2022, ഓഗസ്റ്റ് 7, ഞായറാഴ്‌ച

മഴക്കാലത്ത് ഈ 8 ഭക്ഷണങ്ങള്‍ അപകടം വിളിച്ചുവരുത്തും; ഒഴിവാക്കുന്നതാണ് നല്ലത്

മഴക്കാലത്ത് അപകടകരമായ ബാക്റ്റീരിയകളും വൈറസുകളും പകര്‍ച്ചവ്യാധികള്‍ പടര്‍ത്താനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഈ സമയത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

വെള്ള ചോറ്

മഴക്കാലത്ത് വെള്ളച്ചോറ് കൂടുതല്‍ കഴിക്കുന്നത് നീര്‍ക്കെട്ടിനും മഹോദരത്തിനുമെല്ലാം കാരണമാകുന്നു. നീര്‍ക്കെട്ട്, പ്രതിരോധശേഷിക്കുറവ്, ദഹനക്കുറവ് എന്നീ പ്രശ്‌നങ്ങള്‍ മഴക്കാലത്ത് കൂടുതലായിരിക്കും. അതുകൊണ്ട് ചുവന്ന അരി അല്ലെങ്കില്‍ കുത്തരിയുടെ ചോറ് കഴിക്കുന്നതാണ് ഉത്തമം.

കടല്‍ വിഭവങ്ങള്‍

മത്സ്യം, ചെമ്മീന്‍, ഞണ്ട് മുതലായ കടല്‍ വിഭവങ്ങള്‍ ഒഴിവാക്കുക. മഴക്കാലം ഇവയുടെ പ്രജനന കാലമായതിനാല്‍ ശുദ്ധമായ കടല്‍ മത്സ്യങ്ങള്‍ വളരെ വിരളമായിരിക്കും. ഇവ ഈ സമയം കഴിക്കുന്നത് വയറിലെ അണുബാധയ്ക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുന്നു. അതുകൊണ്ട് രണ്ട് മാസത്തേക്കെങ്കിലും പച്ചക്കറി വിഭവങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

ചുവന്ന മാംസം

ദഹിക്കാന്‍ പ്രയാസമുള്ള മാംസമാണ് ചുവന്ന മാംസത്തില്‍ പെടുന്ന ബീഫ്, മട്ടന്‍ മുതലായവ. ഇവ ഈ കാലാവസ്ഥയില്‍ കഴിക്കുന്നത് ഒഴിവാക്കുക. മാംസം കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ചിക്കന്‍ സൂപ്പ് കുടിക്കുക. തണുത്ത ചിക്കന്‍ സാലഡും നല്ലതാണ്. സാലഡുകളില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തിന് ഗുണം ചെയ്യും.

ഇലക്കറികള്‍

ഇലക്കറികള്‍ ചേര്‍ത്ത ഭക്ഷണം കഴിക്കണം എന്ന് നമ്മോട് അമ്മമാര്‍ എപ്പോഴും പറയാറുണ്ട്. ഇവ ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍, ഈ മഴക്കാലത്ത് ഇലക്കറികള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. ചതുപ്പുകളില്‍ വളരുന്ന, വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിക്കുന്ന ഇലക്കറികള്‍ ഈ സമയത്ത് മാര്‍ക്കറ്റില്‍ സുലഭമാകാനുള്ള സാധ്യതയുണ്ട്. ബ്രോക്കോളി, കാബേജ്, കോളിഫ്‌ലവര്‍ തുടങ്ങിയവയില്‍ പ്രാണികള്‍ കൂടുകൂട്ടാനും സാധ്യത കൂടുതലാണ്. അതിനാല്‍, ഇവ കഴിക്കുന്നത് മഴക്കാലത്ത് ഒഴിവാക്കുക.

കടയില്‍ നിന്ന് ലഭിക്കുന്ന ഫ്രെഷ് ജ്യൂസുകള്‍

പഴങ്ങള്‍ കൊണ്ടുള്ള ജ്യൂസ് കുടിക്കുന്നത് രുചികരവും ശരീരത്തിന് ഗുണകരവുമാണ്. എന്നാല്‍, അത് വീട്ടില്‍ തന്നെ ഉണ്ടാക്കി കുടിക്കുക. പുറത്തെ കടകളില്‍ നിന്ന് ലഭിക്കുന്ന ജ്യൂസുകളില്‍ മോശം നിലവാരത്തിലുള്ള ഐസുകള്‍ ചേര്‍ന്നിട്ടുണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ്. ഇവ മഞ്ഞപ്പിത്തം, ഡയേറിയ, തുടങ്ങി വെള്ളത്തില്‍ കൂടി പടരുന്ന മറ്റ് പല പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്നു.

മുറിച്ചുവെച്ച പഴങ്ങള്‍

മുറിച്ച്‌ വെച്ച്‌ കുറെ നേരമായി പാത്രത്തില്‍ തുറന്നിരിക്കുന്ന പഴങ്ങള്‍ കഴിക്കാതിരിക്കുക. അന്തരീക്ഷത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്നതിനാല്‍ ഇവയില്‍ ബാക്റ്റീരിയകള്‍ വന്നുചേരാനുള്ള സാധ്യതയുണ്ട്. ഇവ ഈ കാലാവസ്ഥയില്‍ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

ഗ്യാസുള്ള പാനിയങ്ങള്‍

സോഡാ, കോള മുതലായ ഗ്യാസ് നിറച്ച പാനീയങ്ങള്‍ ദീപനരസ പ്രവര്‍ത്തനങ്ങളില്‍ തടസം സ്യഷ്ടിക്കുന്നു. ഈ കാലാവസ്ഥയില്‍ ദുര്‍ബലമായിരിക്കുന്ന ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ഈ പാനീയങ്ങള്‍ കൂടിക്കുന്നതിലൂടെ ഒന്നുകൂടി ദുര്‍ബലമാവുന്നു. അതുകൊണ്ട് ഒരു കുപ്പിയില്‍ വെള്ളമോ, നാരങ്ങാ വെള്ളമോ നിറച്ച്‌ അത് കുടിക്കുക. അതല്ലെങ്കില്‍ ചെറുചൂടുള്ള ഇഞ്ചിനീര് ചേര്‍ത്ത ചായ കുടിക്കുക.

കട്ടി കൂടിയ എണ്ണകള്‍

കട്ടി കൂടിയ കടുകെണ്ണ, എള്ളെണ്ണ എന്നിവ ഈ മഴക്കാലത്ത് ഉപയോഗിച്ചാല്‍ അത് ശരീരത്തില്‍ അണുബാധ ഏല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മഴക്കാലത്ത് പാകം ചെയ്യുവാന്‍ ഉത്തമം കട്ടി കുറഞ്ഞ ചോളത്തിന്റെ എണ്ണ, ഒലീവെണ്ണ എന്നിവയാണ്.

0 comments: