2022, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ഈ പദ്ധതിയിൽ ഒരു ലക്ഷം നിക്ഷേപിക്കുകയാണെങ്കിൽ രണ്ടു ലക്ഷം നേടാം

 

കേന്ദ്ര സർക്കാറിന്റെ ​ഗ്യാരണ്ടിയുള്ള പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളെല്ലാം തന്നെ പേരുകേട്ടതാണ്. സുരക്ഷിതവും നല്ല വരുമാനവും നേടിത്തരുന്നവയാണ്. അതിൽ  ഒറ്റത്തവണ നിക്ഷേപത്തിലൂടെ എളുപ്പത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ സാധിക്കുന്നൊരു നിക്ഷേപമാണ് കിസാൻ വികാസ് പത്ര. ഈ പദ്ധതിയെ കുറിച്ച് കൂടുതലറിയാം.

ഈ പദ്ധതിയുടെ പ്രത്യേകതകൾ

  • നിക്ഷേപം ആരംഭിക്കാൻ ചുരുങ്ങിയത് 1,000 രൂപയാണ് കിസാന്‍ വികാസ് പത്രയില്‍ ആവശ്യം. 100 ന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. പരമാവധി നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധിയില്ല. ഒറ്റത്തവണ നിക്ഷേപമാണ് കിസാൻ വികാസ് പത്രയിൽ അനുവദിക്കുന്നത്. കിസാൻ വികാസ് പത്രയ്ക്ക് ഉയർന്ന പലിശ നിരക്ക് ലഭിക്കും. 6.9 ശതമാനമാണ് ജൂലായ്- സെപ്റ്റംബർ പാദത്തിലെ പലിശ നിരക്ക്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് പുനപരിശോധിക്കും. പലിശ പുതുക്കുമ്പോൾ നിലവിലുള്ള നിക്ഷേപകരെ ബാധിക്കില്ല. പലിശ കുറഞ്ഞാലും ചേരുന്ന സമയത്തെ പലിശ ലഭിക്കും.
  • ജോയിന്റ് അക്കൗണ്ടും കിസാന്‍ വികാസ് പത്രയില്‍ ആരംഭിക്കാം. പ്രായ പൂര്‍ത്തിയായ മൂന്ന് പേര്‍ക്കാണ് ജോയിന്റ് അക്കൗണ്ടില്‍ അംഗമാകാന്‍ സാധിക്കുക. 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്കും അക്കൗണ്ട് ആരംഭിക്കാം. പ്രവാസി ഇന്ത്യക്കാർക്ക് പദ്ധതിയിൽ ചേരാണ സാധിക്കില്ല.  പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസ് വഴി കിസാന്‍ വികാസ് പത്രയില്‍ അക്കൗണ്ട് എടുക്കാം. ദേശസാൽകൃത ബാങ്കുകൾ വഴിയും കിസാൻ വികാസ് പത്രയിൽ ചേരാൻ സാധിക്കും. ഒരാൾക്ക് എത്ര കിസാൻ വികാസ് പത്ര നിക്ഷേപം വേണമെങ്കിലും ആരംഭിക്കാം. കിസാൻ വികാസ് പത്ര ലോണിന് ഈടായി ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കും.  നിക്ഷേപത്തിന് ആദായ നികുതിയിളവുകളൊന്നും ലഭിക്കില്ല. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും നികുതി ആനുകൂല്യങ്ങളില്ല. പലിശയ്ക്ക് മുകളിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കില്ല.
  • സമ്പാദ്യം വളർത്താൻ ആ​ഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് കിസാൻ വികാസ് പത്ര. നിലവില്‍ കിസാന്‍ വികാസ് പത്രയ്ക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.9 ശതമാനമാണ്. ഈ നിരക്കു പ്രകാരം നിക്ഷേപം ആരംഭിച്ച് 10 വര്‍ഷം 4 മാസം (124 മാസം) പൂർത്തിയാകുമ്പോൾ തുക ഇരട്ടിക്കും. 1 ലക്ഷം രൂപ കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്നൊരാള്‍ക്ക് 124 മാസത്തിന് ശേഷം 2 ലക്ഷം രൂപ നേടാനാകും. കിസാന്‍ വികാസ് പത്രയിലെ പലിശ നിരക്ക് നിലവില്‍ പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്നതിനെക്കാള്‍ ഉയര്‍ന്നതാണ്.
  • അക്കൗണ്ട് ആരംഭിച്ച് 2 വർഷവും 6 മാസവും പൂർത്തിയായാൽ അക്കൗണ്ട് അവസാനിപ്പിക്കാൻ അനുമതിയുണ്ട്. വ്യക്തി​ഗത അക്കൗണ്ടുകളിൽ അക്കൗണ്ട് ഉടമയുടെ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. ജോയിന്റ് അക്കൗണ്ടില്‍ ഒരാളുടെയോ എല്ലാ അം​ഗങ്ങളുടെയോ മരണത്തോടെയോ അക്കൗണ്ട് അവസാനിപ്പിക്കാം. കോടതി ഉത്തരവുണ്ടെങ്കിൽ നിക്ഷേപം കാലാവധി എത്തുന്നതിന് മുൻപ് അക്കൗണ്ട് അവസാനിപ്പിക്കാം. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫർ ചെയ്യുന്ന സമയത്ത് അക്കൗണ്ട് അവസാനിപ്പിക്കാം.


0 comments: