2022 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പരീക്ഷ ഭവനാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്.സംസ്ഥാന ഐ.ടി മിഷന്‍, ഇ-മിഷന്‍, ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാം.ആവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായ ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍.
സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എന്തൊക്കെ ചെയ്യണം?
- https:/digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം.
- ആദ്യമായി രജിസ്റ്റര്‍ ചെയ്യാന്‍ മുകളില്‍ പറഞ്ഞ വെബ്സൈറ്റില്‍ കയറി സൈന്‍ അപ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പേരും ജനന തീയതിയും (ആധാറില്‍ നല്‍കിയിട്ടുള്ളത്) മറ്റ് വിവരങ്ങളായ ജന്‍ഡര്‍, മൊബൈല്‍ നമ്പര്‍, ആറക്ക പിന്‍ നമ്പര്‍, (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്) ഇ-മെയില്‍ ഐ.ഡി, ആധാര്‍ നമ്പര്‍, എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം.
- തുടര്‍ന്ന് ഈ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‍വേര്‍ഡ് കൊടുത്ത ശേഷം തുടര്‍ന്ന് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന യൂസര്‍നെയിമും പാസ്‍വാര്‍ഡും നല്‍കണം.
- എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍ ലഭ്യമാകുന്നതിനായി ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്തതിന് ശേഷം ഗെറ്റ് മോര്‍ നൗ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക, എഡ്യൂക്കേഷന്‍ എന്ന സെക്ഷനില്‍ നിന്ന് ബോര്‍ഡ് ഓഫ് പബ്ലിക് എക്സാമിനേഷന്‍ കേരള തെരഞ്ഞെടുക്കുക.
- തുടര്‍ന്ന് ക്ലാസ് X സ്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് സെലക്റ്റ് ചെയ്ത് തുടര്‍ന്ന് രജിസ്റ്റര്‍ നമ്പറും വര്‍ഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ചെയ്താല്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
0 comments: