2022, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ മലബാറില്‍ സീറ്റ് ക്ഷാമം

 


പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ മലബാറിലെ ജില്ലകളില്‍ സീറ്റ് ക്ഷാമം.പാലക്കാട് മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍നിന്ന് 2,42,978 പേരാണ് ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചത്. ഇത് സംസ്ഥാനത്തെ മൊത്തം അപേക്ഷകരുടെ 51.5 ശതമാനമാണ്. ഇവര്‍ക്ക് ലഭ്യമായ മെറിറ്റ് സീറ്റുകള്‍ 1,53,759 ആണ്. ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ 1,16,536 പേര്‍ക്ക് അലോട്ട്മെന്‍റ് ലഭിച്ചു. ഈ ആറ് ജില്ലകളില്‍ ഇനി അവശേഷിക്കുന്ന മെറിറ്റ് സീറ്റ് 37,223 എണ്ണം മാത്രം. അലോട്ട്മെന്‍റ് ലഭിക്കാനുള്ളത് 1,26,442 പേര്‍ക്കും. അവശേഷിക്കുന്ന സീറ്റുകള്‍കൂടി പരിഗണിച്ചാല്‍ 89,219 അപേക്ഷകര്‍ക്ക് ഏകജാലക രീതിയില്‍ പ്രവേശനം ലഭിക്കില്ല.

ഈ ജില്ലകളില്‍ മാനേജ്മെന്‍റ് ക്വോട്ടയില്‍ 15,408 ഉം കമ്യൂണിറ്റി ക്വോട്ടയില്‍ 12450 ഉം സീറ്റാണുള്ളത്. ഇതുകൂടി പരിഗണിച്ചാല്‍ 61,361 അപേക്ഷകര്‍ക്ക് സീറ്റുണ്ടാകില്ല. ഫീസ് നല്‍കി പഠിക്കേണ്ട 25,265 അണ്‍ എയ്ഡഡ് സീറ്റുമുണ്ട്. ഇവ പരിഗണിച്ചാല്‍പോലും 36,096 സീറ്റിന്‍റെ കുറവുണ്ടാകും. ഫീസ് നല്‍കി പഠിക്കേണ്ടതിനാല്‍ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പകുതി സീറ്റും ഒഴിഞ്ഞുകിടക്കുകയാണ് പതിവ്.

സീറ്റ് ക്ഷാമം കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. ഇവിടെ 80,100 അപേക്ഷകര്‍ക്ക് ആകെയുള്ളത് 46256 മെറിറ്റ് സീറ്റാണ്. ഇതില്‍ 34,103 സീറ്റിലേക്കാണ് അലോട്ട്മെന്‍റ് നടന്നത്. 45,997 പേര്‍ക്ക് അവശേഷിക്കുന്ന മെറിറ്റ് സീറ്റ് 12,153 ആണ്. ജില്ലയില്‍ മാനേജ്മെന്‍റ്, കമ്യൂണിറ്റി ക്വോട്ടകളില്‍ 8670 സീറ്റുണ്ട്. ഇതുകൂടി പരിഗണിച്ചാലും 25,174 അപേക്ഷകര്‍ക്ക് സീറ്റില്ല. 11,275 അണ്‍ എയ്ഡഡ് സീറ്റുണ്ടെങ്കിലും ഫീസ് നല്‍കി പഠിക്കേണ്ടതിനാല്‍ പകുതിയോളം ഒഴിഞ്ഞുകിടക്കാറാണ് പതിവ്. അതേസമയം, സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം ജില്ലയില്‍ മുന്നാക്ക സംവരണത്തിനായി നല്‍കിയ 3240 സീറ്റുകളില്‍ 2644 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്.

സംസ്ഥാനത്താകെ മുന്നാക്ക സംവരണത്തിന് നീക്കിവെച്ച 18,449 സീറ്റുകളില്‍ 8374 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു. രണ്ടാം അലോട്ട്മെന്‍റിന് ശേഷവും ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകള്‍ മൂന്നാം അലോട്ട്മെന്‍റില്‍ ജനറല്‍ മെറിറ്റില്‍ ലയിപ്പിച്ച്‌ അലോട്ട്മെന്‍റ് നടത്തും. കോടതി വിധിയെതുടര്‍ന്ന് 307 എയ്ഡഡ് സ്കൂളുകളിലെ പത്ത് ശതമാനം കമ്യൂണിറ്റി/ മാനേജ്മെന്‍റ് ക്വോട്ടയില്‍ 6705 സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. കോടതിവിധിക്കനുസൃതമായേ ഈ സീറ്റുകളിലേക്ക് അലോട്ട്മെന്‍റ് നടത്തൂ.


0 comments: