ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷയില്ലാതെ നേരിട്ട് പ്രവേശനം നല്കാന് യൂനിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമീഷന് അനുമതി നല്കി.നിലവിലെ സീറ്റിനെ ബാധിക്കാതെ 25 ശതമാനം അധിക സീറ്റ് അനുവദിച്ചാണ് ഇത് സാധ്യമാക്കുക.
റെഗുലേറ്ററി ബോഡികള്‍ നിശ്ചയിച്ച അടിസ്ഥാന സൗകര്യവും ഫാക്കല്‍റ്റിയും മറ്റും ഉറപ്പാക്കണമെന്ന് നിബന്ധനയുണ്ട്. അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളില്‍ വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാണ് വ്യവസ്ഥകളില്‍ ഇളവ് നല്‍കിയതെന്ന് യു.ജി.സി ചെയര്മാന് ജഗദേഷ് കുമാര്‍ പി.ടി.ഐ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യയിലെയും വിദേശത്തെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള എക്സ്ചേഞ്ച് പ്രോഗ്രാം, ധാരണപത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ 25 ശതമാനത്തില്‍ ഉള്‍പ്പെടുത്തില്ല. വിദേശ വിദ്യാര്‍ഥികള്‍ക്കായി അനുവദിച്ച സൂപ്പര്‍ ന്യൂമററി സീറ്റുകളില്‍ മറ്റുള്ളവരെ പ്രവേശിപ്പിക്കില്ല.
വിദേശകാര്യ മന്ത്രാലയത്തില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം 2021ല്‍ 23,439 വിദേശ വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ പഠിക്കാനെത്തിയത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണ്.2019ല്‍ 75000ത്തിലേറെ വിദേശ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ പഠനത്തിനെത്തിയിരുന്നു. വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്കാന് ഇതും പ്രേരണയായിട്ടുണ്ട്.
0 comments: