2022, ജൂലൈ 18, തിങ്കളാഴ്‌ച

മലബാറില്‍ കൂടുതല്‍ കോളജ് വേണമെന്ന് ഉന്നത വിദ്യാഭ്യാസ കമീഷന്‍

 

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്ന കുട്ടികളുടെ അനുപാതം (ജി.ഇ.ആര്‍) വര്‍ധിപ്പിക്കാന്‍ മലബാര്‍ മേഖലയില്‍ കൂടുതല്‍ കോളജുകള്‍ അനുവദിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങള്‍ സംബന്ധിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍റെ ശിപാര്‍ശ.ഉന്നത പഠനത്തിന് ഏറ്റവും കുറവ് സൗകര്യം അനുഭവപ്പെടുന്ന കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നീ പിന്നാക്ക ജില്ലകളില്‍ കോളജുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ബി.ആര്‍. അംബേദ്കര്‍ യൂനിവേഴ്സിറ്റി മുന്‍ വി.സിയും ഡല്‍ഹി യൂനിവേഴ്സിറ്റി മുന്‍ പ്രഫസറുമായ ഡോ. ശ്യാം ബി. മേനോന്‍ അധ്യക്ഷനായ കമീഷന്‍റെ ഇടക്കാല റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.

മലബാര്‍ മേഖലയിലെ ഉപരിപഠന സൗകര്യത്തിന്‍റെ അപര്യാപ്തതയും കൂടുതല്‍ സൗകര്യമൊരുക്കണമെന്നും സമീപകാലത്ത് ആദ്യമായാണ് സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍ എടുത്തുപറയുന്നത്. മലബാര്‍ മേഖലയില്‍ ഉന്നത പഠനത്തിന് അഭിമുഖീകരിക്കുന്ന പ്രശ്നം നേരിടാന്‍ വ്യക്തമായ പദ്ധതി അന്തിമ റിപ്പോര്‍ട്ടില്‍ സമര്‍പ്പിക്കുമെന്നും പറയുന്നു. സംസ്ഥാനത്ത് ജി.ഇ.ആര്‍ ഉയര്‍ത്താന്‍ ഉന്നത പഠനത്തിനുള്ള അവസരങ്ങളിലെ പ്രാദേശിക അസമത്വങ്ങള്‍ പരിഹരിക്കണം.

പഴയ കൊച്ചിയെയും തിരുവിതാംകൂറിനെയും അപേക്ഷിച്ച്‌ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മലബാര്‍ വ്യക്തമായ പിന്നാക്കാവസ്ഥ നേരിടുന്നു. 2011ലെ ജനസംഖ്യപ്രകാരം 1,35,619 പേര്‍ക്ക് തിരുവിതാംകൂറില്‍ ഒരു കോളജ് എന്ന ക്രമത്തിലുണ്ട്. കൊച്ചിയില്‍ 1,35,961 പേര്‍ക്ക് ഒരു കോളജുണ്ട്. എന്നാല്‍, മലബാറില്‍ 1,85,521 പേര്‍ക്കാണ് ഒരു കോളജ്. സംസ്ഥാന ശരാശരിക്കും (1,53,860 പേര്‍ക്ക് ഒരു കോളജ്) താഴെയാണ് മലബാറിലെ സൗകര്യം. തിരുവിതാംകൂറിലും കൊച്ചിയിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രൈവറ്റ് എയ്ഡഡ് കോളജുകള്‍ പ്രധാന പങ്ക് വഹിക്കുമ്ബോള്‍ മലബാറില്‍ ഇതു പ്രധാനമായും സര്‍ക്കാര്‍ കോളജുകളുടെ വളര്‍ച്ചയെ ആശ്രയിച്ചാണിരിക്കുന്നത്.മലബാറിനകത്തും കോളജുകളുടെ വ്യാപനത്തില്‍ വലിയ വ്യത്യാസമുണ്ട്.

കാസര്‍കോട് ജില്ലയാണ് ജനസംഖ്യാടിസ്ഥാനത്തില്‍ കോളജ് പഠന സൗകര്യം ഏറ്റവും കുറഞ്ഞ ജില്ല. മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നില്‍. കാസര്‍കോട്ട് 2,17,100 പേര്‍ക്കാണ് ഒരു കോളജുള്ളത്. മൊത്തം എന്‍റോള്‍മെന്‍റ് അനുപാതം ഉയരണമെങ്കില്‍ അതോടൊപ്പം മേഖല തലത്തിലുള്ള അവസര ലഭ്യതയും ഉയരണമെന്നും കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.എസ്.സി, എസ്.ടി ആണ്‍കുട്ടികളുടെ എന്‍റോള്‍മെന്‍റ് അനുപാതത്തിലുള്ള കുറവും കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ചേരാത്ത ഈ വിഭാഗങ്ങളിലെ കുട്ടികളെ അതിനു പ്രേരിപ്പിക്കാന്‍ ഹോസ്റ്റല്‍, ട്യൂഷന്‍ ഫീസുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കമീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്

0 comments: