2022, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിരോധനം; നിങ്ങളുടെ മൊബൈല്‍ ഫോണിനെക്കുറിച്ച്‌ ആശങ്കയുണ്ടോ?


രാജ്യത്ത് ചൈനീസ്  കമ്പനികളായ ഷവോമി (Xiaomi ), ഒപ്പോ (Oppo), റിയല്‍മീ ( Realme) ട്രാന്‍ഷന്‍ (Transsion) എന്നിവയുടെ 12,000 രൂപയില്‍ താഴെ വിലയുള്ള ഫോണുകള്‍ വില്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താന്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത രാജ്യത്തുടനീളമുള്ള പ്രാദേശിക സ്മാര്‍ട്ട്ഫോണ്‍ വിപണികളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.ചില വില്‍പ്പനക്കാര്‍ തങ്ങളുടെ ലാഭത്തിലുണ്ടാകുന്ന ഇടിവിനെക്കുറിച്ച്‌ ആശങ്കാകുലരാകുമ്പോൾ  മറ്റു ചിലര്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുന്നവരുമാണ്‌.

എന്നാല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ ഉപഭോക്താക്കളെയും റീട്ടെയിലര്‍മാരെയും ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരെയും എങ്ങനെ ബാധിക്കുമെന്നതാണ് നിലവിലെ ചര്‍ച്ചാ വിഷയം.

ചൈനീസ്‌ ബജറ്റ് സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലേക്ക് എത്തിയതോടെയാണ് തങ്ങള്‍ നല്‍കുന്ന പണത്തിന് പരമാവധി മൂല്യത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ ലഭിക്കുന്നതായി ഉപഭോക്താക്കള്‍ക്ക് തോന്നി തുടങ്ങിയത്. ഇന്ത്യന്‍ വിപണിയില്‍ ഷവോമി എത്തിയ 2014 കാലഘട്ടം മുതലാണ്‌ ഈ മാറ്റത്തിന് തുടക്കമായത്. നല്‍കുന്ന പണത്തിന് മികച്ച സ്‌പെസിഫിക്കേഷനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

അതേസമയം, മൈക്രോമാക്സ്, ലാവ, ഇന്റക്സ് തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ചൈനീസ് കമ്പനി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. രാജ്യത്ത് 4ജി അവതരിപ്പിച്ചപ്പോള്‍, ചൈനീസ് ബ്രാന്‍ഡുകള്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ബജറ്റ് വിഭാഗത്തില്‍ 4ജി ഹാര്‍ഡ്വെയറുകള്‍ ലഭ്യമാക്കിയത്.

ഷവോമി, ഒപ്പോ, റിയല്‍മീ, വിവോ എന്നിവ 2022ലെ ഒന്നാം പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി വിഹിതത്തിന്റെ 63 ശതമാനം കൈവശപ്പെടുത്തിയെന്നാണ് കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ട്. എന്നാല്‍ 12,000 രൂപയില്‍ താഴെയുള്ള എല്ലാ ബജറ്റ് സ്മാര്‍ട്ട്ഫോണുകള്‍ക്കും പുതിയ തീരുമാനം ബാധകമല്ലെന്നാണ് വിവരം.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തിലൂടെ ലാവ, മൈക്രോമാക്സ്, ഇന്റക്സ് തുടങ്ങിയ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ നേട്ടമുണ്ടാകുമെന്ന് ജയ്പൂരിലെ പ്രാദേശിക റീട്ടെയിലറായ സണ്ണി ഇലക്‌ട്രോണിക്സ് ഉടമ പറയുന്നു. ആദ്യ സമയങ്ങളില്‍ ചൈനീസ് ബ്രാന്‍ഡ് മികച്ച ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്തതാണ്‌ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ജനപ്രീതി കുറയാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഞാന്‍ അഭിനന്ദിക്കുന്നുണ്ടെങ്കിലും, 12,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച ഫോണുകള്‍ വാങ്ങാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും. അതേസമയം, ഇതിലൂടെ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് രാജ്യത്തിന്റെ സമ്പത് വ്യവസ്ഥക്ക്  കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയും. എന്നാല്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ വിദേശ നിര്‍മ്മിത ഫോണ്‍ പാര്‍ട്ട്‌സുകള്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ചില ചെറുകിട കച്ചവടക്കാര്‍, പുതിയ തീരുമാനത്തിലൂടെ ലാഭം കുത്തനെ ഇടിഞ്ഞേക്കുമെന്ന് ആശങ്കയെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ അതൃപ്തി പ്രകടപ്പിക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം, ഇതിലൂടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയായ ചൈനക്കെതിരെ മത്സരിക്കാനും ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയാണ് ഇന്ത്യ. ഉടന്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയായി മാറാനുള്ള തയ്യാറെടുപ്പിലുമാണ് രാജ്യം. പക്ഷേ, നിലവില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന കമ്പനികള്‍ പ്രധാനമായും ചൈനയില്‍ നിന്നും ഉള്ളവയാണ്.

0 comments: