2022, ജൂലൈ 10, ഞായറാഴ്‌ച

പ്ലസ് വണ്‍ പ്രവേശനം: ഇന്നുമുതല്‍ അപേ​ക്ഷിക്കാം, വിശദാംശങ്ങള്‍

 

പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18. ട്രയല്‍അലോട്ട്മെന്റ് 21നും ആദ്യ അലോട്ട്മെന്റ് ജൂലൈ 27നും നടക്കും.മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി ഓഗസ്റ്റ് 11. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ഓഗസ്റ്റ് 17ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി സെപ്റ്റംബര്‍ 30ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

സ്‌പോര്‍ട്ട്‌സ് ക്വാട്ട അഡ്മിഷന്‍ രണ്ട് ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ സംവിധാനത്തില്‍ ആയിരിക്കും. ആദ്യ ഘട്ടത്തില്‍ സ്‌പോര്‍ട്ട്‌സില്‍ മികവ് നേടിയ വിദ്യാര്‍ഥികള്‍ അവരുടെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ അതാത് ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രണ്ടാം ഘട്ടത്തില്‍ പ്ലസ് വണ്‍ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂള്‍/കോഴ്‌സുകള്‍ ഓപ്ഷനായി ഉള്‍ക്കൊള്ളിച്ച്‌ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്. നീന്തലിന് നല്‍കിവന്ന രണ്ട് ബോണസ് പൊയിന്റ് ഒഴിവാക്കി.

അപേക്ഷ എങ്ങനെ?

www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഹയര്‍ സെക്കന്‍ഡറി സൈറ്റിലെത്തുക. തുടര്‍ന്ന്, PUBLIC എന്നതിനു താഴെനിന്ന് പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങള്‍, അപേക്ഷയ്ക്കുള്ള യൂസര്‍ മാനുവല്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്ത്, വ്യവസ്ഥകള്‍ പഠിക്കുക.

ഓണ്‍ലൈനായി മാത്രമാണ് അപേക്ഷാ സമര്‍പ്പണം. ഹയര്‍ സെക്കന്‍ഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിന്‍ ചെയ്യുക. മൊബൈല്‍ ഒടിപി വഴി പാസ്‌വേഡ് നല്‍കി വേണം അപേക്ഷ, ഓപ്ഷന്‍ സമര്‍പ്പണം, ഫീസടയ്ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഇതേ ലോഗിന്‍ വഴി തന്നെ. യൂസര്‍ മാനുവലിലും പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള പടിപടിയായ നിര്‍ദേശങ്ങളുണ്ട്.

എട്ടാം അനുബന്ധത്തില്‍ ഫോമിന്റെ മാത‍ൃകയും. അപേക്ഷയില്‍ കാണിക്കേണ്ട യോഗ്യതകള്‍, അവകാശപ്പെടുന്ന ആനുകൂല്യങ്ങള്‍ എന്നിവയ്ക്കുള്ള രേഖകള്‍ കയ്യില്‍ കരുതണം. നമ്ബറും തീയതിയും മറ്റും അപേക്ഷയില്‍ ചേര്‍ക്കേണ്ടിവരും. സൈറ്റില്‍നിന്നു കിട്ടുന്ന അപേക്ഷാ നമ്ബര്‍ എഴുതി സൂക്ഷിക്കുക. സാധാരണഗതിയില്‍ രേഖകളൊന്നും അപ്‌ലോഡ് ചെയ്യാത്തതിനാല്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങളനുസരിച്ചാണ് സിലക്ഷന്‍. അപേക്ഷയില്‍ തെറ്റുവരാതെ ശ്രദ്ധിക്കണം. ഭിന്നശേഷിക്കാരും, 10-ാം ക്ലാസില്‍ Other (കോഡ് 7) സ്കീമില്‍ പെട്ടവരും നിര്‍ദിഷ്ടരേഖകള്‍ അപ്‌ലോഡ് ചെയ്യണം.

ഓണ്‍ലൈന്‍ അപേക്ഷ തനിയെ തയാറാക്കി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക്, അവര്‍ പഠിച്ച സ്കൂളിലെയോ, സ്വന്തം ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെയോ കംപ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും സൗജന്യമായി പ്രയോജനപ്പെടുത്തി, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. സംശയപരിഹാരത്തിന് ഈ വിഭാഗങ്ങളില്‍പെട്ട എല്ലാ സ്‌കൂളുകളിലും ഹെല്‍പ് ഡെസ്‌കുകളുണ്ട്.


0 comments: