2022, ഓഗസ്റ്റ് 31, ബുധനാഴ്‌ച

ഫേസ്ബുക്ക്, ഇന്‍സ്‌റ്റഗ്രാം തുടങ്ങിയവയില്‍ ചിത്രം പങ്കുവയ്‌ക്കുകയാണെങ്കില്‍ ഇതൊഴിവാക്കിയിട്ട് മതി, നിങ്ങള്‍ സുരക്ഷിതരായിരിക്കും

യാത്രപോകുന്ന വിവരം വെറുതേ ഒരു വാട്ട്സ് ആപ് സ്റ്റാറ്റസായി നല്‍കിയാല്‍പ്പോലും സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകാമെന്ന പൊലീസിന്റെ മുന്നറിയിപ്പ് അതീവഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്.മൊബൈലിലും സാമൂഹ്യമാദ്ധ്യമങ്ങളിലും എന്തു ചെയ്താലും കുറ്റകൃത്യങ്ങള്‍ ലാക്കാക്കി സൃഷ്ടിക്കപ്പെടുന്ന ഫേക്ക് പ്രൊഫൈലുകള്‍ വിവരം ഹാക്ക് ചെയ്യാനും സുഹൃത്തുക്കള്‍ എന്ന രീതിയില്‍ മറ്റുള്ളവര്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ കൈമാറുന്നതിനും ഇടയാക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

യാത്ര പോകാന്‍ ഉദ്ദേശിക്കുന്ന വിവരങ്ങള്‍, അന്നന്നത്തെ പ്ലാനുകള്‍ തുടങ്ങിയവ സമൂഹമാദ്ധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നതും മൊബൈല്‍ സ്റ്റാറ്റസില്‍ പരസ്യപ്പെടുത്തുന്നതും തട്ടിപ്പ് നടത്താനുള്ള താക്കോലാകുമെന്ന് ചുരുക്കം. ഫേസ്ബുക്കിലും മറ്റും നിരവധി പ്രൊഫൈലുകള്‍ വ്യാജമാണ്. ഓണ്‍ലൈനില്‍ എന്ത് പോസ്റ്റ് ചെയ്താലും അതെല്ലാം തട്ടിപ്പുകാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഓര്‍ക്കണം. ഭാവി പദ്ധതികള്‍, സ്ഥലവും സ്ഥാനവും വെളിപ്പെടുത്തുന്ന വിവരം, ഫോണ്‍, വിലാസം, എന്നിവയും തട്ടിപ്പിനിരയാക്കാന്‍ വഴിയൊരുക്കും. ഓണ്‍ലൈനില്‍ പങ്കിടുന്ന ഫോട്ടോകളില്‍, ജി.പി.എസ് ലൊക്കേഷനുകള്‍, ലാന്‍ഡ്മാര്‍ക്ക് തുടങ്ങിയവ ഒഴിവാക്കണം. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതും, മറ്റൊരാളുടെ പേരില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതും അധിക്ഷേപിക്കുന്നതും തട്ടിപ്പുനടത്തുന്നതുമായി നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഫെയ്‌സ്ബുക്കില്‍ പ്രൊഫൈലും പോസ്റ്റുകളും മറ്റും ആരൊക്കെ കാണണം എന്നത് സ്വയം നിയന്ത്രിക്കാവുന്ന തരത്തില്‍ പ്രൈവസി സെറ്റിംഗ്‌സ് ക്രമീകരിച്ചാല്‍ അപരിചിതരെയും ശല്യക്കാരെയും ഒഴിവാക്കാന്‍ സഹായകമാകും. പരിചയമുള്ളവരുടെ ഫ്രണ്ട് റിക്വസ്റ്റ് മാത്രം സ്വീകരിക്കണം. അപരിചിതരുമായി ചാറ്റിംഗ് ഒഴിവാക്കണം. പാസ്‌വേഡുകള്‍ ഇടയ്ക്കിടെ മാറ്റണം. വീടിന്റെ താക്കോല്‍ പോലെയാണ് പാസ്‌വേഡുകളെന്ന് മറക്കരുതെന്നും പൊലീസ് ആവര്‍ത്തിച്ച്‌ പറയുന്നു. മൊബൈലും സാമൂഹ്യമാദ്ധ്യമങ്ങളുമെല്ലാം വളരെ ശ്രദ്ധയോടെയും കരുതലോടെയും ഉപയോഗിച്ചില്ലെങ്കില്‍ യാതൊരു തെറ്റും ചെയ്യാതെ തന്നെ നമ്മള്‍ പ്രതികളും ഇരകളുമെല്ലാമായി പോകുന്നുവെന്നതാണ് ഏറെ സുപ്രധാനമായ കാര്യം. ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ നമുക്ക് കുറേയൊക്കെ സുരക്ഷിതരാകാം.

ബാങ്ക് അക്കൗണ്ട് പോലുള്ള വിവരങ്ങളുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ട്‌സ് പബ്ലിക് വൈഫൈയില്‍ ഉപയോഗിക്കരുത് എന്നതാണ് അതില്‍ പ്രധാനപ്പെട്ട കാര്യം. ഫേസ്ബുക്കിലൂടെയോ മെയിലിലൂടെയോ അപരിചിതര്‍ അയച്ചുതരുന്ന ഒരു ലിങ്കുകളും തുറക്കരുത്. മറ്റു വെബ്‌സൈറ്റുകള്‍ വഴിയോ അപരിചിതര്‍ അയയ്‌ക്കുന്ന മെയില്‍ വഴിയുള്ള ലിങ്കിലൂടെയോ ലോഗ് ഇന്‍ ചെയ്യാതിരിക്കുക. പേര്, ജനനത്തീയതി, അടുത്ത സുഹൃത്തിന്റെ പേര് തുടങ്ങിയവ പാസ്‌വേര്‍ഡുകള്‍ ആയി ഉപയോഗിക്കാതിരിക്കാനും ശ്രമിക്കണം.

കുട്ടികളെ ശ്രദ്ധിക്കണം

രക്ഷിതാക്കള്‍ ജാഗ്രത പാലിക്കുക എന്ന രീതിയില്‍ പല സ്‌കൂള്‍ ഗ്രൂപ്പുകളിലും മറ്റു സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്ന ചില പോസ്റ്റര്‍ കേരള പൊലീസിന്റെ ഔദ്യോഗിക അറിയിപ്പല്ല. പൊലീസിന്റെ അറിയിപ്പുകള്‍ക്കായി ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഔദ്യോഗിക വെബ്‌സൈറ്റും ശ്രദ്ധിക്കണം. കുട്ടികള്‍ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കള്‍ ആരൊക്കെ തുടങ്ങിയവ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. കുട്ടികളുടെ പെരുമാറ്റത്തില്‍ നിന്നുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാലോ സ്വഭാവ വ്യത്യാസം നിയന്ത്രണാതീതമായാലോ പൊലീസിനെ അറിയിക്കണം. 'ചിരി' കൗണ്‍സിലിംഗ് സെന്ററിന്റെ 9497900200 എന്ന നമ്പര്‍ അതിനുവേണ്ടി ഉള്ളതാണ്.

സൈബര്‍ സുരക്ഷയ്ക്ക് പരിശീലനം നല്‍കാന്‍ തന്നെ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. സൈബര്‍ സുരക്ഷയ്ക്കായി കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സ് ആയ കൊക്കൂണിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ സെപ്തംബര്‍ 23, 24 തീയതികളില്‍ നടക്കുന്ന കോണ്‍ഫറന്‍സിലും, 21, 22 തീയതികളിലും നടക്കുന്ന പ്രീ കോണ്‍ഫറന്‍സിലേക്കുമുള്ള രജിസ്‌ട്രേഷനാണ് നടക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ബാങ്കിംഗ്, സ്വകാര്യ മേഖലകളിലെ സൈബര്‍ തട്ടിപ്പുകളില്‍ പ്രതിരോധം തീര്‍ക്കുന്നതിനുമായുള്ള പരിശീലനങ്ങളും നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍, സ്വകാര്യവ്യക്തികള്‍, കോര്‍പ്പറേറ്റുകള്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം: https://india.c0c0n.org/2022/registration.

വ്യക്തിഗത വിവരങ്ങള്‍ വളരെ പ്രധാനം

വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ നഷ്ടപ്പെടുന്നതാണ് ഏറെ അപകടകരം. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധവേണമെന്നാണ് പൊലീസിന്‍്റെ മുന്നറിയിപ്പ്. വ്യക്തിഗതവും ബാങ്ക് അക്കൗണ്ട് അടക്കമുളളതുമായ വിവരങ്ങള്‍ അപരിചിതര്‍ക്ക് കൈമാറരുത്. ഇമെയില്‍, ബാങ്കിംഗ് ആപ്പുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടങ്ങിയവയ്ക്ക് സ്‌ട്രോങ്ങ് പാസ്സ്‌വേര്‍ഡുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റിന്റെയും  വൈ ഫൈ കണക്ഷന്റെയും  പാസ്സ്‌വേര്‍ഡും സ്‌ട്രോങ്ങ് ആക്കണം. ആപ്പുകള്‍ക്ക് അനാവശ്യമായി അനുമതി നല്‍കുമ്ബോള്‍ ഏറെ ശ്രദ്ധിക്കണം. കാരണം, മൊബൈലിലെ വിവരങ്ങള്‍ ആപ്പുകാരുടെ സെര്‍വറിലേക്ക് മാറ്റാനുള്ള അനുമതിയാണ് നല്‍കുന്നത്.

ഓണ്‍ലൈനില്‍ വ്യാജ ജോലി വാഗ്ദാനങ്ങള്‍ വഴിയുളള തട്ടിപ്പുകളും തീരുന്നില്ല. ദിവസം പതിനായിരം രൂപ വരെ സമ്പദിക്കാമെന്ന സന്ദേശം അയച്ച്‌ ലിങ്ക് അയച്ചുകൊടുത്ത് പോലും തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. ജോലി ഓഫറുമായി ബന്ധപ്പെട്ട് റജിസ്‌ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം ആവശ്യപ്പെടും. എ.ടി.എം നമ്പര്‍, പിന്‍, ഒ.ടി.പി തുടങ്ങിയവ ചോദിക്കുമ്ബോള്‍ തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിയണം. വ്യാജ പാര്‍ട്ട് ടൈം ജോലി ഓഫറുകളും നിരവധിയുണ്ട്. തട്ടിപ്പില്‍പെട്ട് ധനനഷ്ടമുണ്ടാകുന്നവര്‍ ആയിരങ്ങളുണ്ട്. എന്നാല്‍ ഇരയാകുന്നവരില്‍ ചെറിയൊരു ശതമാനം മാത്രമാണ് പരാതിയുമായി പൊലീസിലെത്തുന്നത്. അതു തന്നെയാണ് തട്ടിപ്പുകാര്‍ക്കു് വളമാകുന്നതും.

0 comments: