2022, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ഗൂഗിൾ മാപ്പ് പറയുന്ന വഴി അതേപോലെ വിശ്വസിക്കല്ലേ…പണിപാളും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ

 


വിവരസാങ്കേതിക വിദ്യയുടെ കടന്നുവരവോടെ നിത്യ ജീവിതത്തിൽ നാം ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങളിലും ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് ഗൂഗിൾ ആണ്. എണ്ണിയാലൊടുങ്ങാത്ത സേവനങ്ങൾ വിഭാവനം ചെയ്യുന്ന ഗൂഗിളിന്റെ ഏറ്റവും അധികം ആളുകൾ ഉപയോഗപ്പെടുത്തുന്ന സേവനമാണ് ഗൂഗിൾ മാപ്പ്‌. എങ്കിൽ ഗൂഗിൾ പറയുന്നതിനെ അതേപടി കണ്ണടച്ച് വിശ്വസിക്കാനും പാടില്ല, എന്ന് ഓർമപ്പെടുത്തുന്ന കുറയെ അധികം സംഭവങ്ങളാണ് ഈ അടുത്ത കുറച്ചു കാലമായി മാധ്യമങ്ങൾ അടക്കം ശ്രദ്ധയിൽ പെടുത്തുന്നത്. ഗൂഗിള്‍ മാപ്പ് പറഞ്ഞപ്രകാരം ഓടിച്ചു ചെന്ന കാര്‍ ചെന്നുപെട്ടത് തോട്ടില്‍. ഗ്യാസ് ടാങ്കര്‍ ലോറി ദേശീയപാത വിട്ട് ഇടവഴിയില്‍ ബ്ലോക്കായത് വേറൊരു വാര്‍ത്ത. ബെംഗളൂരു നഗരത്തിലെ ബന്ധുവീട്ടില്‍ എത്താന്‍ അര മണിക്കൂറിന് പകരം വട്ടം കറങ്ങിയത് നാലുമണിക്കൂര്‍. പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ് ദിശ കാണിച്ച് മുന്നേറുമ്പോള്‍ പെരുവഴിയിലാകുന്നവരുടെ എണ്ണവും കൂടുകയാണ്. മഴക്കാലത്താണ് ഇത് ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അബദ്ധങ്ങള്‍ സംഭവിക്കുന്നതില്‍ നമ്മുടെ ശ്രദ്ധക്കുറവുമുണ്ട്.

ഗൂഗിള്‍ മാപ്പ് പറയാത്ത ചില കാര്യങ്ങളുണ്ട്..

വെള്ളപ്പൊക്കവും കനത്ത മഴയുമുള്ള നേരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടും. ഇത് പക്ഷേ ഗൂഗിള്‍ മാപ്പ് പറഞ്ഞെന്നു വരില്ല. കേരളത്തില്‍ വെള്ളപ്പൊക്കമാണെന്നും റൂട്ടിനെ അത് ബാധിക്കാമെന്നും ഇപ്പോള്‍ മാപ്പില്‍ നോട്ടിഫിക്കേഷന്‍ കാണിക്കുന്നുണ്ട്. മലയോരഗ്രാമങ്ങളില്‍ വേനലില്‍ വെള്ളം കുറഞ്ഞയിടങ്ങളിലൂടെ ജീപ്പുകളടക്കം പുഴ മുറിച്ചുകടക്കും. ഇത് ഗൂഗിള്‍ മാപ്പില്‍ സെറ്റ് ചെയ്തിട്ടുണ്ടൈങ്കില്‍ പുഴ നിറഞ്ഞൊഴുകുന്ന സമയത്തും മാപ്പ് കാണിക്കുന്നത് ഈ റൂട്ടായിരിക്കും. ഇന്റര്‍നെറ്റ് കുറവുള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ മാപ്പില്‍ കൃത്യത കുറയും. ഇറങ്ങുംമുന്‍പ് ഓഫ് ലൈന്‍ മാപ്പ് ഡൗണ്‍ലോഡ് ചെയ്ത് വെക്കണം.ശബ്ദനിര്‍ദേശമനുസരിച്ച് ഇടത് വലത് തിരിയുമ്പോള്‍ മാപ്പ് കൂടി ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ വളവുകള്‍ മാറിപ്പോകും. തിരക്ക് കുറവുള്ള റോഡുകളെ എളുപ്പവഴിയായി കാണിക്കാറുണ്ട്. എന്നാല്‍ ഇത് മണ്‍സൂണ്‍ കാലങ്ങളില്‍ സുരക്ഷിതമാകണമെന്നില്ല.

ഗൂഗിള്‍ മാപ്പിനോട് നമ്മള്‍ പറയേണ്ട ചില കാര്യങ്ങൾ..

  • ഗൂഗിള്‍ മാപ്പില്‍ യാത്രാരീതി തിരഞ്ഞെടുക്കാന്‍ മറക്കരുത്. ഫോര്‍ വീലര്‍, ടൂവീലര്‍, സൈക്കിള്‍, കാല്‍നടയാത്ര എന്നിങ്ങനെ യാത്ര ചെയ്യുന്ന രീതി തിരഞ്ഞെടുക്കണം. ബൈക്ക് പോകുന്ന വഴി ഫോര്‍ വീലര്‍ പോകില്ല. ഈ കാരണം കൊണ്ടുതന്നെ വഴിതെറ്റാം.
  • യാത്രചെയ്യുന്ന റോഡില്‍ തടസ്സമുണ്ടായാല്‍ അത് മാപ്പില്‍ അപ്പ്ലോഡ് ചെയ്യണം. പിന്നാലെ വരുന്ന യാത്രക്കാര്‍ക്ക് അത് പ്രയോജനപ്പെടും.
  • അതുപോലെ തന്നെ പോകുന്ന വഴിയിലെ ഫീച്ചറുകള്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കാവുന്നതാണ്. ഫോട്ടോ, റോഡ് ബ്ലോക്ക് തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഗൂഗിള്‍ നിങ്ങളെ ലോക്കല്‍ ഗൈഡ് ആക്കും. വിവരങ്ങള്‍ അധികം ചേര്‍ക്കുന്നതിനുസരിച്ച് ഗ്രേഡിങ് കിട്ടും. 100 ജി.ബി. സ്‌പേസ് അടക്കമുള്ള സമ്മാനം ഗൂഗിള്‍ തരികയും ചെയ്യും.


0 comments: