2022, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

പഴയ പത്രം കളയരുത്​; വന്‍ ഡിമാന്‍ഡ്

 


മുൻപ്  കിലോക്ക് അഞ്ച് രൂപപോലും കഷ്ടിച്ച്‌ കിട്ടിയിരുന്ന പഴയ പത്രങ്ങള്‍ക്ക് മൂന്നിരട്ടി ഡിമാന്‍ഡ്.കിലോക്ക് 30-33വരെ ലഭിക്കും. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനവും ആഗോളതലത്തില്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം, ശ്രീലങ്കന്‍ ആഭ്യന്തര പ്രശ്നങ്ങളുമാണ് പഴയ പത്രങ്ങളുടെ ആവശ്യകത ഉയര്‍ത്തിയത്. ആഗോളതലത്തില്‍ കടലാസിന് വലിയ ക്ഷാമം നേരിടുന്നുണ്ട്. കോവിഡിന് മുൻപ്  10-13 രൂപവരെ വീട്ടുകാര്‍ക്ക് ലഭിച്ചിരുന്ന വിലയാണ് ആഗോളപ്രശ്നങ്ങളില്‍ ഇപ്പോള്‍ കുതിച്ചുയര്‍ന്നത്. ഇതിനിടെ രാജ്യത്തുനിന്നുള്ള കടലാസിന്‍റെ കയറ്റുമതി 13,963 കോടിയെന്ന സര്‍വകാല റെക്കോഡില്‍ എത്തിയതായി കോമേഴ്സ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ ജനറലിന്‍റെ കണക്കും പുറത്തുവന്നു.

ഇന്ത്യയിലേക്കുള്ള ന്യൂസ് പ്രിന്‍റിന്‍റെ 45 ശതമാനം റഷ്യയില്‍നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തോടെ കരാറുകള്‍ മറ്റ് രാജ്യങ്ങളിലെ കമ്പനികള്‍ വ്യാപകമായി റദ്ദാക്കിയിരുന്നു. ആഗോള ഉപരോധത്തെ തുടര്‍ന്ന് ഷിപ്പിങ് കമ്ബനികളും തുറമുഖങ്ങളും റഷ്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ചതും ആഭ്യന്തര വിപണിയില്‍ കടലാസിന് ക്ഷാമം നേരിട്ടു. ശ്രീലങ്കയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ചരക്കുഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. മിക്കവാറും തുറമുഖങ്ങള്‍ അടഞ്ഞതോടെ ന്യൂസ് പ്രിന്‍റുകളുമായി വന്ന കണ്ടെയ്നറുകള്‍ കെട്ടിക്കിടക്കുകയാണ്.

ഇതിനിടെ ചൈനയുടെ കടലാസ്, പള്‍പ്പ് ഇറക്കുമതി വന്‍ തോതില്‍ ഉയര്‍ന്നിരുന്നു. ഇ-കോമേഴ്സ് മേഖലയില്‍ കാര്‍ട്ടണ്‍ ബോക്സുകള്‍ക്ക് വന്‍തോതില്‍ ആവശ്യമായതോടെ ഇന്ത്യയിലെ കടലാസ് കയറ്റുമതിയും ഉയര്‍ന്നു. കാര്‍ട്ടണ്‍ ബോക്സുകള്‍ക്ക് വിവിധ രാജ്യങ്ങളിലെ കമ്പനികളില്‍നിന്ന് ചൈനക്ക് വന്‍തോതില്‍ കരാറുകളും ലഭിക്കുന്നുണ്ട്.ചൈന, ശ്രീലങ്ക, വിയറ്റ്നാം, ബംഗ്ലാദേശ്, സൗദി, യു.എ.ഇ എന്നിവിടങ്ങളിലേക്ക് ഇന്ത്യയിലെ കടലാസ് കയറ്റുമതിയുടെ 90 ശതമാനവും. കടലാസ്, ക്രാഫ്റ്റ്പേപ്പര്‍, കാര്‍ട്ടണ്‍ ബോക്സ് ആവശ്യം ലോകവ്യാപകമായി ഉയരുന്നതിനാല്‍ പഴയ പത്രക്കടലാസിന്‍റെ വില ഇനിയും ഉയരുമെന്നാണ് ഇന്ത്യന്‍ പേപ്പര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ നല്‍കുന്ന സൂചനകള്‍.

0 comments: