ക്ലാസുകളിലോ പ്രാക്ടിക്കൽ പരിശീലനത്തിലോ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത ഒരാളെ എഞ്ചിനീയർ എന്ന് വിളിക്കാനാവില്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി . ഹരിയാന പോലീസ് ഹൗസിംഗ് കോർപ്പറേഷൻ ജീവനക്കാരന് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയതിനെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഈ ജീവനക്കാരൻ വിദൂരവിദ്യാഭ്യാസത്തിലൂടെയാണ് സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയതെന്നും അതിനാൽ എഞ്ചീനീയറായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
2019 നവംബർ 18 ലെ ഹരിയാന പോലീസ് ഹൗസിംഗ് കോർപ്പറേഷൻ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി ഫയൽ ചെയ്തത്. വിനോദ് റാവൽ എന്നയാൾക്കാണ് സിവിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി സ്ഥാനക്കയറ്റം നൽകിയതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിദൂരവിദ്യാഭ്യാസത്തിലൂടെ എഞ്ചിനീയറിങ് ബിരുദം നേടിയ ഒരാൾ, നേരിട്ട് ക്ലാസിൽ പങ്കെടുത്ത് ബിരുദം നേടിയ ഒരാൾക്ക് തുല്യനാണെന്ന് കരുതാനാവില്ലെന്നും ഹർജിയിൽ അനുകൂലമായി വിധി പറഞ്ഞ ജസ്റ്റിസ് അനുപീന്ദർ സിംഗ് ഗ്രേവാൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദം നേടിയ എംബിബിഎസ് ഡോക്ടറുടെ ചികിൽസ തേടാൻ ഏതെങ്കിലും രോഗി ആഗ്രഹിക്കുമോ എന്നും കോടതി ചോദിച്ചു. രാജ്യത്തെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിലും ഒരു എഞ്ചിനീയർ നിർണായക പങ്കു വഹിക്കുന്നുണ്ടെന്നും ജസ്റ്റിസ് ഗരേവാൾ കൂട്ടിച്ചേർത്തു.
ഇത്തരം നടപടികൾ പൗരന്മാരുടെ വിലപ്പെട്ട ജീവൻ അപകടത്തിലാക്കുമെന്ന് മാത്രമല്ല, സംസ്ഥാന ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുമെന്നും കോടതി പറഞ്ഞു. ''എഞ്ചിനീയറിംഗ് പഠന കാലയളവിൽ തിയറിയും പ്രാക്ടിക്കലും പഠിപ്പിക്കുന്നുണ്ട്. നേരിട്ട് ക്ലാസിൽ പങ്കെടുത്ത് പ്രായോഗിക പരിശീലനം നേടിയിട്ടില്ലാത്ത ഒരു വ്യക്തി എഞ്ചിനീയറാണെന്ന് പറയാനാവില്ല'', ജസ്റ്റിസ് അനുപീന്ദർ സിംഗ് ഗ്രേവാൾ പറഞ്ഞു.
റാവലിന് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി സ്ഥാനക്കയറ്റം നൽകിയത് നിലവിലെ നിയമങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാർ വാദിച്ചു. വിദൂര വിദ്യാഭ്യാസത്തിലൂടെ സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ഒരാൾക്ക് സ്ഥാനക്കയറ്റത്തിന് അർഹതയുണ്ടാകില്ല. റാവൽ ബിരുദം നേടിയ ജെആർഎൻ രാജസ്ഥാൻ വിദ്യാപീഠ് യൂണിവേഴ്സിറ്റിക്ക് യുജിസി, എഐസിടിഇ, അംഗീകാരം ഇല്ലെെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
മുൻപും ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും പഞ്ചാബ് ഹരിയാന ഹൈക്കോടതി നടത്തിയിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, നൽകുന്നതും കുറ്റകരമാണെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതി അടുത്തിടെ ചില പ്രസ്താവനകൾ നടത്തിയിരുന്നു. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട ഒരു കേസിലെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ജോലി വാഗ്ദാനം ചെയ്ത് ഹരീന്ദർ ശർമ എന്നയാൾ ലക്ഷങ്ങൾ തട്ടിയെടുത്തു എന്നതായിരുന്നു കേസ്. കേസിൽ ഹരീന്ദർ ശർമക്ക് ജാമ്യം അനുവദിക്കപ്പെട്ടിരുന്നു. കൈക്കൂലി വാങ്ങി എന്നു തെളിയിക്കുന്ന രേഖകൾ ഉണ്ടെങ്കിൽ മാത്രമേ കേസ് നിലനിൽക്കുകയുള്ളൂ എന്നും ജാമ്യാപേക്ഷ പരിഗണണിച്ചുകൊണ്ട് ജസ്റ്റിസ് വികാസ് ബാഹ്ൽ വ്യക്തമാക്കിയിരുന്നു.
0 comments: