2022, ജൂലൈ 10, ഞായറാഴ്‌ച

തൊഴിലന്വേഷണം എങ്ങനെ ആയിരിക്കണം? തയ്യാറെടുക്കേണ്ടത് എങ്ങനെ?

 

മികച്ച ജോലി ലഭിക്കാൻ പല കാര്യങ്ങളും ചെയ്യാനാകും. ഇനിയങ്ങോട്ടുള്ള തൊഴിലന്വേഷണങ്ങൾ എങ്ങനെ ആയിരിക്കണം? തൊഴിലന്വേഷകർക്ക് എന്തൊക്കെ കഴിവുകൾ വേണം? അവർ എങ്ങനെ തയ്യാറെടുക്കണം? അതേക്കുറിച്ച് കൂടുതലറിയാം.

നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും നിങ്ങളുടെ ലക്ഷ്യമെന്താണെന്നും ഒരു പേപ്പറിൽ വ്യക്തമായി എഴുതി വെയ്ക്കുക. ഇത് ഏറ്റവും പ്രധാനപ്പെട്ട ഒരു സ്റ്റെപ്പ് ആണ്. നിങ്ങളെക്കുറിച്ച് കമ്പനിയോട് എങ്ങനെ പറയാൻ ആഗ്രഹിക്കുന്നു, നിങ്ങൾ എങ്ങനെ കമ്പനിയെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം ആ ലിസ്റ്റിൽ ഉണ്ടായിരിക്കണം.

ഈ പേപ്പറിൽ എഴുതി വെയ്ക്കുന്നതെല്ലാം നിങ്ങളെത്തന്നെ സ്വയം പ്രകടിപ്പിക്കുന്ന കാര്യങ്ങളാണെന്ന് ഓർക്കണം. സ്വയം അവതരിപ്പിക്കുന്ന തരത്തിൽ ഒരു റെസ്യൂമെ തയ്യാറാക്കുക എന്നതാണ് അടുത്ത ഘട്ടം. ഇതിൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുരുക്കി ഉൾക്കൊള്ളിക്കണം.

റെസ്യൂമെയെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാം. എന്നാൽ ഒറ്റ പേജിൽ വിവരങ്ങളെല്ലാം ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക. നിങ്ങളുടെ കഴിവുകൾ, വൈദഗ്ധ്യം, കാഴ്ചപ്പാട് എന്നിവ ഹൈലൈറ്റ് ചെയ്യുക. വ്യത്യസ്ത കമ്പനികൾക്കായി വ്യത്യസ്ത തരത്തിലുള്ള റെസ്യൂമേകൾ ഉണ്ടാക്കുന്നതും നല്ലതാണ്.

നിങ്ങളുടെ ബയോഡാറ്റ താഴെപ്പറയുന്ന വിധത്തിൽ മൂന്ന് ഭാഗങ്ങളായി വിഭജിക്കാം.

1. നിങ്ങളുടെ അനുഭവ സമ്പത്തും നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും ഉൾക്കൊള്ളിച്ച് സ്വയം പരിചയപ്പെടുത്തുക.

2. നിങ്ങളുടെ വൈദഗ്ധ്യവും സോഫ്റ്റ് സ്കില്ലുകളും പരിചയപ്പെടുത്തുക

3. പാഠ്യേതര പ്രവർത്തനങ്ങളിലുള്ള കഴിവിനെക്കുറിച്ച് സംസാരിക്കുക

മിക്ക തൊഴിലന്വേഷകരും ഉപയോഗിക്കാത്തൊരു കാര്യമാണ് നെറ്റ്‌വർക്കിംഗ് (networking). നിങ്ങളുടെ അതേ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി ബന്ധം സ്ഥാപിക്കുക. ആശയവിനിമയം ചെയ്യാനുള്ള നിങ്ങളുടെ കഴിവുകൾ വളർത്തുന്നതിനും അതുവഴി നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും നിങ്ങൾ സ്വയം ശ്രമിക്കണം. നിങ്ങൾ ലക്ഷ്യം വെയ്ക്കുന്ന കമ്പനികളിലൊക്കെ എന്താണ് സംഭവിക്കുന്നതെന്നും നിങ്ങൾക്ക് എങ്ങനെ അവിടെ ജോലി കണ്ടെത്താമെന്നും അറിയാനായി ജോബ് പോർട്ടലുകളിലും നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും ഒരു നല്ല പ്രൊഫൈൽ ഉണ്ടാക്കുകയും വേണം.

തൊഴിലന്വേഷകർക്ക് അവർ ലക്ഷ്യം വെയ്ക്കുന്ന കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ നിരവധി മാർ​ഗങ്ങളുണ്ട്. അവിടെ ജോലി ചെയ്യുന്നവരെയും മുൻ ജീവനക്കാരെയുമൊക്കെ അവർക്ക് ബന്ധപ്പെടാനാകും. കമ്പനിയെക്കുറിച്ചും അതിന്റെ ഉടമസ്ഥതയെക്കുറിച്ചും അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചുമെല്ലാം പഠിക്കാം. ഒരു വ്യക്തിയുടെ ചിന്തകളും മനോഭാവങ്ങളുമെല്ലാം അവസരങ്ങൾ ലഭിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. എന്താണ് താൻ ലക്ഷ്യം വെയ്ക്കുന്നത് എന്നതിനെക്കുറിച്ചുള്ള തികഞ്ഞ ബോധ്യം തൊഴിലന്വേഷകന് ഉണ്ടായിരിക്കണം. 

ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പല കമ്പനികളും പേപ്പറിൽ എഴുതി വെച്ചിരിക്കുന്ന അനുഭവ സമ്പത്ത് നോക്കിയല്ല നിയമിക്കുന്നത്. അത്തരം റോളുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിൽ ഒരു ഉദ്യോ​ഗാർത്ഥിയുടെ മനോഭാവവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒരു ഉദ്യോഗാർത്ഥി തങ്ങളുടെ അനുഭവസമ്പത്തും വ്യക്തിത്വത്തെയും അടിസ്ഥാനമാക്കിയാണ് ഒരു ജോലിക്ക് അപേക്ഷിക്കുന്നത്. എന്നാൽ റെസ്യൂമേയിൽ എഴുതി വെച്ചിരിക്കുന്ന കാര്യങ്ങൾ മാത്രമാകില്ല നിയമനത്തിന്റെ മാനദണ്ഡം. ഒരു ഉദ്യോഗാർഥിയുടെ വ്യക്തിത്വം, മനോഭാവം, ജോലിയോടുള്ള സമീപനം എന്നിവയെല്ലാം നിയമനത്തെ സ്വാധീനിക്കും.

0 comments: