2022, ഓഗസ്റ്റ് 3, ബുധനാഴ്‌ച

വാഹനങ്ങളില്‍ വെള്ളം കയറിയാല്‍ എന്ത് ചെയ്യും? പെട്ടന്ന് തന്നെ ഇവ ശ്രദ്ധിച്ചാല്‍ വാഹനങ്ങളെ സംരക്ഷിക്കാം



സംസ്ഥാനത്ത് മഴ ശക്തിയായി ആടിത്തിമര്‍ക്കുകയായിരുന്നു. ഇന്ന് മഴയ്ക്ക് അല്‍പം ശമനം ലഭിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും ഇപ്പോഴും ദുരിതപ്പെയ്ത്ത് തുടരുകയാണ്.മനുഷ്യരെയും മൃഗങ്ങളേയും പോലെ നമ്മുടെ വാഹനങ്ങളെയും മഴ ഏറെ ബാധിച്ചിരുന്നു. പലരുടെയും വാഹനങ്ങൾ വെള്ളത്തിൽ  മുങ്ങി, ചിലര്‍ അവസ്ഥകൊണ്ട് വെള്ളത്തിലൂടെ വാഹനമോടിച്ച്‌ പോവുകയും ചെയ്തു.

അപ്പോഴൊക്കെ നമ്മുടെ വാഹനങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ടെന്‍ഷന്‍ നമ്മളെ അലട്ടിയിട്ടുണ്ട്. എന്നാല്‍ അല്‍പം ശ്രദ്ധിച്ച്‌ വൈള്ളം കയറിയ വാഹനങ്ങള്‍ കൈകാര്യം ചെയ്താല്‍ ഭീമമായ നഷ്ടം ഒഴിവാക്കാന്‍ സാധിക്കും. വാഹനങ്ങളില്‍ വെള്ളം കയറിയാല്‍ എന്തു ചെയ്യണമെന്ന് ഇപ്പോഴും പലര്‍ക്കും വലിയ പിടിയുണ്ടാകില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളം മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും വാഹനത്തെ ഒരുപരിധിവരെ സംരക്ഷിക്കാം.

വെള്ളം കയറിയ വാഹനത്തിന്റെ എന്‍ജിന്‍ ഓയില്‍ മാറ്റണം. രണ്ടു മൂന്നു പ്രാവശ്യം എന്‍ജിന്‍ ഓയില്‍ മാറ്റി എന്‍ജിന്‍ വൃത്തിയാക്കണം. എയര്‍ഫില്‍റ്റര്‍, ഓയില്‍ ഫില്‍റ്റര്‍, ഫ്യുവല്‍ ഫില്‍റ്റര്‍ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. ഒപ്പം എന്‍ജിനിലേയ്ക്ക് വെള്ളം കയറാന്‍ സാധ്യതയുള്ള എല്ലാം എയര്‍ ഭാഗങ്ങളും നന്നായി വൃത്തിയാക്കണം.

എഞ്ചിന്‍ ഓയില്‍ നിറച്ചതിന് ശേഷം ജാക്കി വെച്ച്‌ മുന്‍ വീലുകള്‍ ഉയര്‍ത്തുക. തുടര്‍ന്ന് ടയര്‍ കൈകൊണ്ട് കറക്കി ഓയില്‍ എന്‍ജിന്റെ എല്ലാ ഭാഗത്തും എത്തിക്കുക. പതിനഞ്ചു മിനിട്ടുവരെയെങ്കിലും ഇങ്ങനെ ചെയ്യുക. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്തായിപ്പോയ വാഹനം സ്റ്റാര്‍ട്ട് ചെയ്യാതിരിക്കുക. വാഹനം സ്റ്റാര്‍ട്ട് ചെയ്യാതെ വെള്ളക്കെട്ടില്‍നിന്നു നീക്കം ചെയ്യുക.

അപാര്‍ട്മെന്റിന്റെ ബേസ്മെന്റിലായാല്‍പ്പോലും വാഹനം വെള്ളക്കെട്ടിലാണെങ്കില്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. ബാറ്ററി ടെര്‍മിനലുകള്‍ എത്രയും പെട്ടെന്ന് മാറ്റി വര്‍ക്ഷോപ്പിന്റെ സഹായം തേടുക. വാഹനം ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ വിഭാഗത്തില്‍പ്പെട്ടതാണെങ്കില്‍ നിരപ്പായ എന്തെങ്കിലും പ്രതലത്തില്‍വച്ചുവേണം വലിക്കാന്‍.

ഇത് സാധ്യമല്ലെങ്കില്‍ മുന്‍ വീലുകള്‍ അല്ലെങ്കില്‍ ഡ്രൈവിങ് വീലുകള്‍ ഗ്രൗണ്ടില്‍നിന്നുയര്‍ത്തി വേണം വലിക്കാന്‍ അല്ലെങ്കില്‍ എടി ഗിയര്‍ ബോക്സ് തകരാറിലാകും. ഇലക്‌ട്രിക്ക് ഘടകങ്ങള്‍ പരിശോധിക്കുക. ഫ്യൂസുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുക. ഇനി എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുക. തുടര്‍ന്ന് 2 മിനിട്ടെങ്കിലും എഞ്ചിന്‍ ഓണ്‍ ആക്കിയിടുക. ഇനി വാഹനം ഓടിക്കാം.

0 comments: