2022, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ചെരിപ്പിടാതെ പുസ്തകം വില്‍ക്കാമോ? 59,000 രൂപ ശമ്പളം ; സൗജന്യ ഭക്ഷണം താമസം

 


പുസ്തകങ്ങള്‍ വില്‍ക്കുന്ന ജോലി ചെയ്യാന്‍ താത്പര്യമുണ്ടോ? എങ്കില്‍ മാലിദ്വീപില്‍ അനുയോജ്യമായ ഒരു ഓഫര്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഈ ജോലി ചെയ്യുമ്ബോള്‍ നിങ്ങള്‍ ചെരിപ്പിടാന്‍  പാടില്ല.

അള്‍ട്ടിമേറ്റ് ലൈബ്രറിയുടെ സെയില്‍സ് മാനേജരായ അലക്സ് മക്വീന്‍ ആണ് യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരു പുസ്തക പ്രേമിയെ തേടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപായ കുന്‍ഫുനാധൂവില്‍  പുസ്തക വില്‍പ്പനക്കാരന്റെ ഒഴിവിലേയ്ക്കാണ് അദ്ദേഹം ആളെ തേടുന്നത്. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മാലിദ്വീപിലെ ബീച്ചുകളില്‍ ചെരിപ്പ് ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ചെരുപ്പിടാതെയാണ് പുസ്തക വില്‍പ്പന നടത്തേണ്ടത്.

ഒക്ടോബര്‍ മുതലാണ് കോണ്‍ട്രാക്‌ട് ആരംഭിക്കുന്നത്. ഒരു പുസ്തക കട നടത്തുകയാണ് ജോലി. കൂടാതെ അക്കൗണ്ടിംഗും സ്‌റ്റോക്ക് മാനേജ്‌മെന്റും അയാള്‍ തന്നെ ചെയ്യേണ്ടതുണ്ട്. ലോകമെമ്ബാടുമുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഷോപ്പുകള്‍, സ്വകാര്യ വസതികള്‍ എന്നിവിടങ്ങളിലെ പുസ്തക ശേഖരണങ്ങള്‍ ക്യൂറേറ്റ് ചെയ്യുന്ന യുകെ ആസ്ഥാനമായുള്ള കമ്പനിയായ അള്‍ട്ടിമേറ്റ് ലൈബ്രറിയുടെ സെയില്‍സ് മാനേജരാണ് മക്വീന്‍. സൊനേവ ഫുഷി റിസോര്‍ട്ടില്‍ ഒരു ബുക്ക്‌ഷോപ്പും അദ്ദേഹം നടത്തുന്നുണ്ട്.

ദ്വീപില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്നവരെ പരിചയപ്പെടാനും പുസ്തകങ്ങള്‍ ശുപാര്‍ശ ചെയ്യാനും അറിയുന്ന ഒരാളായിരിക്കണം അപേക്ഷകന്‍ എന്നും അദ്ദേഹം പറഞ്ഞു. പുസ്തക വില്‍പ്പനയിലോ പ്രസിദ്ധീകരണത്തിലോ പരിചയമുള്ള ഒരാളെ ആയിരിക്കും റിക്രൂട്ട് ചെയ്യുക.

സെലക്‌ട് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥിക്ക് താമസവും ഭക്ഷണവും സൗജന്യമായി നല്‍കും. കൂടാതെ ജിം, സ്പാ, ഡൈവിംഗ് പോലുള്ള വിനോദങ്ങളും സൗജന്യമായി അനുവദിക്കും. ജീവനക്കാര്‍ക്ക് ഒരു സ്വകാര്യ ബീച്ചും ഉണ്ടായിരിക്കും. 59,000 രൂപയായിരിക്കും പ്രതിമാസശമ്പളം . എന്നാല്‍ പുസ്തകവുമായി ബന്ധപ്പെട്ട വര്‍ക്ക്ഷോപ്പുകളോ ക്ലാസുകളോ നടത്തിയാല്‍ സര്‍വീസ് ഫീസും അവര്‍ക്ക് ലഭിക്കും.

ഇത്തരത്തില്‍ ആറ് മാസത്തെ കരാര്‍ പൂര്‍ത്തിയാക്കിയ യുവതിയാണ് ജോര്‍ജി പോള്‍ഹില്ലി. പുതിയ സംസ്‌കാരം പഠിക്കാനും സുഹൃത്തുക്കളെ കണ്ടെത്താനും ഇതുവഴി തനിക്ക് കഴിഞ്ഞുവെന്ന് അവര്‍ പറയുന്നു. തികച്ചും വ്യത്യസ്തയായ ഒരു വ്യക്തിയായാണ് താന്‍ തിരിച്ചെത്തിയതെന്ന് ജോര്‍ജി പറയുന്നു. ഇപ്പോള്‍ നാടകരംഗത്ത് പ്രവര്‍ത്തിക്കുകയാണ് ജോര്‍ജി. കഴിഞ്ഞ ആറ് മാസക്കാലം ചെരിപ്പിടാതെ ജോലി ചെയ്തതിനാല്‍ തിരിച്ചെത്തിയതിനു ശേഷം ചെരിപ്പിടാന്‍ ബുദ്ധിമുട്ട് തോന്നിയെന്നും ജോര്‍ജി പറഞ്ഞു. നേരത്തെ ലണ്ടനിലാണ് ജോര്‍ജി ബുക്ക്‌സെല്ലറായി ജോലി ചെയ്തിരുന്നത്.

പ്രൊഫഷണല്‍ കരിയറിന്റെ കാര്യത്തില്‍ യുവാക്കള്‍ നിലവിലുള്ള മുന്‍ഗണനകള്‍ അല്ല പിന്തരുന്നതെന്ന് അടുത്തിടെ ഒരു ഗവേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ചെറുപ്പക്കാര്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത ജോലിയില്‍ തുടരുന്നതിനേക്കാള്‍ തൊഴില്‍ രഹിതരായിരിക്കാനാണ് താത്പര്യപ്പെടുന്നതെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


0 comments: