2022, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

വാർഷിക ശമ്പളം 61,15,912 ലക്ഷം രൂപ, ജോലി മതിയാവോളം മിഠായി രുചിക്കുക; അന്യായ ഓഫറുമായി ഒരു കനേഡിയൻ കമ്പനി

 



ജോലി തേടുന്ന മധുരക്കൊതിയർക്ക് ‘ക്ഷ’ പിടിക്കുന്നൊരു കിടിലൻ ഓഫറുമായെത്തിയിരിക്കുകയാണ് ഒരു കമ്പനി. വാർഷിക ശമ്പളമായി 61,15,912 ലക്ഷം രൂപ  ഓഫർ ചെയ്യുന്ന കമ്പനിയ്ക്ക് ഒറ്റ നിർബന്ധമേയുള്ളൂ. ജീവനക്കാർ തുറന്ന മനസ്സോടെ സത്യസന്ധരായി പെരുമാറുന്നവരാകണം. കനേഡിയൻ കാൻഡി സ്റ്റോർ ആയ കാൻഡി ഫൺഹൗസാണ് ജോലിതേടുന്നവർക്കു മുന്നിൽ വമ്പർ ഓഫറുമായെത്തിയിരിക്കുന്നത്. 

ലിങ്കിഡ് ഇന്നിലൂടെയാണ് കമ്പനി ചീഫ് കാൻഡി ഓഫിസർ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തേടുന്ന വിവരം ആളുകൾ അറിഞ്ഞത്. മനസ്സു നിറയ്ക്കുന്ന ശമ്പളം കണ്ട് മധുര പ്രിയരായ ആളുകളെല്ലാം കൂടി ഓടിയെത്താൻ വരട്ടെ. ജോലിക്ക് അപേക്ഷിക്കേണ്ട ആളുകളെക്കുറിച്ചുള്ള കമ്പനിയുടെ നിബന്ധനകൾ കേട്ടിട്ട് മാത്രം ജോലിക്ക് അപേക്ഷിച്ചാൽ മതി.

മാസത്തിൽ 3500 ഓളം വരുന്ന വിവിധ രുചികളിലുള്ള മിഠായികൾ രുചിച്ച് ഗുണമേന്മയും പോരായ്മയും വിലയിരുത്താൻ കഴിവുള്ളയാളാകണം ചീഫ് കാൻഡി ഓഫിസർ. മധുരം, പുളിയുള്ളത്, പീനട്ട്ബട്ടർ, കിറ്റ്കാറ്റ് എന്നിവയുൾപ്പെടെയുള്ളതുമായ മിഠായികളാണ് ഈ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ രുചിക്കേണ്ടത്.

രുചിശേഷി പരിശോധയ്ക്കും പരിശീലനത്തിനും ശേഷം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ടൊറന്റോയിലെയോ ന്യൂജഴ്സിയിലോ ഓഫിസിലിരുന്ന് ജോലി ചെയ്യാം. ഉത്സാഹികളായ, സുവർണ രുചിമുകുളങ്ങളുള്ള, ഫുഡ് അലർജിയില്ലാത്ത ഉദ്യോഗാർഥികളെയാണ് തങ്ങൾ പരിഗണിക്കുന്നതെന്നാണ് കമ്പനിയുടെ പക്ഷം.

ജോലികിട്ടി മിഠായി രുചിച്ച് പല്ലെല്ലാം കേടായിപ്പോയാൽ എന്തു ചെയ്യുമെന്ന ആശങ്കയൊന്നും ഉദ്യോഗാർഥികൾക്ക് വേണ്ടെന്നും ജീവനക്കാരുടെ ദന്തസംരക്ഷണത്തിൽ ആവശ്യത്തിലേറെ കരുതൽ തങ്ങൾക്കുണ്ടെന്നും വാർത്താ കുറിപ്പിലൂടെ കമ്പനിയുടെ സിഇഒ ആയ ജമാൽ ഹെജാസി ഓർമിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 31 നു മുൻപ് ലിങ്കിഡ് ഇന്നിൽ അപേക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.

0 comments: