മൊബൈല്‍ ഫോണ്‍-ഇന്റര്‍നെറ്റ് ഉപയോഗവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മൂലം സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 25 കുട്ടികള്‍.2019-2022 കാലയളവിലാണ് 25 കേസുകളും റിപ്പോര്‍ട്ട് ചെയ്തതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മൊബൈല്‍ ഗെയിമുകളും സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗവും മുതല്‍ ഡറ്റ റീചാര്‍ജ് ചെയ്യാന്‍ വൈകിയതടക്കം വിചിത്രമായ കാരണങ്ങള്‍ വരെ കുഞ്ഞുങ്ങള്‍ ജീവനൊടുക്കുന്നതിലേക്കെത്തിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് പഠനം മൊബൈല്‍ ഫോണിലേക്ക് ചുവടുമാറുകയും നിയന്ത്രണങ്ങള്‍ ഒഴിവാകുകയും ചെയ്തത് ഒരുവിഭാഗം വിദ്യാര്‍ഥികളെയെങ്കിലും ഡിജിറ്റല്‍ അടിമത്തത്തിലേക്ക് എത്തിച്ചുവെന്നാണ് വിലയിരുത്തല്‍. 'ഡിജിറ്റല്‍ ലഹരി' വലിയ പ്രതിസന്ധിയായി മാറുന്ന പുതിയ കാലത്ത് ഡിജിറ്റല്‍ ലഹരിമുക്തകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള സജീവ ആലോചനയിലാണ് സര്‍ക്കാര്‍. ഡി-ഡാഡ് (ഡിജിറ്റല്‍ ഡീ അഡിക്ഷന് സെന്റര്‍) എന്ന പേരില്‍ ആദ്യഘട്ടത്തില്‍ ആറ് ജില്ലകളിലാണ് കേന്ദ്രങ്ങളാരംഭിക്കുക. മാനസികാരോഗ്യ വിദഗ്ധന്റെ സേവനം പ്രയോജനപ്പെടുത്തിയാണ് ഇവ വിഭാവനം ചെയ്യുന്നത്. ആഗസ്റ്റില്‍ തന്നെ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് തിരക്കിട്ട ശ്രമം.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ ശേഷം കുട്ടികളുടെ ജീവിതത്തില്‍ പ്രധാനമായും മൂന്ന് വ്യത്യാസങ്ങളാണുണ്ടായത്. സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ടതാണ് ഇതിലൊന്ന്. കായിക വിനോദങ്ങളിലേര്‍പ്പെടാന്‍ കഴിയാത്ത സ്ഥിതിവന്നതും കൂട്ടുകാരുമായി നേര്‍ക്കുനേര്‍ കണ്ട് ജൈവിക ആശയവിനിമയ സൗകര്യം നഷ്ടപ്പെട്ടതുമാണ് മറ്റ് രണ്ട് കാര്യങ്ങള്‍. അങ്ങനെയാണ് കുട്ടികളുടെ ഏക വിനോദ ഉപാധിയായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ മാറിയത്.
പേടിക്കണം 'ഇ-ചടുലത'
ഓണ്‍ലൈന്‍ ഗെയിമുകളിലെ ചടുലമായ ദൃശ്യങ്ങളുമായി നമ്മുടെ ഇന്ദ്രിയങ്ങള്‍ വളരെവേഗം പൊരുത്തപ്പെടുകയും ആസ്വദിക്കുകയും ചെയ്യും. അക്ഷരം വായിക്കുക പോലുള്ള ഇഴയുന്നതും വേഗം കുറഞ്ഞതുമായ സംവേദനങ്ങളുമായി ഒത്തുപോകാന്‍ ഇന്ദ്രിയങ്ങള്‍ക്ക് കഴിയാതെ വരും. ഗെയിമുകള്‍ അവസാന നിമിഷം വരെ ത്രസിപ്പിച്ച ശേഷമാണ് ജയിപ്പിക്കുകയോ തോല്‍പ്പിക്കുകയോ ചെയ്യുന്നത്. വിജയിക്കുന്നയാളുകള്ക്ക് വീണ്ടും കളിക്കാന്‍ താല്പര്യം തോന്നും. തോല്‍ക്കുന്നവര്‍ക്ക് അടുത്ത തവണ ജയിക്കുമെന്ന ആത്മവിശ്വാസം വര്‍ധിക്കും. അങ്ങനെയാണ് ഗെയിമുകള്‍ക്ക് അടിമപ്പെടുന്നത്.
തലച്ചോറില്‍ ഡോപമിന്റെ അളവ് കൂടുമ്ബോഴാണ് വ്യക്തിയില്‍ സന്തോഷമുണ്ടാകുന്നത്. കായിക വ്യായാമങ്ങളിലും സൗഹൃദങ്ങളിലും ഏര്‍പ്പെടുമ്ബോള്‍ സാവധാനം ഡോപമിന്‍ അളവ് കൂടിയതിന് ശേഷം ക്രമേണ കുറയുകയാണ് ചെയ്യുക. എന്നാല്‍ ഡിജിറ്റല്‍ ഗെയിമുകളുടെ ഉപയോഗസമയത്ത് ഡോപമിന്‍ അളവ് കുത്തനെ കൂടുകയും പെട്ടെന്ന് സന്തോഷം കിട്ടുകയും ചെയ്യും. ഡോപമിന്‍ കുറയുന്നതോടെ സന്തോഷം കുറയുകയും നിരാശ ബാധിക്കുകയും ആത്മഹത്യ പ്രവണത വരെ പ്രകടിപ്പിക്കുകയും ചെയ്യാം.
0 comments: