2022, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ഹെൽമറ്റ് ധരിച്ച് വാഹനം ഓടിച്ചാലും 2000 രൂപ പിഴയീടാക്കാം; ഈ നിയമങ്ങൾ അറിയുക

 

മോടോർ വാഹന നിയമമനുസരിച്ച്, ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 194 ഡി പ്രകാരം 1000 രൂപ പിഴ ചുമത്താവുന്ന കുറ്റമാണ്. ഇത് മാത്രമല്ല, നിലവാരമില്ലാത്ത ഹെൽമെറ്റ് ധരിക്കുകയോ ഹെൽമെറ്റിൽ ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ്സ് (BIS) രജിസ്ട്രേഷൻ മാർക് ഇല്ലെങ്കിലോ, 194 ഡി എംവിഎ പ്രകാരം 1000 രൂപ അധികമായി ചുമത്താം. ഹെൽമെറ്റ് അനുചിതമായി ധരിക്കുന്നതിന് നിയമങ്ങൾ ലംഘിക്കുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് തൽക്ഷണം 2,000 വരെ പിഴ ഈടാക്കാമെന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്.

ഇരുചക്രവാഹനങ്ങൾക്ക് ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹെൽമെറ്റുകൾ മാത്രമേ ഇൻഡ്യയിൽ നിർമിക്കുകയും വിൽക്കുകയും ചെയ്യാവൂവെന്ന നിയമം രണ്ടുവർഷം മുമ്പ് കേന്ദ്രസർകാർ നടപ്പാക്കിയിരുന്നു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം റോഡ് സുരക്ഷ സംബന്ധിച്ച സമിതി 2018 മാർചിൽ രാജ്യത്ത് ലൈറ്റ് ഹെൽമെറ്റുകൾ ശുപാർശ ചെയ്തിരുന്നു.

കുട്ടികളെ കൊണ്ടുപോകുമ്പോഴും സൂക്ഷിക്കുക

നാല് വയസിന് താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കയറ്റുന്നതിനുള്ള സുരക്ഷാ നിയമങ്ങളിലും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അടുത്തിടെ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ട്രാഫിക് നിയമപ്രകാരം ഇരുചക്രവാഹന യാത്രക്കാർ കുട്ടികളെ കൊണ്ടുപോകുമ്പോൾ ഹെൽമെറ്റും ഹാർനെസ് ബെൽറ്റും നിർബന്ധമാണ്. ഇതോടൊപ്പം വാഹനത്തിന്റെ വേഗതയും മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തണം. നിയമം ലംഘിച്ചാൽ 1000 രൂപ പിഴ ഈടാക്കാം. കൂടാതെ ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാം.


0 comments: