2022, ജൂലൈ 31, ഞായറാഴ്‌ച

വോട്ടർ ഐഡി കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രചാരണങ്ങൾ ഓഗസ്റ്റ് 1 മുതൽ; അറിയേണ്ടതെല്ലാം

 

വോട്ടർ ഐഡന്റിറ്റി കാർഡുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി രാജ്യവ്യാപകമാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമീഷൻ. മഹാരാഷ്ട്രയും ത്രിപുരയും ഉൾപെടെ നിരവധി സംസ്ഥാനങ്ങൾ തിങ്കളാഴ്ച മുതൽ ഇത് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വോടർ പട്ടികയിൽ ഒരാളുടെ തന്നെ പേര് ഒന്നിലധികം തവണയുണ്ടെങ്കിൽ അവ നീക്കി സുതാര്യമായ ഫോടോ അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടിക തയ്യറാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം.

വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നതിന് അംഗീകാരം നൽകുന്ന തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ 2021 ഡിസംബറിൽ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാൽ, പ്രതിപക്ഷമായ കോൺഗ്രസ് ഉൾപെടെയുള്ളവർ ഈ തീരുമാനത്തിൽ പ്രതിഷേധിച്ചു, പാർടി നേതാവ് രൺദീപ് സിംഗ് സുർജേവാല കഴിഞ്ഞ ആഴ്ച പുതിയ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഡെൽഹി ഹൈകോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു.

'ഈ പ്രക്രിയ സ്വമേധയാ ചെയ്യുന്നതാണ്, ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിക്കുമ്പോൾ എല്ലാ വോടർമാരും സഹകരിക്കാൻ അഭ്യർഥിക്കുന്നു. ഒരു സാഹചര്യത്തിലും വോട്ടർമാരുടെ ആധാർ നമ്പർ വോടർ പട്ടികയിലോ വോടേഴ്‌സ് സ്ലിപിലോ പ്രസിദ്ധീകരിക്കില്ല', ത്രിപുര ചീഫ് ഇലക്ടറൽ ഓഫീസർ കിരൺ ഗിറ്റെ അടുത്തിടെ വിശദീകരിച്ചു. ബൂത് ലെവൽ ഓഫീസർമാർ വോട്ടർമാരുടെ വീടുകളിൽ സന്ദർശനം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ജൂലൈയിൽ മഹാരാഷ്ട്ര സിഇഒ ശ്രീകാന്ത് ദേശ്പാണ്ഡെയും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്തുടനീളം ഈ സംരംഭം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'വോടർമാരുടെ ഐഡന്റിറ്റിക്കും വോട്ടർ പട്ടികയിലെ ആധികാരികത ഉറപ്പാക്കുന്നതിനും ഒരേ വ്യക്തിയുടെ പേര് ഒന്നിലധികം നിയോജക മണ്ഡലങ്ങളിലോ ഒന്നിലധികം തവണയോ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് തിരിച്ചറിയുന്നതിനും വോട്ടർ ഐഡി കാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കും', അദ്ദേഹം വ്യക്തമാക്കി.

0 comments: