2022, ജൂലൈ 3, ഞായറാഴ്‌ച

കീം എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ നാളെ ;ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ

 


കേരളത്തിലെ എൻജിനിയറിങ്/ഫാർമസി പ്രവേശനപരീക്ഷകൾ ജൂലായ് നാലിന് നടക്കുകയാണ്. തയ്യാറെടുപ്പിന്റെ അന്തിമഘട്ടത്തിലാണ് വിദ്യാർഥികൾ. പ്ലസ് ടു പരീക്ഷാഘടനയിൽ നിന്ന്‌ തികച്ചും വ്യത്യസ്തമാണ് പ്രവേശനപരീക്ഷകൾ.

അനുയോജ്യമായ ഉത്തരം

 യോഗ്യതാപരീക്ഷയ്ക്കു പാലിച്ച രീതികൾ പ്രവേശനപരീക്ഷകൾക്ക് ഒരിക്കലും അനുയോജ്യമാകില്ല. പൊതുവേ വിവരണാത്മകരീതിയിൽ ഉത്തരംനൽകേണ്ട യോഗ്യതാപരീക്ഷാ രീതിയിൽനിന്നും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിലൂടെ നൽകിയിട്ടുള്ള ഉത്തരങ്ങളിൽനിന്നും ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തുന്ന രീതിയാണ് പ്രവേശനപരീക്ഷകളിലുള്ളത്. അതായത്, ശരിയുത്തരത്തെക്കാൾ ഏറ്റവും അനുയോജ്യമായ ഉത്തരമാണ്  രേഖപ്പെടുത്തേണ്ടത്. എല്ലാ ഓപ്ഷൻസും (കീമിൽ അഞ്ച് ഓപ്ഷനുകളാണ് ഒരു ചോദ്യത്തിനുനേരെ ഉണ്ടാവുക) പരിശോധിച്ചശേഷമേ ഏറ്റവും അനുയോജ്യമായ ഉത്തരം ഒ.എം.ആർ. ഷീറ്റിൽ രേഖപ്പെടുത്താവൂ.

നെഗറ്റീവ് മാർക്ക് 

ഒ.എം.ആർ. രീതിയായതിനാൽ, ഒരിക്കൽ രേഖപ്പെടുത്തുന്ന ഉത്തരം പിന്നീട് മാറ്റാൻകഴിയില്ല. രേഖപ്പെടുത്തുന്ന ഉത്തരം തെറ്റാണെങ്കിൽ  മാർക്ക് നഷ്ടപ്പെടും. ഉത്തരം ഉറപ്പാണെങ്കിൽമാത്രം രേഖപ്പെടുത്തുക. ഊഹിച്ച് ഉത്തരങ്ങൾ രേഖപ്പെടുത്തിയാൽ തെറ്റാകാൻ സാധ്യതയുണ്ട്. ശരിയുത്തരങ്ങൾ നൽകിയതുവഴി നേടിയ മാർക്ക് നെഗറ്റീവ് മാർക്കുകളിൽകൂടി നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം.

പരീക്ഷാസമയം 

സമയം ഫലപ്രദമായി ഉപയോഗിക്കണം. ഓരോ പേപ്പറിനും രണ്ടരമണിക്കൂറാണ്. 120 ചോദ്യങ്ങളുള്ളതിനാൽ ഒരു ചോദ്യത്തിന്മേൽ ശരാശരി 75 സെക്കൻഡ്‌ ചെലവഴിക്കാം. ചോദ്യം വായിച്ച്, ഓപ്ഷൻസ് പരിശോധിച്ച്, ഉത്തരം നിശ്ചയിച്ച്, രേഖപ്പെടുത്താൻ ചെലവഴിക്കാവുന്ന സമയമാണിത്. ലളിതമായ ചോദ്യങ്ങൾക്ക് ഇത്രയും സമയം വേണ്ടിവരില്ല. അവിടെ ലാഭിക്കുന്ന സമയം കഠിനമായ ചോദ്യങ്ങൾക്ക് നീക്കിവെക്കുക. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടതിനാൽ ചോദ്യപ്പേപ്പർ മൊത്തം വായിച്ച് സമയം കളയാതിരിക്കുന്നതാണ് നല്ലത്. ആദ്യറൗണ്ടിൽ ലളിതമായ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാം. തുടർന്ന് ശരാശരി, കഠിനം, അതികഠിനം (ഉണ്ടെങ്കിൽ) എന്നക്രമത്തിൽ 3/4 റൗണ്ടുകളിലായി ഉത്തരം നൽകുക.

ഏതെങ്കിലും ചോദ്യം വിട്ട് അടുത്ത ചോദ്യത്തിന്റെ ഉത്തരം രേഖപ്പെടുത്തുമ്പോൾ ശരിയായ ചോദ്യനമ്പറിന് നേരെയാണ് ഉത്തരം രേഖപ്പെടുത്തുന്നത് എന്ന് ഉറപ്പാക്കുക. ഒരു ചോദ്യത്തിന്മേലും അധികസമയം ചെലവഴിക്കാതിരിക്കുക. ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടുതോന്നുന്നപക്ഷം ആ ചോദ്യം തത്കാലം ഒഴിവാക്കി അടുത്തതിലേക്കു പോകുക. പിന്നീട് സമയംകിട്ടുന്നപക്ഷം അതിലേക്ക് തിരികെവരാം.

കേരള എൻജിനിയറിങ് പ്രവേശനപരീക്ഷയുടെ ആദ്യ പേപ്പറിൽ (ഇത് ഫാർമസി പ്രവേശനത്തിനുമുള്ള പരീക്ഷകൂടിയാണ്) ഫിസിക്സിൽനിന്ന്‌ 72 ചോദ്യങ്ങളും കെമിസ്ട്രിയിൽനിന്ന്‌ 48 ചോദ്യങ്ങളുമാണ് ചോദിക്കുക. രണ്ടുവിഷയങ്ങളിലും തത്ത്വങ്ങളുമായും ആശയങ്ങളുമായും ബന്ധപ്പെട്ട നേരിട്ടുള്ള ചോദ്യങ്ങൾ, അവ ഉപയോഗിച്ച്, ക്രിയചെയ്ത് ഉത്തരം കണ്ടെത്തേണ്ടവ (കൂടുതലും ഫിസിക്സിൽ), സൂത്രവാക്യങ്ങൾ, ചിത്രങ്ങൾ അടിസ്ഥാനമാക്കിയുള്ളവ, ജോടി കണ്ടെത്തൽ,തുടങ്ങിയ രീതികളിലെ ചോദ്യങ്ങൾ എന്നിവയൊക്കെ പ്രതീക്ഷിക്കാം. രണ്ടാംപേപ്പറായ മാത്തമാറ്റിക്സിൽ 120 ചോദ്യങ്ങളാണുണ്ടാവുക. ക്രിയചെയ്ത് ഉത്തരംകണ്ടെത്തേണ്ട ചോദ്യങ്ങളായിരിക്കും കൂടുതലും. തത്ത്വങ്ങൾ, സൂത്രവാക്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. കീമിന്റെ മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ www.cee-kerala.org-ൽ ഉണ്ട്. അതും പരിശോധിക്കുക. 

മാത്തമാറ്റിക്സിന് പ്രാധാന്യം

മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി ചോദ്യ അനുപാതം 5:3:2 ആയതിനാൽ മാത്തമാറ്റിക്സിനു തന്നെയാണ് കീമിൽ കൂടുതൽ പ്രാധാന്യംനൽകേണ്ടത്. ക്രിയചെയ്യുമ്പോൾ തെറ്റുകൾ വരുത്താതിരിക്കാൻ ശ്രദ്ധിക്കുക. മാത്തമാറ്റിക്സ്, ഫിസിക്സ് ഭാഗങ്ങളിലെ സ്കോറാകും അന്തിമസ്കോറിൽ നിർണായകമാവുക. അവസാനനിമിഷം പുതിയ പാഠഭാഗങ്ങൾ പാഠഭാഗങ്ങൾ പഠിക്കാതിരിക്കുകയാണ് നല്ലത്. അതുവരെ പഠിച്ച ഭാഗങ്ങൾ ആവുന്നത്ര റിവൈസ് ചെയ്യുക.

കെമിസ്ട്രിയിൽ പരമാവധി മാർക്ക് 

ഫാർമസി റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ എൻട്രൻസ് പരീക്ഷയിൽ കെമിസ്ട്രി ഭാഗത്തിനു കിട്ടുന്ന മാർക്ക് കൂടുതൽ വെയ്റ്റേജ് നൽകി പുനഃക്രമീകരിക്കുമെന്നതിനാൽ ഫാർമസി പ്രവേശനം തേടുന്നവർ കെമിസ്ട്രിയിൽ പരമാവധി മാർക്കുനേടാൻ ശ്രമിക്കണം. ജെ.ഇ.ഇ. ആദ്യ സെഷൻ പരീക്ഷ അഭിമുഖീകരിച്ചവർ ആ പരീക്ഷയിലെ ഘടനയല്ല കീമിൽ എന്ന് മനസ്സിലാക്കുക. ജെ.ഇ.ഇ. മെയിൻ ഒന്നാംപേപ്പറിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് തുല്യ വെയ്റ്റേജാണ്  നൽകിയിരിക്കുന്നത്. ചെറിയതോതിൽ ചോയ്സ് ഉണ്ട്. പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായിരുന്നു. ഈ ഘടനയല്ല കീമിനുള്ളത്. 

പരീക്ഷാകേന്ദ്രം

പരീക്ഷാകേന്ദ്രം പരിചയമില്ലെങ്കിൽ മുൻകൂട്ടി കണ്ടെത്തണം. അവിടെയെത്താനുള്ള വഴികൾ മനസ്സിലാക്കിവെക്കുക. തലേദിവസം അവിടം സന്ദർശിക്കുന്നതുപോലും ആലോചിക്കാം. പരീക്ഷാഹാളിലേക്കു കൊണ്ടുപോകാവുന്ന സാമഗ്രികൾ-അഡ്മിറ്റ് കാർഡ് ഉൾപ്പെടെ അനുവദിച്ചവ മാത്രം-തലേദിവസംതന്നെ തന്നെ തയ്യാറാക്കി വെക്കുക. നീല/കറുപ്പ് മഷിയുള്ള ബോൾപോയൻറ് പേന കൊണ്ടുപോകണം. തലേദിവസം നന്നായി ഉറങ്ങാൻ ശ്രദ്ധിക്കുക.

പരീക്ഷതുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പെങ്കിലും കേന്ദ്രത്തിലെത്തുക. പരീക്ഷതുടങ്ങി അരമണിക്കൂർവരെ എത്തുന്നവരെ പരീക്ഷയെഴുതാൻ അനുവദിക്കുമെങ്കിലും ആ ഇളവ് ഉപയോഗിക്കാതിരിക്കുക. പരീക്ഷാസമയമായ രണ്ടരമണിക്കൂറിൽനിന്ന്‌ 30 മിനിറ്റ് നഷ്ടപ്പെടുത്താനുള്ള സാഹചര്യം ഒഴിവാക്കണം. ആദ്യ പേപ്പർ കഴിയുമ്പോൾ അതേപ്പറ്റി തത്കാലം മറന്നേക്കുക. ഉച്ചയ്ക്കുനടക്കുന്ന രണ്ടാം പേപ്പറിനെപ്പറ്റി മാത്രം ചിന്തിക്കുക. ലഭിക്കുന്ന ചോദ്യ ലഘുപുസ്തകത്തിന്റെ വെർഷൻ കോഡ് തന്റെ റോൾനമ്പറിന്അനുസൃതമായതാണെന്ന് ഉറപ്പാക്കണം. എല്ലാ പേജുകളും ഉണ്ടെന്നും ഉറപ്പുവരുത്തണം. അപാകമുള്ളപക്ഷം അത് മാറ്റി ശരിയായത് വാങ്ങുക.പരീക്ഷകൾ കഴിഞ്ഞ് ഉത്തരസൂചികകൾ പ്രസിദ്ധപ്പെടുത്തുമ്പോൾ അത് പരിശോധിക്കുക. അതിന്മേൽ ആക്ഷേപങ്ങളുണ്ടെങ്കിൽ നിശ്ചിത ഫീസ് അടച്ച് പരാതിപ്പെടാം.

0 comments: