ജീവിത ചെലവുകളും ഉയർന്ന ഫീസും, മറ്റും കാരണം പലർക്കും തൻറെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ വായ്‌പകളെ ആശ്രയിക്കേണ്ടിവരുന്നു. ഉന്നത പലപ്പോഴും ചെലവേറിയ കാര്യമാണ്. എന്നാല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് വിദ്യാഭ്യാസ വായ്പകള്‍ ഇന്ന് ലഭ്യമാണ്. വിദ്യാഭ്യാസ വായ്പകള്‍ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാണെങ്കിലും വിദ്യാഭ്യാസം പൂര്‍ത്തിയായാല്‍ ലോണ്‍ തിരിച്ചടച്ച് തുടങ്ങേണ്ടതുണ്ട്. വലിയ ബാധ്യതയായി മാറാതിരിക്കണം ഇത്തരം വായ്പകള്‍. അതിനാൽ വിദ്യാഭ്യാസ വായ്പ എടുക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ചേരാനാഗ്രഹിക്കുന്ന ഉന്നത വിദ്യാഭ്യാസത്തിൻറെ ഹോസ്റ്റല്‍, ഭക്ഷണം, ലബോറട്ടറി, പരീക്ഷാഫീസ്, മറ്റ് ഫീസുകള്‍ എന്നിവ എത്രയാണെന്നും എന്തൊക്കെയാണെന്നും ധാരണയുണ്ടാക്കണം. അധ്യായന വര്‍ഷം ആരംഭിക്കും മുമ്പ് തന്നെ വായ്പക്കായി ശ്രമിക്കണം. എല്ലാ വിവരങ്ങളും മറ്റ് വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും കൃത്യമായി അന്വേഷിച്ച് അറിഞ്ഞിരിക്കണം. എന്നിട്ടായിരിക്കണം വിദ്യാഭ്യാസ വായ്പ എത്ര എടുക്കണമെന്ന് തീരുമാനിക്കേണ്ടത്. കാരണം മതിയായ വായ്പാ തുക ഉറപ്പുവരുത്തിയില്ലെങ്കില്‍ പഠനത്തിനിടെ ബുദ്ധിമുട്ടുകളുണ്ടാകും. എന്നാല്‍ നമ്മുടെ ചെലവ് പരമാവധി ചുരുക്കാനുള്ള ശ്രമങ്ങളും നടത്തേണ്ടതുണ്ട്.
വിദ്യാഭ്യാസ സ്ഥാപനം, വിദ്യാഭ്യാസ രേഖകള്‍, തിരിച്ചടവ് ശേഷി, വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ മൊത്ത വരുമാനം എന്നിവയെ ആശ്രയിച്ചായിരിക്കും ഒരു വിദ്യാര്‍ത്ഥിക്ക് ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ അനുവദിക്കുന്നത്. വായ്പകളുടെ പരമാവധി തുക വ്യത്യാസപ്പെടാം. പ്രീമിയം സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കും മികച്ച അക്കാദമിക് റെക്കോര്‍ഡ് ഉള്ളവര്‍ക്കും ഒരു വലിയ വായ്പ ലഭിക്കും.
വിദേശ പഠനത്തിനായി വിദ്യാഭ്യാസ വായ്പകള്‍ വലിയ ബാധ്യതകളായേക്കാം. കാരണം രൂപയുടെ മൂല്യം ഇടിയുകയും ഡോളറിന്റെ മൂല്യം കൂടുന്നതും വായ്പകള്‍ ചെലവേറിയതാക്കും. കോഴ്‌സിന്റെ കാലാവധി കൂടുന്നതിന് അനുസരിച്ച് തിരിച്ചടവിന്റെ കാലാവധിയും നീളും. അതുകൊണ്ട് തന്നെ രൂപയുടെ മൂല്യം ഇടിവ് നിങ്ങളുടെ വിദ്യാഭ്യാസ വായ്പകളുടെ ബാധ്യത വര്‍ധിപ്പിക്കും. എന്നാല്‍ നിങ്ങള്‍ വിദേശത്ത് തന്നെ ജോലി ചെയ്യുകയും വിദേശത്ത് തന്നെ കരിയര്‍ ആരംഭിക്കുകയും ചെയ്യാനാണ് താല്‍പ്പര്യപ്പെടുന്നതെങ്കില്‍ ഈ നഷ്ടസാധ്യത നിങ്ങളെ ബാധിക്കില്ല. കാരണം വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഡോളറില്‍ വരുമാനം ലഭിച്ചാല്‍ ഇന്ത്യയിലുള്ള ബാങ്ക് സ്ഥാപനങ്ങളിലെ ബാധ്യതകള്‍ രൂപയില്‍ തിരിച്ചടക്കാം.
കൊളാറ്ററല്‍ സെക്യൂരിറ്റികള്‍
4 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഈട് ആവശ്യമില്ല, പലിശ നിരക്ക് പ്രൈം ലെന്‍ഡിംഗ് നിരക്കില്‍ (പിഎല്‍ആര്‍) കവിയരുത്. 4 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് പലിശ നിരക്ക് പിഎല്‍ആറിനേക്കാളോ ഒരു ശതമാനത്തിനേക്കാളോ കൂടാന്‍ പാടില്ല.
ചില ബാങ്കുകള്‍ ഈടില്ലാതെ ഉപരിപഠനത്തിന് 7.5 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ 7.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഏതൊരു വായ്പയ്ക്കും ലോണ്‍ തുകയ്ക്കും കോഴ്സിലും മൊറട്ടോറിയം കാലയളവിലുമുള്ള പലിശ തിരിച്ചുപിടിക്കാനും ആവശ്യമായ മൂല്യമുള്ള ആസ്തികള്‍ ഈടായി വേണ്ടി വരും. അതുകൊണ്ട് തന്നെ എല്ലാ ചെലവുകള്‍ക്കും വായ്പ മാത്രം ആശ്രയിക്കാതിരിക്കുക. പരമാവധി വായ്പാ തുക കുറയ്ക്കാന്‍ ശ്രമിക്കുക. പാര്‍ട്ട്‌ടൈം ജോലികള്‍ ആശ്രയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വായ്പകള്‍ക്ക് നല്‍കുന്ന ഈടുകളുടെ സെക്യൂരിറ്റികള്‍ പരിശോധിച്ച ശേഷമാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത്.
0 comments: