം അടുത്ത മാസം ഉദ്ഘാടനം ചെയ്യും.
ഇരുനൂറോളം കുട്ടികൾക്കുള്ള ഹോസ്റ്റൽ സൗകര്യത്തോടെ ട്രാൻസിറ്റ് ക്യാംപസ് ആരംഭിക്കാനും സിൻഡിക്കറ്റ് അനുമതി നൽകി. സർവകലാശാലയുടെ 5 പഠന സ്കൂളുകൾ ട്രാൻസിറ്റ് ക്യാംപസിലാകും ആദ്യം ആരംഭിക്കുക.
ആദ്യ സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് അംഗീകാരം നൽകി. ഓഗസ്റ്റ് ആദ്യവാരത്തോടെ സർവകലാശാലാ യൂണിയൻ നിലവിൽ വരും. സർവകലാശാലയുടെ സ്ഥിരം ക്യാംപസിനായി ഏറ്റെടുത്ത വിളപ്പിൽശാലയിലെ സ്ഥലത്തു നിർമാണങ്ങൾക്കുള്ള പ്രാരംഭ നടപടികൾക്കും സിൻഡിക്കറ്റ് അനുവാദം നൽകി. സർവകലാശാലയുടെ ഗവേഷണ കേന്ദ്രങ്ങളായ നാൽപതോളം കോളജുകൾക്കായി ആരംഭിക്കുന്ന ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം 26ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും.
0 comments: