എന്‍.എസ്.എസ് മാനേജ്മെന്റിന് കീഴിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് അനുവദിച്ച 10 ശതമാനം സമുദായ ക്വോട്ടയില്‍ കേന്ദ്രീകൃത അലോട്ട്മെന്റ് നടത്തില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍.പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലുള്പ്പെടാത്ത എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് 10 ശതമാനം സമുദായ ക്വോട്ട അനുവദിച്ചത് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ എന്‍.എസ്.എസ് നല്കിയ അപ്പീല്‍ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഈ ഉറപ്പുനല്‍കിയത്. പിന്നാക്ക വിഭാഗമല്ലെങ്കിലും സമുദായം വ്യക്തമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്കൂളുകളിലെ 10 ശതമാനം സീറ്റ് സ്വന്തം സമുദായത്തിലെ കുട്ടികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനവിരുദ്ധമാണെന്ന് വിലയിരുത്തി ജൂലൈ 27ന് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഈ 10 ശതമാനം സീറ്റില്‍ കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ ഓപണ്‍ മെറിറ്റില്‍ പ്രവേശനം നടത്താനും നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് എന്‍.എസ്.എസ് കോടതിയെ സമീപിച്ചത്.മുന്നാക്ക സമുദായത്തിലുള്ള വിഭാഗങ്ങളുടെ വാദം കേള്‍ക്കാതെയാണ് സിംഗിള്‍ബെഞ്ച് വിധി പറഞ്ഞതെന്നും ഇവരെ ഹരജിയില്‍ കക്ഷിചേര്ത്തിരുന്നില്ലെന്നുമാണ് എന്‍.എസ്.എസിന്റെ അപ്പീലില്‍ പറയുന്നത്.
മുന്നാക്ക സമുദായങ്ങള്‍ നടത്തുന്ന സ്കൂളുകളിലെ പ്രവേശനത്തെ സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്നും റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. 10 ശതമാനം സീറ്റിലേക്ക് സിംഗിള്‍ബെഞ്ച് ഉത്തരവ് പ്രകാരമുള്ള പ്രവേശനം നടത്തില്ലെന്ന സര്‍ക്കാറിന്റെ ഉറപ്പ് അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് പി.ബി. സുരേഷ്കുമാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് രേഖപ്പെടുത്തി. തുടര്‍ന്ന് ഹരജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.
0 comments: