2022, ജൂലൈ 22, വെള്ളിയാഴ്‌ച

കേരളത്തിൽ നഴ്സിങ് ബിരുദ പഠനം; ഏകജാലക പ്രവേശന നടപടികൾ ഉടൻ; വിശദാംശങ്ങള്‍ അറിയാം

കേരളത്തിലെ വിവിധ സർക്കാർ - സ്വാശ്രയ കോളേജുകളിലെ നഴ്സിംഗ് ബിരുദപ്രവേശനം എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിലാണ് നടക്കുക. നഴ്സിങ്ങിനു പുറമെ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനനടപടികളും എൽ.ബി.എസിന്റെ നേതൃത്വത്തിൽ അധികം വൈകാതെ ആരംഭിക്കും. സ്വാഭാവികമായും പട്ടികജാതി/പട്ടിക വർഗ്ഗം/ ഭിന്നശേഷി/ മുന്നോക്കക്കാരിലെ പിന്നോക്കക്കാർ തുടങ്ങിയ സംവരണാനുകൂല്യമുള്ളവർ ആവശ്യമായ സർട്ടിഫിക്കേറ്റുകൾ വാങ്ങിവെയ്ക്കണം. ഓൺലൈൻ അപേക്ഷയോടൊപ്പം നിർദ്ദിഷ്ട സർട്ടിഫിക്കേറ്റുകളും വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതുണ്ട്.

വിവിധ വിഭാഗം നഴ്സിംഗ് കോളേജുകൾ

നഴ്സിംഗ് കോളേജുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ബ്രാക്കറ്റിലുള്ളത് കഴിഞ്ഞ അധ്യയന വർഷം അലോട്ട്മെന്റ് പ്രക്രിയയിലുണ്ടായിരുന്ന സ്ഥാപനങ്ങളുടെയെണ്ണമാണ്.

1.സർക്കാർ നഴ്സിങ് കോളേജുകൾ (7)

2.സർക്കാർ നിയന്ത്രണത്തിലുള്ള കോളേജുകൾ (11)

3.പ്രൈവറ്റ് സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളേജുകൾ (124)

ഇതിൽ സർക്കാർ  കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സ്വാശ്രയ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കുമാണ് എൽ.ബി.എസ്. സെന്റർ വഴി അലോട്ട്മെൻറ്‌. കഴിഞ്ഞ വർഷത്തെ അലോട്ട്മെന്റ് വിവരങ്ങൾ വെബ് സൈറ്റ് പരിശോധിച്ചാൽ ലഭ്യമാണ്. ഓരോ വർഷത്തേയും വിദ്യാർത്ഥികളുടെ മാർക്ക് നിലവാരത്തിൽ വ്യത്യാസമുള്ളതിനാൽ കഴിഞ്ഞ വർഷത്തെ അലോട്ട്മെന്റ് വിവരങൾ കണ്ട്, പ്രവേശനവുമായി ബന്ധപ്പെട്ട നിഗമനത്തിലെത്തരുത്.

പ്രവേശനപ്രക്രിയ

സർക്കാർ സീറ്റുകളിലേക്ക് കേന്ദ്രീകൃത പ്രവേശനപ്രക്രിയ വഴിയാണ് അപേക്ഷിക്കേണ്ടതെങ്കിലും, സ്വാശ്രയ മാനേജ്മെൻറ്‌ സീറ്റുകളിലേക്ക് പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

മാനേജ്മെന്റ് ക്വോട്ടയിലും ഏകീകൃത അലോട്ട്മെന്റ്

1.സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ

കോട്ടയത്തു സ്ഥിതി ചെയ്യുന്ന കേരള സർക്കാരിന്റെ സെൻറർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലെ സ്വാശ്രയസ്ഥാപനമായ സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ മെയിൻ സെന്ററിൽ, ബി.എസ്‌സി. നഴ്സിങ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കോഴ്സിലെ 50 ശതമാനം സീറ്റുകൾ സർക്കാർ സീറ്റുകളും ബാക്കിയുള്ള 50% സീറ്റുകൾ സ്വാശ്രയ സീറ്റുകളുമാണ്. സ്വാശ്രയ സീറ്റുകളിലെ പ്രവേശനത്തിന് ജൂലായ് 20 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം.

കൂടുതൽ വിവരങ്ങൾക്ക് www.cpas.ac.in

2. മലബാർ കാൻസർ സെൻറർ, തലശ്ശേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ച്

കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളായ മലബാർ കാൻസർ സെന്ററിലും തലശ്ശേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിലും നടത്തുന്ന ബി.എസ്‌സി. നഴ്സിങ് കോഴ്സിലെ മാനേജ്മെൻറ്‌ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് https://insermcc.org

3. ക്രിസ്ത്യൻ സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളേജുകൾ

അസോസിയേഷൻ ഓഫ് ദി മാനേജ്മെൻറ്‌സ്‌ ഓഫ് ക്രിസ്ത്യൻ സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളേജസ്‌ ഓഫ് കേരളയുടെ (എ.എം.സി.എസ്.എഫ്.എൻ.സി.കെ.) കീഴിലുള്ള നഴ്സിങ് കോളേജുകളിലെ ബി.എസ്‌സി. നഴ്സിങ്ങിന്റെ മാനേജ്മെൻറ്‌ ക്വാട്ട പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അസാസിയേഷനു കീഴിൽ കേരളത്തിൽ 32 കോളേജുകളിലുണ്ട്. അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി: ജൂലായ് 23 ആണ്.

കൂടുതൽ വിവരങ്ങൾക്ക് www.amcsfnck.com

4. പ്രൈവറ്റ് നഴ്സിങ് കോളേജ്

പ്രൈവറ്റ് നഴ്സിങ് കോളേജ് മാനേജ്മെന്റുകളുടെ അസോസിയേഷനായ പി.എൻ.സി.എം.എ.കെ.യിൽ അംഗത്വമുള്ള 51 നഴ്സിങ് കോളേജുകളിലെ ബി.എസ്‌സി. നഴ്സിങ് കോഴ്സുകളിലെ മാനേജ്മെൻറ്‌ ക്വാട്ട സീറ്റുകളിലേക്ക് ഓഗസ്റ്റ് 4 അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.pncmak.in

കേന്ദീകൃത അലോട്ട്മെന്റ് വിവരങ്ങൾക്ക്  www.lbscentre.in


0 comments: