2022, ഓഗസ്റ്റ് 21, ഞായറാഴ്‌ച

പ്ലസ്​ വണ്‍ പ്രവേശനം: നായര്‍ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാം -ഹൈകോടതി

 


എന്‍.എസ്.എസിന്റെ സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് അനുവദിച്ച സമുദായ ക്വോട്ടയിലേക്ക് നായര്‍ സമുദായത്തിലെ കുട്ടികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാമെന്ന് ഹൈകോടതി.മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 10 ശതമാനം സമുദായ ക്വോട്ട സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.

അപ്പീല്‍ നേരത്തേ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച്, എന്‍.എസ്.എസ് സ്കൂളുകളുടെ കാര്യത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതു സ്റ്റേ ചെയ്തിരുന്നു. സമുദായ ക്വോട്ടയിലെ പ്രവേശന നടപടികളുമായി എന്‍.എസ്.എസിന്​ മുന്നോട്ടുപോകാമെന്നും ഹൈകോടതി ഉത്തരവില്ലാതെ പ്രവേശനം അന്തിമമാക്കരുതെന്നും ഈമാസം 16ന്​ നിര്‍ദേശിച്ചിരുന്നു.

ഈ വിഷയത്തില്‍ കൂടുതല്‍ വാദം കേട്ടശേഷമാണ് സമുദായ ക്വോട്ടയില്‍ നായര്‍ സമുദായത്തിലെ കുട്ടികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാന്‍ ഇപ്പോള്‍ അനുമതി നല്‍കിയത്. അതേസമയം, സമുദായ ക്വോട്ട റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരായ അപ്പീലില്‍ വാദം തുടരും.

മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകളിലെ പ്ലസ്​ വണ്‍ പ്രവേശനത്തിന് 10 ശതമാനം സമുദായ ക്വോട്ട അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്ന് വ്യക്തമാക്കി ജൂലൈ 27നാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. എന്നാല്‍, ഭരണഘടന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സമുദായ ക്വോട്ട അനുവദിച്ചതെന്നും മുന്നാക്ക സമുദായ സ്കൂള്‍ മാനേജ്മെന്റുകളുടെ വാദം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നും പറഞ്ഞ്​ എന്‍.എസ്.എസ് അപ്പീല്‍ നല്‍കുകയായിരുന്നു.

0 comments: