2022, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

കറിമസാല‍കളിലും കുപ്പിവെള്ളത്തിലും ഉയര്‍ന്ന അളവില്‍ കീടനാശിനികള്‍; റിപ്പോര്‍ട്ട് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു, നടപടിയെടുക്കുന്നില്ലെന്ന് പരാതി

 

സംസ്ഥാനത്തെ വിപണികളില്‍ വിവിധ  കമ്പനികൾ   വിറ്റഴിക്കുന്ന കറി മസാല പൊടികളില്‍ ഉപഭോക്താക്കള്‍ക്ക് മാരക രോഗങ്ങള്‍ വിതക്കുന്ന എത്തിയോണ്‍ കീടനാശിനി ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉണ്ടെന്നുള്ള സര്‍ക്കാര്‍ ലാബ് റിപ്പോര്‍ട്ട് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ ബന്ധപ്പെട്ട നിര്‍മ്മാതാക്കള്‍ക്കെതിരെ ഒരു നിയമനടപടിയും സ്വീകരിച്ചില്ലെന്ന് പയ്യാമ്പലം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ലിയാനാര്‍ഡോ ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കാക്കനാട് റീജനല്‍ അനലറ്റിക്ക് ലാബ് കഴിഞ്ഞ 27ന് നല്‍കിയ വിവരാവകാശ മറുപടിയില്‍ മലയാളികള്‍ ഉപയോഗിക്കുന്ന ഒരുവിധം എല്ലാ ബ്രാന്റ് കറിമസാലപ്പൊടികളിലും എത്തിയോണ്‍ കീടനാശിനിയുടെ അളവ് വളരെ കൂടുതലാണെന്ന ഞെട്ടിക്കുന്ന വിവരമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വിപണിയില്‍ മാരകമായ കീടനാശിനി അടങ്ങിയ കറി മസാലപ്പൊടികളാണ് ഉളളതെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു. മുളക്, മല്ലി, മഞ്ഞള്‍, ഇറച്ചിമസാല, ചില്ലിചിക്കന്‍ മസാല, തന്തൂരി ചിക്കന്‍ മസാല, ഗരം മസാല എന്നീ പൊടികളില്‍ മനുഷ്യ കരള്‍, വൃക്ക, നാഡീവ്യൂഹം എന്നിവ തകര്‍ക്കുകയും കാന്‍സറിനും കാരണമാവുകയും ചെയ്യുന്ന എത്തിയോണ്‍ അനുവദനീയമായ അളവിലും കൂടുതലുണ്ടെന്നാണ് കാക്കനാട് റീജണല്‍ അനലറ്റിക്ക് ലാബ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

എത്തിയോണ്‍ അളവ് 1.118 ഉള്ള മുളക് പൊടിവരെ വിപണിയിലുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. എത്തിയോണിന്റെ അനുവദനീയമായ അളവ് കിലോഗ്രാമിന് 0.01 എംജി മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതുപ്രകാരം ഒരു നൂറുഗ്രാം കറി/മസാലപൊടി പായ്ക്കറ്റില്‍ അനുവദനീയമായ എത്തിയോണ്‍ അളവ് 0.01 എംജിയുടെ പത്തില്‍ ഒരംശം മാത്രമേ പാടുള്ളൂ. അതേ സമയം 1. 118 ശതമാനം എത്തിയോണാണ് മലയാളി ഉപയോഗിക്കുന്ന മുളക് പൊടിയില്‍ മാത്രം ഉള്ളതെന്നത് ഭീകരമായ അവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചില്ലി ചിക്കന്‍ മസാലകളില്‍ സിന്തറ്റിക്ക് ഫുഡ് കളറുകള്‍ അമിതമായി അടങ്ങിയതും രേഖപ്പെടുത്തിയിട്ടുണ്ട്.

കാക്കനാട് ലാബില്‍ പരിശോധിച്ച്‌ 3 കമ്ബനികളുടെ കുപ്പി വെള്ളത്തില്‍ കോളിഫോം, എസ്റ്റിമോള്‍ഡ് എന്നിവ അടങ്ങിയതായും വിവരവകാശരേഖയില്‍ പറയുന്നു. ലോകത്തില്‍ തന്നെ 44 നദികള്‍ ഉള്ള നാടാണ് കേരളം. ഇവയുടെ ആയിരക്കണക്കിന് ഉത്ഭവസ്ഥാനത്തു നിന്നുതന്നെ മികച്ച ശുദ്ധമായ മിനറല്‍ വാട്ടര്‍ സംസ്‌കരിച്ചെടുക്കാമായിട്ടും നമ്മുക്ക് പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ എന്ന പേരില്‍ ലഭിക്കുന്നത് മലിനജലമാണെന്നത് വിരോധാഭാസമാണെന്നും ഇന്ത്യയില്‍ 1,20,000 ഏക്കറില്‍ ഒര്‍ഗാനിക് മുളക് കൃഷി ഉണ്ടായിരുന്നിട്ടും നാട്ടിലെ കറിപൗഡറുകളില്‍ വിഷാംശമെന്നത് നാണക്കേടാണെന്നും അദ്ദേഹം  പറഞ്ഞു 

0 comments: