പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് അലോട്ട്മെന്റ് പൂര്‍ത്തിയായിട്ടും മുന്നാക്ക സംവരണത്തിന് (ഇ.ഡബ്ല്യു.എസ്) സര്‍ക്കാര്‍ സ്കൂളുകളില്‍ നീക്കിവെച്ച 18449 സീറ്റുകളില്‍ 9432 സീറ്റുകളിലേക്കും ആളില്ല.അഥവാ, 51.12 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. കൂടുതല്‍ മുന്നാക്ക സീറ്റുകള്‍ ഒഴിവുള്ളത് സീറ്റ് ക്ഷാമം കൂടുതലുള്ള മലപ്പുറം ജില്ലയിലാണ്. ഇവിടെ 3240 സീറ്റുകളില്‍ 2796 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു.കണ്ണൂരില്‍ ആകെയുള്ള 2045 സീറ്റുകളില്‍ 1424 എണ്ണവും പാലക്കാട് 1845 സീറ്റുകളില്‍ 1117 എണ്ണവും കോഴിക്കോട് 1887ല്‍ 929 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്.
രണ്ട് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായിട്ടും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രവേശനം ലഭിക്കാതെ പുറത്തുനില്‍ക്കുന്ന ജില്ലകളിലാണ് പകുതിയിലധികം മുന്നാക്ക സംവരണ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നത്. ഇവ ഉള്‍പ്പെടെ ഒഴിവുള്ള മുഴുവന്‍ സംവരണ സീറ്റുകള്‍ മൂന്നാം അലോട്ട്മെന്റില്‍ ഓപണ്‍ മെറിറ്റിലേക്ക് മാറ്റി അലോട്ട്മെന്റ് നടത്തും. ഇതോടെ പ്രവേശനം കാത്തുനില്ക്കുന്ന കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനത്തിന് വഴിയൊരുങ്ങും.
0 comments: