2022, ജൂലൈ 18, തിങ്കളാഴ്‌ച

കേവലം 299 രൂപയ്ക്ക് 10 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ്

 

കുറഞ്ഞ തുകയ്ക്ക് വന്‍ തുകയുടെ അപകട ഇന്‍ഷൂറന്‍സാണോ നിങ്ങള്‍ തിരയുന്നത്. അങ്ങിനെയാണെങ്കില്‍ ഇന്ത്യന്‍ തപാല്‍വകുപ്പ് അവതരിപ്പിച്ച 299 രൂപ മുടക്കിയാല്‍ 10 ലക്ഷത്തിന്റെ അപകട ഇന്‍ഷൂറന്‍സ് ലഭിക്കുന്ന പദ്ധതിയില്‍ നിങ്ങള്‍ക്ക് അംഗമാവാം.ഗ്രൂപ്പ് ആക്‌സിഡന്റ് ഗാര്‍ഡ് പോളിസി എന്ന പേരില്‍ തപാല്‍ വകുപ്പിന്റെ ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്കാണ് ഇത്തരത്തിലൊരു ആശ്വാസ പദ്ധതി നടപ്പിലാക്കുന്നത്. ടാറ്റ എഐജി ഇന്‍ഷൂറന്‍സമായി സഹകരിച്ചാണ് ഇന്‍ഷൂറന്‍സ് പദ്ധതി.

പദ്ധതിയുടെ വിശദാംശങ്ങള്‍ 

18നും 65 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വര്‍ഷമാണ് പോളിസി കാലാവധി. ഇതിന് ശേഷം പോളിസി പുതുക്കാം. പദ്ധതിയില്‍ ചേരുന്നതിനായി ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. തൊട്ടടുത്തുള്ള പോസ്റ്റ് ഓഫിസില്‍ നിന്നോ പോസ്റ്റുമാന്‍/ പോസ്റ്റവുമണ്‍ വഴിയോ ഇന്‍ഷൂറന്‍സ് പോളിസിയില്‍ ചേരാം.

നഷ്ടപരിഹാരമായി എത്ര രൂപ ലഭിക്കും?

പോളിസി കാലയളവിലുണ്ടാകുന്ന അപകട മരണങ്ങള്‍, അപകടത്തെ തുടര്‍ന്നുണ്ടായ ശാരീരിക വൈകല്യങ്ങള്‍ക്ക് എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ നഷ്ട പരിഹാരം ലഭിക്കും. ഇതോടൊപ്പം ആശുപത്രി ചെലവിനും മരണാനന്തര കര്‍മങ്ങള്‍ക്കും ഇന്‍ഷൂറന്‍സില്‍ നിന്ന് പണം ലഭിക്കും. 299 രൂപയുടെയും 399 രൂപയുടെയും രണ്ട് പോളിസികള്‍ തപാല്‍ വകുപ്പില്‍ നിന്ന് ലഭിക്കും.

നേട്ടങ്ങള്‍

അപകടത്തെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങള്‍, സ്ഥിരമായ പൂര്‍ണ വൈകല്യം, സ്ഥിരമായ ഭാഗികമായ വൈകല്യം, അവയവഛേദം, തളര്‍വാതം എന്നി സാഹചര്യങ്ങളില്‍ പരമാവധി പരിരക്ഷയായ പത്ത് ലക്ഷം രൂപ വരെ ലഭിക്കും. ആശുപത്രി ചെലവിന് പരമാവധി 60,000 രൂപ വരെയാണ് പോളിസി ഉടമയ്ക്ക് ലഭിക്കുക. യഥാര്‍ഥ ചെലവ് ഇതിനേക്കാള്‍ കുറവാണെങ്കില്‍ ആ തുക അനുവദിക്കും. അപകടം മൂലം കിടത്തി ചികിത്സ ആവശ്യമായി വന്നാല്‍ 60,000 രൂപ വരെയും കിടത്തി ചികിത്സ ആവശ്യമില്ലാത്ത സാഹചര്യത്തില്‍ 30,000 രൂപ വരെയും ലഭിക്കും. 299 രൂപയുടെ പോളിസിയിലും 399 രൂപയുടെ പോളിസിയിലും ഈ പറഞ്ഞ ആനുകൂല്യങ്ങള്‍ പൊതുവായി ലഭിക്കും.

399 രൂപയുടെ പോളിസിയില്‍ അധിക നേട്ടം

399 രൂപയുടെ പോളിസിയില്‍ ചേരുകയാണെങ്കില്‍ അധിക നേട്ടങ്ങളുണ്ട്. 399 രൂപയുടെ പ്രീമിയം ചേരുകയാണെങ്കില്‍ ഇന്‍ ഹോസ്പിറ്റല്‍ ഡെയ്‌ലി ക്യാഷ് എന്ന പേരില്‍ 10 ദിവസത്തേക്ക് ആശുപത്രിയിലെ ദിവസ ചെലവിനായി 1,000 രൂപ വീതം ലഭിക്കും. അപകട മരണം സംഭവിക്കുന്ന ഘട്ടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി 5,000 രൂപ വരെ ലഭിക്കും.

യാത്രാ ചെലവ്

ആശുപത്രിയില്‍ കഴിയുന്ന പോളിസി ഉടമയെ കാണുന്നതിനായി കുടുംബാംഗങ്ങളുടെ യാത്രാ ചെലവിനായി 25,000 രൂപ വരെ ലഭിക്കും. യഥാര്‍ഥ ചെലവ് ഇതില്‍ കുറവായാല്‍ ആ തുക ലഭിക്കും. പോളിസി ഉടമയുടെ 2 മക്കളുടെ വിദ്യാഭാസ ചെലവിനുള്ള പരിരക്ഷയും പോളിസിയില്‍ നിന്ന് ലഭിക്കും. 1 ലക്ഷം രൂപ വരെയോ അല്ലെങ്കില്‍ യഥാര്‍ഥ ചെലവോ ഏതാണ് കുറവ് ഇത് അനുസരിച്ചാണ് ആനുകൂല്യം ലഭിക്കുക.

ഇക്കാരണങ്ങള്‍ കൊണ്ടുള്ള മരണങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കില്ല

ആത്മഹത്യ, സൈനിക സേവനങ്ങള്‍, യുദ്ധം, നിയമവിരുദ്ധമായ പ്രവൃത്തി, അപകടകരമായ കായിക വിനോദങ്ങള്‍ എന്നിവയിലൂടെയുള്ള അപകടം, മരണം എന്നിവയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കില്ല. ബാക്ടീരിയ അണുബാധ, രോഗങ്ങള്‍, എയ്ഡ്‌സ് എന്നിവ വഴിയുണ്ടാകുന്ന മരണങ്ങള്‍ക്കും പരിരക്ഷ ലഭിക്കില്ല.


0 comments: