2022, ജൂലൈ 29, വെള്ളിയാഴ്‌ച

വിദ്യാഭ്യാസ വായ്പയെ കുറിച്ച് അറിയേണ്ടതെല്ലാം

 


ഉന്നതവിദ്യാഭ്യാസത്തിനു സാമ്പത്തികസ്ഥിതി വിലങ്ങുതടിയാകുന്ന വിദ്യാർഥികൾക്ക് ഒരു പരിധിവരെ വിദ്യാഭ്യാസ വായ്പ ആശ്വാസമാണ്. 

ഇന്ത്യയിൽ 40 ലക്ഷം രൂപ വരെ

ഇന്ത്യയുടെ ഏതു ഭാഗത്തു പഠിക്കുന്നതിനും വിദ്യാഭ്യാസവായ്പ ലഭിക്കും. ഇതിനായി ജൻസമർധ്  പോർട്ടലിൽ  റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്യുമ്പോൾ അടുത്തുള്ള 3 ബാങ്കുകൾ സിലക്ട് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ഇന്ത്യയിൽ പഠിക്കാൻ 40 ലക്ഷം രൂപ വരെ ലഭിക്കും. 4.5 ലക്ഷത്തിനു താഴെ വരുമാനമുള്ളവർ 7.5 ലക്ഷം രൂപ വരെ വായ്പ എടുക്കുമ്പോൾ സർക്കാർ സബ്സിഡി ലഭിക്കും. ഇതിന് ഈട് ആവശ്യമില്ല.

വിദ്യാർഥിക്ക് അംഗീകൃത സ്ഥാപനങ്ങളിലെ അംഗീകൃത കോഴ്സുകളിൽ മെറിറ്റിൽ അഡ്മിഷൻ ലഭിക്കണം. മാനേജ്മെന്റ് സീറ്റിലാണു പഠിക്കുന്നതെങ്കിൽ എൻട്രൻസ് പരീക്ഷാ സ്കോർ കൂടി പരിഗണിക്കും. ഒരു തവണ വായ്പ എടുത്ത വ്യക്തിക്ക് അതു നിലനിർത്തിക്കൊണ്ടു തന്നെ മറ്റൊരു വായ്പ കൂടി എടുക്കാം. അതായത് ‍ഡിഗ്രിക്ക് വായ്പയെടുത്തു പഠിച്ച വിദ്യാർഥിക്കു പിജിക്കു പഠിക്കാനായി വീണ്ടും വായ്പയ്ക്ക് അപേക്ഷിക്കാം.

വിദേശത്ത് പഠിക്കാൻ 1.5 കോടി വരെ

വിദേശ സർവകലാശാലകളിൽ പഠിക്കാൻ 1.5 കോടി വരെ ലഭിക്കും. ഇതിൽ 7.5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ഈട് ആവശ്യമില്ല. എങ്കിലും മാതാപിതാക്കളുടെ സിബിൽ സ്കോർ നോക്കും.നിങ്ങളുടെ വായ്പ യോഗ്യത സൂചിപ്പിക്കുന്ന മൂന്നക്ക നമ്പറാണ് സിബിൽ സ്കോർ. ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് എന്നും ഇവ അറിയപ്പെടുന്നു.  ഈ സ്കോർ പരിശോധിച്ചാണു നിങ്ങൾ വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന വ്യക്തിയാണോയെന്നു ബാങ്ക് മനസ്സിലാക്കുന്നത്. മാതാപിതാക്കളുടെ സിബിൽ സ്കോറിൽ പ്രശ്നമുണ്ടെങ്കിൽ മൂന്നാമത് ഒരാളെ ( തേഡ് പാർട്ടി) ജാമ്യക്കാരനായി വയ്ക്കാം. ഈ വ്യക്തി എന്തെങ്കിലും തരത്തിൽ ആസ്തിയുള്ള ആളായിരിക്കണം.

7.5 ലക്ഷം രൂപയ്ക്കു മുകളിൽ വേണ്ടവർക്ക് ആവശ്യമുള്ള തുകയ്ക്ക് തത്തുല്യമായ കൃഷിഭൂമി ഒഴികെ, വീടോ സ്ഥലമോ പോലുള്ള വസ്തു ഈടു നൽകണം. ഈ സ്കീമുകൾ ഓരോ ബാങ്കിനും വ്യത്യസ്തമാണ്.  പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ്, യൂണിവേഴ്സിറ്റി, അവിടെ നിന്നു ലഭിച്ചിട്ടുള്ള സ്കോളർഷിപ്, ഓരോ സെമസ്റ്ററുകളുടെയും ഫീസ് തുടങ്ങിയ രേഖകളും നൽകണം. 

പലിശ, പ്രോസസിങ് ഫീസ് 

പലിശനിരക്ക് ബാങ്കുകൾക്ക് അനുസരിച്ചു മാറും. 7.5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 9.55% ആണ് എസ്ബിഐയിൽ പലിശ. ഇതിൽ ബാങ്ക് നൽകുന്ന ഇൻഷുറൻസ് എടുക്കുകയാണെങ്കിൽ 0.5% പലിശയിളവു  ലഭിക്കും. കൂടാതെ, പെൺകുട്ടികൾക്ക് 0.5% ഇളവും ലഭിക്കും. ചില ബാങ്കുകൾ 4 ലക്ഷം രൂപ മുതലുള്ള വായ്പയ്ക്കു ജാമ്യക്കാരൻ വേണമെന്ന് ആവശ്യപ്പെടാറുണ്ട്. വിദേശത്തു പഠിക്കാൻ പ്രോസസിങ് ഫീസ് ഉണ്ട് .ചില ബാങ്കുകൾ മാതാപിതാക്കളുടെ തിരിച്ചടവുശേഷിയും പരിഗണിക്കും. 

എന്തൊക്കെ രേഖകൾ 

  • അഡ്മിഷൻ ലഭിച്ചതിന്റ തെളിവ് 
  • കോളജിന്റെയും കോഴ്സിന്റെയും അംഗീകാരം സംബന്ധിച്ച രേഖകൾ  
  • വിദ്യാർഥിയുടെയും രക്ഷിതാക്കളുടെയും കെവൈസി ഐഡി പ്രൂഫുകൾ എല്ലാം വേണം. ആധാർ, പാൻകാർഡ് നിർബന്ധം.
  • 10, പ്ലസ്ടു തുടങ്ങിയ പരീക്ഷകളിലെ മാർക്ക്‌ലിസ്റ്റ് കോപ്പി 
  • വിദ്യാർഥിയുടെ ഫോട്ടോ

എപ്പോൾ തിരിച്ചടയ്ക്കണം? 

കോഴ്സ് പൂർത്തിയാക്കി 12 മാസമോ ജോലി ലഭിച്ച് 6 മാസമോ ഇതിൽ ഏതാണോ ആദ്യം വരുന്നത് എന്നു കണക്കാക്കിയാണു തിരിച്ചടച്ചു തുടങ്ങേണ്ടത്. ജോലി ലഭിക്കാത്തവർക്കു കോഴ്സ് കഴിഞ്ഞ് ഒരു വർഷം മൊറട്ടോറിയം ലഭിക്കും.അതിനു ശേഷം തിരിച്ചടവ് ആരംഭിച്ചാൽ മതി. വായ്പയും പലിശയും ചേർത്ത് ഇൻസ്റ്റാൾമെന്റ് ആയാണു തിരിച്ചടയ്ക്കേണ്ടത്. ഇതിന് 15 വർഷം വരെ സാവകാശം ലഭിക്കും.

വേറെയും വായ്പകൾ 

ഐഐടി, ഐഐഎം, എൻഐടി പോലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു ക്യാംപസിൽ തന്നെ ലോൺ ലഭിക്കും. സ്കോളർ ലോൺ എന്നാണ് ഇതറിയപ്പെടുന്നത്. ഈടും പ്രോസസിങ് ഫീസും ഇല്ലാതെ 40 ലക്ഷം രൂപവരെ കിട്ടും. കോഴ്സ് കഴിയുമ്പോൾ വിദ്യാർഥി തിരഞ്ഞെടുക്കുന്ന ബ്രാഞ്ചിലേക്ക് (ജോലി ചെയ്യുന്നിടത്തോ, ഹോം ബ്രാ‍ഞ്ചിലോ) വായ്പ ട്രാൻസ്ഫർ ചെയ്തു നൽകും. ഈ സ്കീമുകൾ എല്ലാ ബാങ്കുകളിലും ലഭ്യമാണ്. ...

പഠനം മുടങ്ങിയാൽ

വായ്പയെടുത്തു പഠിക്കുന്ന വിദ്യാർഥിക്കു കോഴ്സിൽ ബ്രേക്ക് എടുക്കേണ്ടി വന്നാൽ ബാങ്കുമായി ബന്ധപ്പെട്ടു കത്തു നൽകണം. എത്ര നാൾ കഴിഞ്ഞാണോ വീണ്ടും പഠനം തുടരുന്നത് അതും ബാങ്കിനെ അറിയിക്കുക .ഇനി കോഴ്സ് നിർത്തുകയാണെങ്കിൽ വായ്പ അവസാനിപ്പിച്ചു തിരിച്ചടയ്ക്കണം. കോഴ്സിൽ പരാജയപ്പെട്ട് ഇയർബാക് വന്നാലും പഠനം കഴിഞ്ഞു ജോലി ലഭിച്ചില്ലെങ്കിലും നിശ്ചിത സമയത്തിനകം തന്നെ തിരിച്ചടയ്ക്കണം. ഓരോ വർഷ ത്തെയും മാർക്ക്‌ലിസ്റ്റ് കോപ്പിയും ഫീസടച്ചതിന്റെ രസീതിന്റെ കോപ്പിയും ബാങ്കിൽ നൽകണമെന്നും നിബന്ധനയുണ്ട് .

എത്ര കിട്ടും? 

ആവശ്യപ്പെടുന്ന മുഴുവൻ തുകയും ലഭിക്കണമെന്നില്ല. സർക്കാർ അംഗീകൃത ഫീസിന് ആനുപാതികമായി മാത്രമേ വായ്പ അനുവദിക്കൂ. വിദേശപഠനത്തിന് 15% മാർജിൻ മാതാപിതാക്കളോട് ഇടാൻ ബാങ്കുകൾ ആവശ്യപ്പെടാറുണ്ട്.

അഡ്മിഷൻ സമയത്ത്
 
 അഡ്മിഷൻ ലഭിച്ചു, എന്നാൽ ബാങ്കിൽ നിന്നു ലോൺ ലഭിക്കാൻ സമയമെടുത്തു–  ഇത്തരം സാഹചര്യത്തിൽ ക യ്യിൽ നിന്നു കാശുകൊടുത്ത് പ്രവേശനം നേടിയ ശേഷം 6 മാസത്തിനുള്ളിൽ രക്ഷിതാവ് ബാങ്കിനെ സമീപിച്ചാൽ ആ തുക തിരികെ ലഭിക്കും. 6 മാസത്തിനു ശേഷമാണെങ്കിലും ബാങ്ക് മാനേജർ കൺവിൻസിങ് ലെറ്റർ നൽകിയാൽ തുക നൽകാറുണ്ട്. 

0 comments: