2022, ജൂലൈ 24, ഞായറാഴ്‌ച

രണ്ടു വര്‍ഷത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തും: മന്ത്രി വി.ശിവന്‍കുട്ടി

 

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി  വി.ശിവന്‍കുട്ടി. ദേശീയ അടിസ്ഥാനത്തിലും സാര്‍വ്വ ദേശീയ അടിസ്ഥാനത്തിലും കേരളത്തിലെ വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്ക് എത്തണമെന്നും വിദ്യാര്‍ഥികളുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസ പ്രക്രിയക്കാണ് രൂപം കൊടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകള്‍ മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി കരിക്കുലം കമ്മിറ്റിയും കോര്‍ കരിക്കുലം കമ്മിറ്റിയും രൂപീകരിച്ചു. ലിംഗ നീതി, സമത്വം, ലിംഗ അവബോധം, ഭരണഘടന,  സന്നദ്ധപ്രവര്‍ത്തനങ്ങള്‍, മതനിരപേക്ഷത, സാമൂഹിക പ്രശ്‌നങ്ങള്‍, കല, സ്‌പോര്‍ട്‌സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കമ്മിറ്റി ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ ഗേള്‍സ് സ്‌കൂളുകളും ബോയ്സ് സ്‌കൂളുകളും മിക്സഡ് സ്‌കൂളുകളാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് സര്‍ക്കാരിന് അനുകൂല നിലപാടാണെന്നും എന്നാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുക അപ്രായോഗികമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമേ നടപടി എടുക്കാനാകൂ. സ്‌കൂളുകള്‍ മിക്‌സഡ് സംവിധാനത്തിലേക്ക് മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അനുമതി വേണമെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.

0 comments: