പ്രവേശന കാലഘട്ടം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുടെ കാലം കൂടിയാണ്. കുറെയധികം കോഴ്സുകളും അവയുമായി ബന്ധപ്പെട്ട് അനവധി ജോലി സാധ്യതയുമുള്ളതു കൊണ്ട് തന്നെ , ഇനിയേതു കോഴ്സ് തെരഞ്ഞെടുക്കണമെന്നത് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ഒരുപോലെ ആശയകുഴപ്പത്തിലുമാക്കുന്നുമുണ്ട്.
കോഴ്സുകളുടെ തെരഞ്ഞെടുപ്പിൽ, ജോലി സാധ്യതയോടൊപ്പം തന്നെ തങ്ങളുടെ അഭിരുചി ഏതു മേഖലയിലാണ് എന്നതിനുകൂടി വിദ്യാർത്ഥികൾ പ്രാമുഖ്യം കൊടുക്കണം. രക്ഷിതാക്കൾ തീർക്കുന്ന സമ്മർദ്ദത്തിനപ്പുറം, ആ മേഖലയിൽ കൈകാര്യം ചെയ്യപ്പെടുന്ന വിഷയങ്ങളിലെ തൻ്റെ നിലവാരവും അഭിരുചിയും ശോഭിക്കാനുള്ള കഴിവും കൂടി പരിഗണിച്ചു വേണം, അവർ തീരുമാനമെടുക്കാൻ. പലപ്പോഴും ഇതിനു വിപരീതമായി, മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി, ഇഷ്ടമില്ലാത്ത കോഴ്സിനു കുട്ടികൾ ചേരുന്നത് കഴിഞ്ഞ കാലങ്ങളിൽ തുടർക്കഥകളാണ്. പിന്നീട് കോഴ്സ് പൂർത്തീകരിക്കാനാകാതെ അവർ ബുദ്ധിമുട്ടുന്നതിനും അവരുടെ തോൽവിക്കും എന്തിനേറെ ആത്മഹത്യകൾക്കു പോലും നമ്മുടെ കലാലയങ്ങൾ എത്രയോ തവണ മൂകസാക്ഷ്യം വഹിച്ചിരിക്കുന്നു. ഇതോടൊപ്പം, അഭിരുചിയില്ലാതെ അമിത ആത്മവിശ്വാസത്താൽ കുട്ടികൾ തെരഞ്ഞെടുക്കുന്ന പല കോഴ്സുകളും പിന്നീട് അവർക്കു തന്നെ ബാധ്യയാകുന്നതും വലിയ മാനസിക സംഘർഷത്തിലേയ്ക്ക് അവരെത്തിപ്പെടുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇപ്പോൾ പതിവുള്ള കാഴ്ചയുമാണ്.
പ്ലസ് ടുവിൻ്റെ സാധ്യതകൾ:
പത്താം ക്ലാസ് വിജയകരമായി പൂർത്തീകരിച്ചവർക്ക്, കേരളത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലുമുള്ള പഠന സാധ്യതയാണ്, പ്ലസ്ടു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 46 കോമ്പിനേഷനുകൾ പ്ലസ്ടുവിൽ നിലവിലുണ്ട്. അതു കൊണ്ട് തന്നെ, കോമ്പിനേഷനുകൾ തെരഞ്ഞെടുക്കുമ്പോൾ, വിദ്യാർഥിയുടെ താത്‌പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവയ്ക്കിണങ്ങിയവ തന്നെ തെരഞ്ഞെടുക്കണം. രക്ഷിതാക്കൾക്കിഷ്ടമെന്നു കരുതി, കൊമേഴ്സ് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥിയെ സയൻസിനു കൊണ്ടുപോയി ചേർക്കരുത്. അതായത്, സ്വയം തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുള്ള അവരുടെ പ്രായത്തെ പരിഗണിച്ച്, മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയെന്നതിനപ്പുറത്തേയ്ക്ക്, അവരവരുടെ താത്പര്യങ്ങൾ അവരിൽ അടിച്ചേൽപ്പിക്കരുതെന്നു ചുരുക്കം. സയൻസിൽ താത്‌പര്യമില്ലെങ്കിൽ അവരുടെ താൽപ്പര്യമനുസരിച്ച്, ഹ്യുമാനിറ്റീസ് അല്ലെങ്കിൽ കോമേഴ്സ് ഗ്രൂപ്പെടുക്കാൻ പ്രേരിപ്പിക്കണം. ഏതു കോഴ്സ് എടുക്കുമ്പോഴും, പ്ലസ്ടുവിനു ശേഷമുള്ള തുടർപഠനം കൂടി മുന്നിൽ കാണേണ്ടതുണ്ട്.
സയൻസ് പഠിയ്ക്കാൻ ഒരു താത്‌പര്യവുമില്ലാത്ത വിദ്യാർഥികളെക്കൊണ്ട് ബയോമാത്സ് എടുപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. മെഡിക്കൽ-പാരാമെഡിക്കൽ കോഴ്സുകളിലാണ് ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ, പ്ലസ് ടുവിൽ കണക്ക് പഠനം പരിപൂർണ്ണമായും ഒഴിവാക്കാവുന്നതാണ്. ഇനി, ബയോളജിയിൽ തീരെ താത്‌പര്യമില്ലെങ്കിൽ കണക്കിനോടൊപ്പം കംപ്യൂട്ടർ സയൻസുമെടുക്കുന്നതാകും ഉചിതം. അതായത്, നീറ്റ്പരീക്ഷ ലക്ഷ്യം വയ്ക്കുന്ന വിദ്യാർഥി, നിർബന്ധമായും കണക്കൊഴിവാക്കി ബയോളജിയും ലാംഗ്വേജും ഉള്ള കോമ്പിനേഷനും എൻജിനിയറിങ്ങിന് താത്‌പര്യമുള്ള വിദ്യർത്ഥി കണക്കും കംപ്യൂട്ടർ സയൻസുമെടുക്കുന്നതുമാണ് നല്ലത്. ഇതോടൊപ്പം തന്നെ പ്ലസ്ടുവിനു ശേഷം, വിവിധ ദേശീയ സ്ഥാപനങ്ങളിൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുണ്ടാകാം. അവരും പ്ലസ് ടു കോമ്പിനേഷനുകൾ തെരഞ്ഞെടുക്കുമ്പോൾ, തുടർ പഠന സാധ്യതയ്ക്കനുസൃതമായ കോമ്പിനേഷനുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളുടെ ഗണത്തിൽപ്പെടുന്ന ഐസർ, നൈസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിൽ ബി.എസ്./എം.എസ്. കോഴ്സുകൾക്ക് താത്‌പര്യപ്പെടുന്നവർക്ക് സയൻസ് കോമ്പിനേഷൻ എടുക്കുന്നതാണ് കൂടുതൽ നല്ലത്. നീറ്റ്, ജെ.ഇ.ഇ., കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ, അഖിലേന്ത്യാ കാർഷിക പ്രവേശന പരീക്ഷ, ഐസർ, നൈസർ, ബിറ്റ്സാറ്റ്, കെ.വി.പി.വൈ. എന്നിവ ലക്ഷ്യമിടുന്നവരും നിർദ്ദിഷ്ട സയൻസ് കോമ്പിനേഷനുകൾ പഠിക്കണം .
സയൻസ് സ്ട്രീമെടുത്ത് പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കിയവർക്കും സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാമെങ്കിലും അവർക്ക് കൂടുതൽ നല്ലത്, ഹ്യുമാനിറ്റീസ് കോമ്പിനേഷനുകളായിരിക്കും. എന്നാൽ ബാങ്കിങ്, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ എന്നീ മേഖലകളിൽ കരിയർ കെട്ടിപ്പെടുക്കാാൻ താത്‌പര്യമുള്ളവർക്കും അക്കൗണ്ടിങ്, ആക്ച്വറിയൽ സയൻസ് എന്നിവയിൽ അഭിരുചിയുള്ളവർക്കും കൊമേഴ്സ്/ബിസിനസ് സ്റ്റഡീസ് കോമ്പിനേഷനെടുക്കാം. ഇതോടൊപ്പം,മാനേജ്മെന്റിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവർക്കും അനുയോജ്യം കൊമേഴ്സ് കോമ്പിനേഷനുകളാണ്. പ്ലസ്ടു വിജയകരമായി പൂർത്തിയാക്കിയ എല്ലാവർക്കും ക്ലാറ്റ്, ഐ.ഐ.ടി., ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, എൻ.ഐ.എഫ്.ടി. ഡിസൈൻ, ഫാഷൻ ടെക്നോളജി, യുസീഡ്, എൻ.ഐ.ഡി. ഡിസൈൻ, ഇഫ്ലു, ജെ.എൻ.യു., ഡൽഹി യൂണിവേഴ്സിറ്റി, ഐ.ഐ.എം. ഇൻഡോർ തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാമെന്നതുകൊണ്ട് പ്രത്യേക കോമ്പിനേഷനുകൾ നിർബന്ധബുദ്ധ്യാ തെരഞ്ഞെടുക്കണമെന്നില്ല.
സംസ്ഥാനത്തെ പ്ലസ് ടു മേഖലയിൽ സയൻസിൽ 10 കോമ്പിനേഷനുകളും കൊമേഴ്സിൽ 4 കോമ്പിനേഷനുകളും ഹ്യുമാനിറ്റീസിൽ വൈവിധ്യമാർന്ന 32 കോമ്പിനേഷനുകളുമുണ്ട്.
1. സയൻസ് ഗ്രൂപ്പിനുണ്ട്; വലിയ പ്രാധാന്യം.
നേരത്തെ സയൻസ് ഗ്രൂപ്പെന്നാൽ ഡോക്ടറും എഞ്ചിനീയറും മാത്രമാണ്, നമുക്കോർമ്മ വന്നിരുന്നതെങ്കിൽ വലിയ സാധ്യതകൾ ഇന്ന് സയൻസ് പഠിതാക്കളായ നമ്മുടെ വിദ്യാർത്ഥികൾക്കു മുമ്പിലുണ്ട്. ശാസ്ത്രചിന്തയുടെയും ശാസ്ത്രം പഠിച്ചവരുടെയും പ്രധാന്യത്തെ കുറിച്ച് പ്രത്യേക മുഖവുരയൊന്നും ആവശ്യമില്ലാത്ത കോവിഡ് കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നു പൊയ്‌ക്കോണ്ടിരിക്കുന്നത്.
ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കൽ സ്റ്റാഫുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരാണ് ഇക്കാലത്ത് നാമാശ്രയിക്കുകയും ആദരിക്കുകയും ചെയ്യുന്ന മുഖ്യ കൂട്ടര്‍. ഈ കൊറോണക്കാലത്ത്, ലോകമൊട്ടുക്കും ആകാംക്ഷയോടെ കാത്തിരിക്കുന്ന നല്ല വാർത്ത, എല്ലാ കോവിഡ് വകഭേദങ്ങൾക്കുമെതിരായുള്ള പുതിയ വാക്‌സിൻ്റെ നിർമ്മിതി തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരെ നാം ബഹുമാനപുരസ്സരം വീക്ഷിച്ചു കൊണ്ടിരിക്കുകയുമാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടും മണിക്കൂറുകൾ കൊണ്ടും പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊറോണക്കാലത്തെ ജീവിതദുരിതം നീക്കാനുള്ള ശ്രമങ്ങൾ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഒരാഴ്ചകൊണ്ട്, ചൈനയിൽ നിർമ്മിക്കപ്പെട്ട ബഹുനില കോവിഡ് കേന്ദ്രമൊക്കെ, അവരുടെ മികവിനെ എടുത്തു കാണിക്കുകയും ചെയ്യുന്നു. സംശയം വേണ്ട ; ഇവരെല്ലാം പൊതുവെ സയന്‍സ് പശ്ചാത്തലമുള്ളവരാണ്. സയൻസു ഗ്രൂപ്പെന്നാൽ, എഞ്ചിനീയറും ഡോക്ടറും നഴ്‌സുമാണെന്ന പതിവ് ശൈലികൾ മാറ്റിയാൽ പോലും കരിയറിൽ, മിനിമം ഗ്യാരന്റി ഉറപ്പ് നല്‍കുന്ന വൈവിധ്യമാർന്ന പാതകളിലേക്കുള്ള തുടക്കം കൂടിയാണ്, സയന്‍സ് ഗ്രൂപ്പ്. അക്കാരണം കൊണ്ടു തന്നെയാകണം, സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രവേശത്തിന് ഏറ്റവും കൂടുതല്‍ സീറ്റുള്ളതും സയന്‍സ് ഗ്രൂപ്പിലാണ്.
മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ രണ്ടും എഴുതണമെന്ന് ആഗ്രഹിക്കുന്നവര്‍ നിർബന്ധമായും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി കോമ്പിനേഷന്‍ തിരഞ്ഞെടുക്കണം.എന്നാൽ കണക്കിനോട് അത്ര താത്പര്യമില്ലാത്തവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹോംസയന്‍സ്/സൈക്കോളജി കോമ്പിനേഷനെടുത്ത് എന്‍ട്രന്‍സ് പരീക്ഷയിലൂടെ മെഡിക്കൽ പ്രാക്ടീഷനറാകാം. അലോപ്പതിയ്ക്കു (എം.ബി.ബി.എസ്.) പുറമേ ബി.ഡി.എസ്., ഹോമിയോപ്പതി, ആയുര്‍വേദ, യുനാനി, നാച്ചുറോപ്പതി എന്നീ മെഡിക്കൽ കോഴ്സുകളും ബി.ഫാം, ആഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്, വെറ്ററിനറി സയന്‍സ്, ഡെയറി സയൻസ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബയോടെക്‌നോളജി ആന്‍ഡ് ജനിറ്റിക്‌സ്, ബി.എസ്‌സി. നഴ്‌സിങ് തുടങ്ങിയ അനുബന്ധ കരിയറുകൾക്കും ബയോളജി സയൻസ് അനിവാര്യതയാണ്. ഇതിനു പുറമെ ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ബിരുദത്തിന് ചേരാനും തുടർന്ന്ഗവേഷണ മേഖലയിൽ വ്യാപരിക്കാനുള്ള അവസരവും അവർക്കുണ്ട്.നമുക്കെല്ലാവർക്കുമറിയാവുന്നതു പോലെ ലോകമൊന്നടങ്കം, മലയാളികൾക്ക് ആതുരശ്രുശ്രൂഷാ മേഖലയിൽ വലിയ പ്രാമുഖ്യമുണ്ട്. ഡോക്ടറിൻ്റെ പ്രഫഷനുമപ്പുറത്ത്, വൈദ്യശാസ്ത്ര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാണ് പാരാമെഡിക്കല്‍ രംഗം. നഴ്‌സിംഗ്, ഫാര്‍മസി, മെഡിക്കല്‍ ലാബ് ടെക്‌നോളജി തുടങ്ങിയ പരമ്പരാഗത മേഖലകൾക്കു പുറമെ ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറാപ്പി, ഒപ്‌ടോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, എമര്‍ജന്‍സി കെയര്‍ ടെക്‌നോളജി, റെസ്പിറേറ്ററി തെറാപ്പി ടെക്‌നോളജി, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, ഡെന്റല്‍ മെക്കാനിക്ക്, ഒഫ്താല്‍മിക് അസിസ്റ്റന്റ്, റേഡിയോളജിക്കല്‍ ടെക്‌നോളജി, സൈറ്റോ ടെക്‌നോളജി, ബ്ലഡ് ബാങ്ക് ടെക്‌നോളജി, ഡയബറ്റോളജി തുടങ്ങിയ ന്യൂ ജെൻ പാരാമെഡിക്കല്‍ കോഴ്‌സുകളും ഇന്നിൻ്റെ അനിവാര്യതയാണ്. ബയോളജിയുമായി ബന്ധപ്പെട്ട ബയോ ടെക്‌നോളജി, മൈക്രോ ബയോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോ കെമിസ്ട്രി, മെഡിക്കല്‍ ബയോ കെമിസ്ട്രി, ഫുഡ് സയന്‍സ്, ഫുഡ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളിൽ വലിയ അവസരങ്ങൾ വിദ്യാർത്ഥികൾക്കുണ്ട്.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഹോംസയന്‍സ്/ജിയോളജി/കംപ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതി എന്‍ജിനീയറിങ്ങിന് ചേരാനുള്ള അവസരമുണ്ട്. എല്ലാക്കാലത്തും സാങ്കേതിക മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് യോജിച്ചതാണ് എന്‍ജിനീയറിങ്ങ് പഠനമെന്ന് നിസ്സംശയം പറയാം. സ്കില്ലും എക്സലൻസും ഉള്ള എഞ്ചിനീയർമാർക്ക് ഇന്നും ഡിമാൻ്റും പ്ലേസ്മെൻ്റും ഇപ്പോഴും ഉണ്ടെന്ന കാര്യം മറക്കരുത് . ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, പെട്രോളിയം, കെമിക്കല്‍, ബയോമെഡിക്കല്‍, മറൈന്‍, എയ്‌റോനോട്ടിക്കല്‍, ആര്‍ക്കിടെക്ച്ചര്‍ മുതലായവ ടെക്‌നിക്കന്‍ മേഖലയില്‍ ഇപ്പോഴും വലിയ ഡിമാൻ്റുള്ള കോഴ്‌സുകളാണ്. അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ്, സെറാമിക് എന്‍ജിനീയറിംഗ്, ലെതര്‍ ടെക്‌നോളജി, ഫൂട്‌വെയര്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി തുടങ്ങിയവയും ജോലി സാധ്യതയുള്ള സാങ്കേതിക മേഖലകളാണ്. ഈ മേഖലയിലെ വിവിധ ദേശീയ സ്ഥപനങ്ങളിലേക്കു നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയ്ക്കായും അവർ തയ്യാറെടുക്കേണ്ടതുണ്ട്.
എഞ്ചിനീയറിംഗിനൊപ്പം പ്രാമുഖ്യമുള്ളതാണ്, ഡിപ്ലോമ കോഴ്സുകൾ. പ്ലസ് ടുവിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് പോളി ടെക്‌നിക്കുകളില്‍ ലാറ്ററൽ എൻട്രി വഴി, രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനമുണ്ട്.പെയിന്റ് ആന്‍ഡ് കോസ്‌മെറ്റിക് കോസ്‌മെറ്റിക് ടെക്‌നോളജി, ടൂള്‍ ആന്‍ഡ് ഡൈ, ഇന്റീരിയര്‍ ഡിസൈന്‍, പ്ലാസ്റ്റിക് ടെക്‌നോളജി എന്നിങ്ങനെ വലിയ പ്ലേസ്മെമെൻ്റ് സാധ്യതകളുള്ള എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സുകളിലും അവർക്കു ചേരാവുന്നതാണ്. ഐ.ടി. മേഖലയിലെ കോഴ്‌സുകളായ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ്, നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ മേഖലകളില്‍ ബി.ടെക്, ബി.എസ്.സി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ധാരാളം ലഭ്യമാണ്. പ്ലസ് ടു യോഗ്യതയും മികച്ച കായിക ശേഷിയുമുള്ളവര്‍ക്ക് സൈന്യത്തില്‍ ഉന്നത പദവിയിലെത്താന്‍ ഉതകുന്നതാണ് എന്‍.ഡി.എ., നേവൽ അക്കാദമി പരീക്ഷകൾ.
പൈലറ്റ് കോഴ്‌സിനു ചേരാനുള്ള അടിസ്ഥാന യോഗ്യത, ഫിസിക്‌സും കെമിസ്ട്രിയും മാത്‌സും പഠിച്ച പ്ലസ് ടു കോഴ്സാണ്. ഇതോടൊപ്പം സയൻസ് വിഷയങ്ങളിലെ ഗവേഷണ സാധ്യതയും രാജ്യാന്തര നിലവാരമുള്ളതാണ്. സയൻസു ഗ്രൂപ്പിൻ്റെ ഏറ്റവും വലിയ പ്രത്യേകത, ബിരുദതലത്തിൽ എതു കോഴ്സ് തെരഞ്ഞെടുക്കാനും അവർക്കു സാധിക്കുമെന്നതാണ് .
2. കോമേഴ്സ് പഠിക്കാം; മികച്ച കരിയർ കരസ്ഥമാക്കാം
കൊടുക്കൽ - വാങ്ങലുകളും സേവനങ്ങളുമാണ് ഒരു നാടിൻ്റെ സാമ്പത്തിക സ്ഥിതിയെ നിയന്ത്രിക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും കൊടുക്കൽ വാങ്ങലുകൾ ഉള്ള അത്രേം കാലവും കൊമേഴ്സിനു പ്രാമുഖ്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല.വളരാനും നിലനില്‍ക്കാനും ഉത്പന്നങ്ങളും സേവനങ്ങളുമൊക്കെ പരസ്പരം കൈമാറ്റം ചെയ്യേണ്ടത് എല്ലാ കാലവും അത്യാവശ്യമാണ്. ഈ വ്യവഹാരങ്ങളിലാണ് നാടിൻ്റെ നിലനില്‍പ്പ് തന്നെ. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ഒരാളെ പ്രാപ്തനാക്കുന്ന ഇടമാണ്, പ്ലസ് ടു കൊമേഴ്‌സ് ക്ലാസ്സുമുറികൾ.
ഇൻഷൂറൻസ് അഡ്വൈസർ, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ബിസിനസ് അനലിസ്റ്റ്, ഓഡിറ്റര്‍, ബിസിനസ്സ് മാനേജര്‍, ഡാറ്റാ അനലിസ്റ്റ് എന്നിങ്ങനെ ആകര്‍ഷകമായ നിരവധി കരിയര്‍ ഓപ്ഷനുകളും ഉണ്ട്.
കണക്കിനോട് വലിയ പ്രതിപത്തിയില്ലാത്തവർക്ക്, കണക്ക് ഒരു ഓപ്ഷനല്ലാതെയും പ്ലസ് ടു കൊമേഴ്‌സ് പഠിക്കാനുള്ള അവസരം, വിവിധ കൊമേഴ്സ് ഗ്രൂപ്പുകളിലുണ്ട്.
കൊമേഴ്‌സ് ഗ്രൂപ്പില്‍ ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ് എന്നിവയ്ക്ക് പുറമേ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഓപ്ഷനായി തിരഞ്ഞെടുക്കാം. കൊമേഴ്‌സ് പ്ലസ് ടു കഴിഞ്ഞവര്‍ ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ്(ബികോം), ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍(ബിബിഎ), ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്(ബിഎംഎസ്), ബാച്ചിലര്‍ ഓഫ് ബിസിനസ്സ് സ്റ്റഡീസ്(ബിബിഎസ്)എന്നിവയാണ് പൊതുവേ ബിരുദതലത്തില്‍ ഉപരിപഠനത്തിന് തിരഞ്ഞെടുക്കാനുളള മുഖ്യ സാധ്യത.ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട്, സ്റ്റോക്ക് മാര്‍ക്കറ്റ്, ഐടി തുടങ്ങിയ മേഖലകള്‍ കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് ജോലി സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതിനു പുറമേ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി പ്രോഗ്രാം, കോസ്റ്റ് അക്കൗണ്ടന്‍സി എന്നിവയും കൊമേഴ്‌സുകാര്‍ക്ക് എളുപ്പത്തിൽ പഠിച്ചെടുക്കാവുന്നതാണ്.
പ്ലസ് ടു തലത്തിൽ, കൊമേഴ്സ് പഠിയ്ക്കണമെന്ന് നിർബന്ധമില്ലെങ്കിലും പൊതുവിൽ ചാർട്ടഡ് അക്കൗണ്ടുമാരൊക്കെ കൊമേഴ്സ് പശ്ചാത്തലമുള്ളവർ തന്നെയാണ്. അക്കൗണ്ടിംഗ്, ടാക്‌സേഷന്‍, ഓഡിറ്റിംഗ് എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി കോഴ്‌സില്‍ (സി.എ.) മൂന്നുഘട്ടങ്ങളാണുള്ളത്. 12-ാം ക്ലാസ് പരീക്ഷ കഴിയുമ്പോള്‍ ആദ്യ ഘട്ടമായ ഫൗണ്ടേഷൻ രജിസ്റ്റര്‍ ചെയ്യാം; പ്ലസ്ടു പരീക്ഷ പാസായി കഴിഞ്ഞയുടന്‍ ഫൗണ്ടേഷൻ പരീക്ഷ എഴുതാം. ഫൗണ്ടേഷനും പ്ലസ് ടുവും പാസ്സായാല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം; ഒമ്പതു മാസത്തെ പഠനത്തിനു ശേഷം പരീക്ഷ എഴുതാം. മൂന്നു വര്‍ഷത്തെ പ്രായോഗിക പരിശീലനത്തിനുശേഷം ഫൈനല്‍ പരീക്ഷയും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ആണ് സി.എ. പരീക്ഷകള്‍, അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണ് കമ്പനി സെക്രട്ടറി കോഴ്‌സ് നടത്തുന്നത്. കമ്പനി നിയമപ്രകാരം നടപ്പിലാക്കേണ്ട കാര്യങ്ങള്‍ കമ്പനി പിന്തുടരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ് കമ്പനി സെക്രട്ടറിയുടെ ചുമതല. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന- ഉത്പാദന ഗുണനിലവാരം നിലനിര്‍ത്തുക, നിര്‍മാണച്ചെലവ് കുറയ്ക്കുക തുടങ്ങിയവയൊക്കെയാണ് പൊതുവിൽ കോസ്റ്റ് അക്കൗണ്ടന്റിന്റെ ഉത്തരവാദിത്തങ്ങള്‍. സി.എ പരീക്ഷയുടെ പോലെ മൂന്നു ഘട്ടങ്ങളാണ് ഈ കോഴ്‌സുകള്‍ക്കുമുള്ളത്. ഇവയ്ക്ക് ബിരുദം നിര്‍ബന്ധമില്ല. എന്നാലും ബിരുദ പഠനത്തിനൊപ്പം ഈ കോഴ്‌സുകള്‍ ചെയ്യാവുന്നതാണ്.
3. മികച്ച സാധ്യതകളുമായി, ഹുമാനിറ്റീസ് ഗ്രൂപ്പ്
മനുഷ്യരെന്ന നിലയില്‍ നമുക്ക് നമ്മളെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും കൂടുതല്‍ അറിയേണ്ടതുണ്ട്.ഇന്ത്യ പോലുള്ള രാജ്യത്തിൻ്റെ സമ്പത്ത്, അതിൻ്റെ മാനവവിഭവശേഷി കൂടിയാണ്. വിവിധ മേഖലകളിലെ
സംസ്‌കാരം, ചരിത്രം, സാഹിത്യം, ഭാഷാപഠനം, സാമൂഹികശാസ്ത്രം, നരവംശശാസ്ത്രം, തത്വശാസ്ത്രം, പ്രകൃതി, ധനശാസ്ത്രം, നിയമം, രാഷ്ട്രമീമാംസ, സൈക്കോളജി, ഭൗമശാസ്ത്രം, സംഗീതം, മതം, നൃത്തം, ലളിതകല തുടങ്ങിയ നിരവധി തലങ്ങളിലൂടെ മനുഷ്യരാശിയുടെ ഇടപെടലുകളും അവയുടെ മഹത്വവും മനസ്സിലാക്കാന്‍ ഹ്യൂമാനിറ്റീസ് പഠനം നമ്മെ സഹായിക്കുന്നു. മറ്റുള്ളവരെ അവരുടെ ഭാഷയിലൂടെയും ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും കൂടുതല്‍ മനസ്സിലാക്കാന്‍ അത് വഴി തുറക്കും. വിമര്‍ശനാത്മകമായി ചിന്തിക്കാനും വായിക്കാനും എഴുതാനും ഹ്യുമാനിറ്റീസ് കളമൊരുക്കും. നന്നായി ആശയവിനിമയം ചെയ്യാനും, മറ്റുള്ളവരെ മനസ്സിലാക്കാനും, അവരുടെ മനസ്സിലിരുപ്പ് അറിയാനും, വിമര്‍ശനാത്മകമായി ചിന്തിക്കാനും ഒക്കെ സാധിക്കുന്നവര്‍ക്ക് തന്നെയാണ് തൊഴില്‍ വിപണിയിലും ഡിമാൻഡ്.
മുന്‍പൊക്കെ സയന്‍സും കൊമേഴ്‌സും കിട്ടാത്തവര്‍ ഒടുവില്‍ മറ്റ് വഴിയില്ലാതെ പഠിച്ചിരുന്ന ഗ്രൂപ്പായിരുന്നു ഹ്യുമാനിറ്റീസ് എങ്കില്‍, ഇപ്പോള്‍ കഥ മാറി. പൊതുവിൽ സിവിൽ സർവീസ് മോഹികളുടെ ഇഷ്ട കോമ്പിനേഷനായി, ഈയടുത്ത കാലത്ത് ഹ്യുമാനിറ്റീസ് ബാച്ചുകൾ മാറിയിട്ടുണ്ട്. ഹയർ സെക്കണ്ടറിയിൽ ഏറ്റവും അധികം ഓപ്ഷനുള്ള ഗ്രൂപ്പാണ് ഹ്യുമാനിറ്റീസ്.
ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ജിയോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, ആന്ത്രപോളജി, സ്റ്റാറ്റിസ്റ്റിക്‌സ് , അറബി, ഹിന്ദി, ഉര്‍ദു, കന്നഡ, തമിഴ്, സംസ്‌കൃത സാഹിത്യം, സംസ്‌കൃത ശാസ്ത്രം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേണലിസം, ഇംഗ്ലീഷ് സാഹിത്യം, മ്യൂസിക്, മലയാളം എന്നിവയില്‍ ഏതെങ്കിലും നാല് വിഷയങ്ങളും രണ്ട് ഭാഷാ വിഷയവുമാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ഉള്ളത്.
0 comments: