2022, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍: 1312 ഒഴിവുകള്‍, ഭാരതീയരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം

 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ (എച്ച്‌സി) റേഡിയോ ഓപ്പറേറ്റര്‍, റേഡിയോ മെക്കാനിക് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷ ഓണ്‍ലൈനായി സെപ്തംബര്‍ 19 വരെ സമര്‍പ്പിക്കാം.ആകെ 1312 ഒഴിവുകളുണ്ട്. ഗ്രൂപ്പ് 'സി' നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പ്പെടുന്ന ഈ തസ്തികയിലെ ഒഴിവുകള്‍ താല്‍ക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്താനിടയുണ്ട്. നിയമനം ലഭിക്കുന്നവര്‍ ഇന്ത്യയിലെവിടെയും ജോലിചെയ്യാന്‍ ബാധ്യസ്ഥരാണ്. ശമ്ബള നിരക്ക് 25500- 81,100 രൂപ. ക്ഷാമബത്ത, കോഷന്‍ മണി അലവന്‍സ്, ഡ്രസ്സ് അലവന്‍സ്, വീട്ടുവാടകബത്ത, യാത്രാ ബത്ത മുതലായ ആനുകൂല്യങ്ങളുമുണ്ട്.

ഒഴിവുകള്‍

എച്ച്‌സി റേഡിയോ ഓപ്പറേറ്റര്‍ തസ്തികയില്‍ 982 ഒഴിവുകളും എച്ച്‌സി റേഡിയോ മെക്കാനിക് തസ്തികയില്‍ 330 ഒഴിവുകളുമാണുള്ളത്. ഒബിസി, എസ്‌സി/എസ്ടി, ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്.

യോഗ്യത

  • എസ്‌എസ്‌എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. 
  • റേഡിയോ ആന്റ് ടെലിവിഷന്‍/ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടർ  ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്/ഡാറ്റാ പ്രിപ്പറേഷന്‍ആന്റ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയര്‍/ജനറല്‍ ഇലക്‌ട്രോണിക്‌സ്/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍/ഇലക്‌ട്രീഷ്യന്‍/ഫിറ്റര്‍/കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍/നെറ്റ്‌വര്‍ക്ക് ടെക്‌നീഷ്യന്‍, മെക്കാട്രോണിക്‌സ് മുതലായ ട്രേഡുകളില്‍ രണ്ടുവര്‍ഷത്തെ അംഗീകൃത ഐടിഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. 
  • അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.

പ്രായപരിധി 

18-25 വയസ്. ഒബിസികാര്‍ക്ക് 3 വര്‍ഷവും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ബിഎസ്‌എഫ് ജീവനക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. 

ശാരീരിക യോഗ്യതകള്‍

പുരുഷന്മാര്‍ക്ക് ഉയരം 168 സെ.മീറ്റര്‍, നെഞ്ചളവ് 80-85 സെ.മീറ്റര്‍. വനിതകള്‍ക്ക് ഉയരം 157 സെ.മീറ്റര്‍. ഉയരത്തിനും പ്രായത്തിനും അനുസൃതമായ ഭാരവും ഉണ്ടാകണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല. നല്ല കാഴ്ചശക്തി വേണം.

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://rectt.bsf.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഫീസ് അടയ്ക്കാം. എസ്‌സി/എസ്ടി/ബിഎസ്ഫ് ജീവനക്കാര്‍, വനിതകള്‍/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. എന്നാല്‍ 47 രൂപ സര്‍വ്വീസ് ചാര്‍ജായി ഈടാക്കും.ആകെ 16 കേന്ദ്രങ്ങളിലായാണ് റിക്രൂട്ട്‌മെന്റ്. ദക്ഷിണേന്ത്യയില്‍ ബെംഗളൂരുവാണ് കേന്ദ്രം. 

വിലാസം

ദി ഇന്‍സ്‌പെക്ടര്‍ ജനറല്‍, ബിഎസ്‌എഫ് ബാംഗ്ലൂര്‍, പിന്‍-560063.

സെലക്ഷന്‍

രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ, ഡിക്‌ടേഷന്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിവിധ ഘട്ടങ്ങളായുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ വിജ്ഞാപനത്തിലുണ്ട്.

0 comments: