പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ മൂന്നാം അലോട്ട്മെന്റിനു മുൻപ് കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ട സീറ്റുകളില്‍ പ്രവേശനത്തിന് അനുമതി നല്‍കിയത് വിദ്യാര്‍ഥികള്‍ക്ക് കുരുക്കായി.കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട സീറ്റുകളില്‍ പ്രവേശനം നേടിയവര്‍ക്ക് മൂന്നാം അലോട്ട്മെന്റില്‍ പ്രവേശന സാധ്യത തെളിഞ്ഞപ്പോള്‍ സ്കൂള്‍, കോഴ്സ് മാറ്റത്തിന് സാധിച്ചില്ല. ഇതു സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ കമ്യൂണിറ്റി ക്വാട്ട സീറ്റില്‍ പ്രവേശനം നേടിയവര്‍ക്ക് മെറിറ്റ് സീറ്റിലേക്ക് മാറാന്‍ അനുമതി നല്കി.
എന്നാല്‍, കമ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം നേടിയ സ്കൂളിലെ സമാന കോഴ്സിലേക്കാണ് മെറിറ്റിലും അലോട്ട്മെന്റ് ലഭിച്ചതെങ്കില്‍ അത്തരം വിദ്യാര്‍ഥികള്‍ക്ക് മാറ്റം അനുവദിക്കില്ല. മറ്റൊരു സ്കൂളിലേക്കോ മറ്റൊരു കോഴ്സിലേക്കോ അലോട്ട്മെന്റ് ലഭിച്ചവര്‍ക്കാണ് മാറ്റം ലഭിക്കുക. മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്ക് മെറിറ്റിലേക്ക് മാറ്റം അനുവദിച്ചിട്ടില്ല.
പല എയ്ഡഡ് സ്കൂളുകളും പണം വാങ്ങി മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്കിയ വിദ്യാര്‍ഥികള്‍ക്ക് അതേ സ്കൂളില്‍ മെറിറ്റില്‍ അലോട്ട്മെന്റ് ലഭിക്കുമ്ബോള്‍ കുട്ടി അറിയാതെ സീറ്റ് മാറ്റി നല്‍കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള മാറ്റം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. മെറിറ്റിലേക്ക് മാറിയ വിദ്യാര്‍ഥിയില്‍നിന്ന് ആദ്യം വാങ്ങിയ പണം തിരികെ നല്‍കുന്നില്ലെന്നും പകരം മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കുന്നവരില്‍നിന്ന് പണം വാങ്ങുന്നെന്നും പരാതി ഉയര്‍ന്നിരുന്നു. പുതിയ സാഹചര്യത്തില്‍ കമ്യൂണിറ്റി ക്വാട്ട സീറ്റിലേക്കുള്ള അലോട്ട്മെന്റും അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നുണ്ട്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം നല്കുന്ന സോഫ്റ്റ്വെയര് ഉപയോഗിച്ച് സ്കൂള്‍തലത്തില്‍ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിലവില്‍ കമ്യൂണിറ്റി ക്വാട്ട സീറ്റില്‍ പ്രവേശനം നടത്തുന്നത്. പല സ്കൂളുകളിലും കുട്ടികള്‍ക്ക് കമ്യൂണിറ്റി ക്വോട്ട സീറ്റിന് അപേക്ഷാ ഫോറം നല്‍കുന്നില്ലെന്ന് പരാതിയുമുണ്ട്. ഏകജാലക പ്രവേശന നടപടികളുടെ ഭാഗമായി കമ്യൂണിറ്റി ക്വാട്ട സീറ്റിലേക്കും പ്രവേശനം നടത്തുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്.
0 comments: