2022, ജൂലൈ 10, ഞായറാഴ്‌ച

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റുകള്‍: സര്‍ക്കാര്‍ കണക്ക് വാസ്തവ വിരുദ്ധമെന്ന് മലബാര്‍ എജുക്കേഷന്‍ മൂവ്മെന്‍റ്

 

ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തതയില്ലെന്ന് സമര്‍ഥിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ നല്‍കിയ കണക്കുകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മലബാര്‍ എജുക്കേഷന്‍ മൂവ്മെന്‍റ് പ്രവര്‍ത്തകര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയില്‍ നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി വിജയിച്ചവരുടെ എണ്ണം 77691 ആണ്. നിലവില്‍ ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 173 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളാണുള്ളത്. ഇവയില്‍ 839 ബാച്ചുകള്‍ ഉണ്ട്. ഒരു ബാച്ചില്‍ 50 കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കേണ്ടത്. ഈ കണക്കില്‍ 41,950 സ്ഥിരം പ്ലസ് വണ്‍ സീറ്റുകളാണ് ജില്ലക്കുള്ളത്. 30 ശതമാനം മാര്‍ജിനില്‍ വര്‍ധന നടത്തിയാല്‍ ഒരു ക്ലാസില്‍ 65 കുട്ടികള്‍ എന്ന കണക്കില്‍ 54,535 സീറ്റാണ് ലഭിക്കുക. 30 താല്‍ക്കാലിക ബാച്ചുകളാണ് കഴിഞ്ഞ വര്‍ഷം ജില്ലക്ക് അനുവദിച്ചത്. പുനര്‍വിന്യാസത്തിലൂടെ അധികമായി ലഭിച്ച ഒരു ബാച്ചും കൂട്ടിയാല്‍ ആകെ 31 ബാച്ചുകള്‍.

ക്ലാസില്‍ 65 കുട്ടികള്‍ എന്ന കണക്കില്‍ 31 ബാച്ചുകളിലായി 56,550 സീറ്റുകള്‍ മാത്രമാണുണ്ടാവുക. എല്ലാ ക്ലാസിലും 65 കുട്ടികളെ കുത്തിനിറച്ചാല്‍ മാത്രമേ ഇത്രയും സീറ്റുകള്‍ ലഭിക്കൂവെന്നും മലബാര്‍ എജ്യുക്കേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഈ കണക്ക് എടുത്താല്‍ പോലും 21,141 കുട്ടികള്‍ പുറത്താകുമെന്ന വസ്തുത നിലനില്‍ക്കെയാണ് മന്ത്രി നിയമസഭയില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസ്താവിച്ചതെന്നും അവര്‍ പറഞ്ഞു.

അണ്‍ എയ്ഡഡ് സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഈ കണക്കുകള്‍ കാണിച്ചിരിക്കുന്നതെന്ന് സംഘടന ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വി.എച്ച്‌.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് സീറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടും 17891 പേര്‍ പുറത്തുനില്‍ക്കുമ്ബോഴാണ് വിദ്യാഭ്യാസമന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന കണക്ക് അവതരിപ്പിച്ചത്.

പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്ബ് സംവരണ സീറ്റുകളില്‍ വരുന്ന ഒഴിവുകള്‍ പെരുപ്പിച്ച്‌ ജില്ലയില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നെന്ന പ്രചാരണം ചില മാധ്യമങ്ങള്‍ നടത്തുന്നതായും ജനറല്‍ സെക്രട്ടറി ഒ. അക്ഷയ്കുമാര്‍, വൈസ് ചെയര്‍മാന്‍ പ്രഫ. അബ്ദുല്‍നാസര്‍ കുനിയില്‍, ട്രഷറര്‍ അനസ് ബിച്ചു എന്നിവര്‍ പറഞ്ഞു.


0 comments: