മുന്നാക്ക സമുദായ സ്കൂളുകളിലെയും സമുദായ ഇതര സ്കൂളുകളിലെയും 10 ശതമാനം സീറ്റുകള്‍ മാറ്റിവെച്ച് പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് നടത്തുന്നത് അരലക്ഷത്തിലധികം കുട്ടികളുടെ പ്രവേശന സാധ്യതകളെ പ്രതികൂലമായി ബാധിക്കും.ഈ വിഭാഗത്തിലുള്ള 307 എയ്ഡഡ് സ്കൂളുകളിലെ 6715 സീറ്റുകളിലേക്കുള്ള അലോട്ട്മെന്റാണ് ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനായി മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
ഇത്രയും സീറ്റുകള്‍ ഓപണ്‍ മെറിറ്റില്‍ ലയിപ്പിച്ചാണ് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ഇതുവഴി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഈ ഘട്ടത്തില്‍ പ്രവേശന സാധ്യതയും തെളിഞ്ഞിരുന്നു. 6715 സീറ്റുകള്‍ മാറ്റിവെച്ച് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതോടെ ട്രയല്‍ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ട ഒട്ടേറെ പേര് പുറത്താവുകയോ അലോട്ട്മെന്റില്‍ മാറ്റം വരുകയോ ചെയ്യും.
മാറ്റിവെച്ച സീറ്റുകളില്‍ ട്രയല്‍ ഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ച് സീറ്റ് പ്രതീക്ഷ പുലര്‍ത്തുന്നവര്‍ പുതിയ സാഹചര്യത്തില്‍ ആദ്യ അലോട്ട്മെന്റില്‍ പുറത്താവുകയോ താഴെയുള്ള ഓപ്ഷനുകളിലേക്ക് മാറുകയോ ചെയ്യും. ഇതിന്റെ ഫലമായി ഇവര്‍ക്കു പകരം അലോട്ട്മെന്റ് ലഭിക്കുന്ന സീറ്റുകളില്‍ ട്രയല്‍ ഘട്ടത്തില്‍ സീറ്റ് ഉറപ്പിച്ചിരുന്ന കുട്ടികളും പുറത്താകും. 6715 സീറ്റുകളാണ് മാറ്റിവെക്കുന്നതെങ്കിലും ഇത് അരലക്ഷത്തിലധികം കുട്ടികളുടെ അലോട്ട്മെന്റ് ഫലത്തില്‍ പ്രതിഫലിക്കുമെന്നാണ് ഹയര്‍സെക്കന്‍ഡറി പ്രവേശന വിഭാഗത്തിന്റെ വിലയിരുത്തല്‍.
വര്‍ധിപ്പിച്ച സീറ്റുകളിലേക്കും അധിക ബാച്ചുകളിലേക്കും ഉള്‍പ്പെടെ മുഴുവന്‍ സീറ്റുകളിലേക്കും ആദ്യഘട്ടത്തില്‍തന്നെ അലോട്ട്മെന്റ് നടത്തുമെന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രഖ്യാപനവും സീറ്റുകള്‍ മാറ്റിവെക്കാനുള്ള തീരുമാനത്തോടെ പാളി. കോടതി വിധിക്കനുസൃതമായി അടുത്തഘട്ടത്തില്‍ മാറ്റിവെച്ച സീറ്റുകള്‍ അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഈ സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് വൈകിയാല്‍ മെറിറ്റില്‍ മുന്നിലുള്ള വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട സ്കൂളും കോഴ്സ് കോമ്ബിനേഷനും ലഭിക്കുന്നതിനും തടസ്സമാകും.
മുന്നാക്ക സമുദായ മാനേജ്മെന്റ് സ്കൂളുകളില്‍ 10 ശതമാനം സമുദായ ക്വോട്ട സീറ്റ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി റദ്ദാക്കുകയും ഈ സീറ്റ് ഓപണ്‍ മെറിറ്റില്‍ ലയിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.കോടതി വിധിക്കനുസൃതമായി സീറ്റുകള്‍ ലയിപ്പിച്ചാണ് ട്രയല്‍ അലോട്ട്മെന്റ് നടത്തിയത്. ഇതിനു ശേഷമാണ് വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
സമുദായ ഇതര സ്വതന്ത്ര മാനേജ്മെന്റുകള്‍ക്ക് ലഭിച്ചിരുന്ന 30 ശതമാനം മാനേജ്മെന്റ് ക്വോട്ട സീറ്റില്‍നിന്ന് 10 ശതമാനം തിരിച്ചെടുത്ത് സര്‍ക്കാര്‍ ഓപണ്‍ മെറിറ്റില്‍ ലയിപ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹരജിയാണ് മുന്നാക്ക സമുദായ മാനേജ്മെന്റുകള്‍ക്ക് കൂടി തിരിച്ചടിയായത്. വിധിക്കെതിരെ എന്‍.എസ്.എസ് അപ്പീല്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാറും അപ്പീലിന് പോകാന്‍ തീരുമാനിച്ചത്. കേസ് തിങ്കളാഴ്ച ഹൈകോടതിയുടെ പരിഗണനക്ക് വരുമെന്നാണ് പ്രതീക്ഷ.
0 comments: