2022, ജൂലൈ 6, ബുധനാഴ്‌ച

ബിരുദക്കാർക്ക് ബിഎസ്എൻഎല്ലിൽ അപ്രൻറീസ് ആകാം; 8000 രൂപ വരെ സ്റ്റൈപെൻഡ്

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ ബിഎസ്എൻഎല്ലിൽ (BSNL) വിവിധ വകുപ്പുകളിൽ അപ്രൻറീസ്ഷിപ്പിന് അപേക്ഷിക്കാം. ഹരിയാന ടെലികോം സർക്കിളിന് കീഴിലുള്ള ബിസിനസ് ഏരിയയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉദ്യോഗാർഥികൾക്ക് ബോർഡ് ഓഫ് അപ്രൻറീസ്ഷിപ്പ് ട്രെയിനിങ് പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19 ആണ്.

സെയിൽസ്, മാർക്കറ്റിങ് വിഭാഗങ്ങളിൽ 24 അപ്രൻറീസ് ഒഴിവുകളാണുള്ളത്. ബിഎസ്എൻഎൽ ഹരിയാന സർക്കിളിലെ CM/CFA/EB വിഭാഗങ്ങളിലായി 20 ഒഴിവുകളുമുണ്ട്. ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഹരിയാനയിലെ അമ്പാല, ഫരീദാബാദ്, ഗുഡ്ഗാവ്, ഹിസ്സാർ, കർണൽ, റെവാരി, റോഥക് എന്നിങ്ങനെ ഏഴ് ജില്ലകളിലായാണ്.

തെരഞ്ഞെടുപ്പ് രീതി

ഓരോ ഉദ്യോഗാർഥികളുടെയും മാർക്കിൻെറ ശതമാനം അടിസ്ഥാനമാക്കിയാണ് അപ്രൻറീസിനായി തെരഞ്ഞെടുക്കുക. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന ഉദ്യോഗാർഥികളെ പിന്നീട് രേഖകൾ പരിശോധിക്കുന്നതിനായി വിളിപ്പിക്കും. ഇ-മെയിലിലൂടെയാണ് ഇത്തരം വിവരങ്ങൾ അറിയിക്കുക. ഏത് ജില്ലയിലെ ഒഴിവിലേക്കാണോ അപേക്ഷിച്ചിരിക്കുന്നത് ആ ജില്ലയിൽ തന്നെ താമസിക്കുന്നവർക്ക് പ്രത്യേക പരിഗണനയുണ്ടാവും. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ പേര് വിവരവും വിശദാംശങ്ങളും ആഗസ്തിൽ പ്രസിദ്ധീകരിക്കും.

അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ

വയസ്സ്

 അപ്രൻറീസ്ഷിപ്പിന് അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ പ്രായം 25 വയസ്സിൽ കവിയാൻ പാടില്ല. എസ‍്‍സി, ഒബിസി, എസ‍്‍സി - പിഡബ്ല്യൂഡി, ഒബിസി - പിഡബ്ല്യൂഡി, ഒസി - പിഡബ്ല്യൂഡി എന്നീ വിഭാഗങ്ങളിൽ പെടുന്നവ‍ർക്ക് പ്രായപരിധിയിൽ ഇളവുണ്ടാവും.

വിദ്യാഭ്യാസം

സാങ്കേതിക വിഷയങ്ങളിലോ, അതല്ലാത്ത വിഷയങ്ങളിലോ ബിരുദമുള്ളവർക്ക് ഒഴിവുള്ള ഈ പോസ്റ്റുകളിൽ അപേക്ഷിക്കാവുന്നതാണ്. ഏതെങ്കിലും സ്ട്രീമിൽ ഡിപ്ലോമ ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാം.

എങ്ങനെ അപേക്ഷിക്കാം?

സ്റ്റെപ്പ് 1 – നാഷണൽ അപ്രൻറീസ്ഷിപ്പ് ട്രെയിനിങ് സ്കീമിൻെറ (എൻഎടിഎസ്) ഔദ്യോഗിക വെബ്സൈറ്റിൽ കയറി ആദ്യം രജിസ്റ്റർ ചെയ്യുക.https://portal.mhrdnats.gov.in/boat/login/user_login.action

സ്റ്റെപ്പ് 2 – നിങ്ങളുടെ വിശദവിവരങ്ങൾ നൽകിയതിന് ശേഷം ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.

സ്റ്റെപ്പ് 3 - വിവരങ്ങൾ നൽകിയാൽ ലഭിക്കുന്ന എൻറോൾമെൻറ് നമ്പർ ഓർമ്മയിൽ വെക്കുക.

സ്റ്റെപ്പ് 4 – നിങ്ങളുടെ വിവരങ്ങൾ നൽകിയ ശേഷം ലോഗിൻ ചെയ്യുക. ഇതിന് ശേഷം എസ്റ്റാബ്ലിഷ്മെൻറ് റിക്വസ്റ്റ് മെനുവിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5 - ഇതിന് ശേഷം ഫൈൻറ് എസ്റ്റാബ്ലിഷ്മെൻറ് സെലക്ട് ചെയ്ത് നിങ്ങളുടെ ഡോക്യുമെൻറുകൾ അപ്ലോഡ് ചെയ്യുക.

സ്റ്റെപ്പ് 6 - എസ്റ്റാബ്ലിഷ്മെൻറ് ലിസ്റ്റിൽ ബിഎസ്എൻഎൽ തിരഞ്ഞെടുക്കുക. പിന്നീട് നിങ്ങൾ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന ബിസിനസ് ഏരിയയും തെരഞ്ഞെടുക്കുക.

സ്റ്റെപ്പ് 7 – അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം സേവ് ചെയ്യുക.

ലഭിക്കുന്ന സ്റ്റൈപെൻഡ്

വിവിധ പോസ്റ്റുകളിൽ അപ്രൻറീസ് ട്രെയിനിങ് പ്രോഗ്രാമിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി ഒരു വർഷമായിരിക്കും. ഓരോ അപ്രൻറീസിനും എല്ലാ മാസവും 8000 രൂപ വീതം സ്റ്റൈപെൻഡ് ഇനത്തിൽ ലഭിക്കും.

0 comments: