2022, ജൂലൈ 22, വെള്ളിയാഴ്‌ച

18,000 വിദ്യാർത്ഥികൾക്ക് ഓട്ടോമോട്ടീവ് ജോലികളിൽ പരിശീലനം നൽകാൻ ഒരുങ്ങി NSDCയും ടൊയോട്ടയും

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോർ (Toyota Kirloskar Motor), ഓട്ടോമോട്ടീവ സ്‌കില്‍ ഡെവലപ്മെന്റ് കൗണ്‍സിൽ (NSDC) എന്നിവയുമായി ചേര്‍ന്ന് നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍എസ്ഡിസി) മൂന്ന് വര്‍ഷത്തിനുള്ളില്‍ 18,000 വിദ്യാര്‍ത്ഥികൾക്ക് വിവിധ ഓട്ടോമോട്ടീവ് ജോലികളിൽ  പരിശീലനം നൽകും.വിദ്യാര്‍ത്ഥികള്‍ക്ക് ജനറല്‍ ടെക്‌നീഷ്യന്‍, ബോഡി ആന്‍ഡ് പെയിന്റ് ടെക്‌നീഷ്യന്‍, സര്‍വീസ് അഡ്വൈസര്‍, സെയില്‍സ് കണ്‍സള്‍ട്ടന്റുകള്‍, കോള്‍ സെന്റര്‍ സ്റ്റാഫ് തുടങ്ങി അഞ്ച് മേഖലകളിലാണ് പരിശീലനം നല്‍കുക.

ടൊയോട്ട ടെക്നിക്കല്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിലൂടെ (T-TEP) വിദ്യാര്‍ത്ഥികളെ തൊഴിലിന് യോഗ്യരാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ കഴിവുറ്റതും സാങ്കേതിക നൈപുണ്യവുമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 21 സംസ്ഥാനങ്ങളിലായി 56 ഐടിഐ, പോളിടെക്‌നിക് കോളേജുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്‍എസ്ഡിസി പറഞ്ഞു.

നിലവില്‍ 10,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടിയിട്ടുണ്ടെന്നും ഇതില്‍ 70 ശതമാനം വിദ്യാര്‍ത്ഥികള്‍ വിവിധ ഓട്ടോമൊബൈല്‍ കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ടെന്നും എന്‍എസ്ഡിസി വ്യക്തമാക്കി.പദ്ധതിയുടെ ഭാഗമായി എഎസ്ഡിസി അതിന്റെ ആവശ്യകതകള്‍ക്കനുസരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുകയും ഏറ്റവും പുതിയ പാഠ്യപദ്ധതിയിലൂടെ ടൊയോട്ട ഇന്‍സ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കുകയും ചെയ്യും.

കൂടാതെ, കമ്പനിക്ക് ഇ-ലേണിംഗ് ഉള്ളടക്കങ്ങള്‍, എഞ്ചിനുകള്‍, ട്രാന്‍സ്മിഷനുകള്‍, പ്രാക്ടീസ് കിറ്റുകള്‍ എന്നിവ നല്‍കുകയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. ഇതിന് പുറമെ, എഎസ്ഡിസി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ പരിശീലനം ഉറപ്പാക്കുന്നതിനും കമ്പനിയെ പിന്തുണയ്ക്കുകയും ചെയ്യും.

എന്‍എസ്ഡിസി, എഎസ്ഡിസി എന്നിവയുടെ സഹകരണത്തോടെയുള്ള ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഈ സംരംഭം, ഗ്രാമീണ മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തുടനീളം നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരും തൊഴില്‍ യോഗ്യരുമാക്കുന്ന പദ്ധതിയാണിതെന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെയും ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെയും സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഈ പുതിയ പദ്ധതി സർക്കാരിന്റെ സ്‌കില്‍ ഇന്ത്യ മിഷനുമായി ബന്ധപ്പെട്ടുള്ളതാണ്. നിലവിലെ പലിശീലനം ലഭിച്ചവരുടെ അഭാവം നികത്തുന്നതിനും ആഗോള നിലവാരമുള്ള തൊഴിലാളികളുടെ സംഘത്തെ തയാറാക്കുന്നതിനും ടൊയോട്ടയെപ്പോലുള്ള വ്യവസായ പങ്കാളികളുമായി സഹകരിക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.


0 comments: