2022, ഓഗസ്റ്റ് 7, ഞായറാഴ്‌ച

കടലാസ് ചാര്‍ട്ടിനും രസീത് ബുക്കിനും വിട; ഇനി ടിടിഇമാരും ഹൈ ടെക്; റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ ടാബ്‌ലെറ്റില്‍

 

കറുത്ത കോട്ടും സ്യൂട്ടും, കൈയിലൊരു റൈറ്റിംഗ് ബോര്‍ഡ്, അതില്‍ നിറയെ ക്ലിപ്പ് ചെയ്തുവച്ച നീണ്ട കടലാസുകള്‍.ട്രെയിന്‍ യാത്രകളിലെ ആ പതിവു കാഴ്ച ഇനി ഇല്ല. റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ കടലാസില്‍നിന്ന് ടാബ്‌ലെറ്റിലേക്കു മാറി ഇനി ഹൈടെക്. ഇക്കഴിഞ്ഞ ദിവസമാണ് റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ക്ക് ചരമഗീതം പാടി ടാബ്‌ലെറ്റുകള്‍ ടിക്കറ്റ് എക്‌സാമിനര്‍മാരുടെ കൈകളിലെത്തിയത്.

കേരളത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ മാത്രമാണ് ഇപ്പോള്‍ ഈ പരിഷ്‌കാരം നടപ്പാക്കിയിരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളിലെ റിസര്‍വേഷന്‍ സംവിധാനം പൂര്‍ണമായും ഡിജിറ്റലാക്കി ടാബ്‌ലെറ്റിലേക്കു മാറ്റി. യാത്രക്കാര്‍ക്കു സൗകര്യപ്രദവും ടിക്കറ്റ് എക്‌സാമിനര്‍മാര്‍ക്കു ജോലിഭാരം കുറയ്ക്കുന്നതുമാണ് ഈ മാറ്റം. തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്‌സ്പ്രസിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിച്ചു. എറണാകുളം ഡിവിഷനിലും ഈ പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.

കോവിഡ് കാലം കഴിഞ്ഞ് സര്‍വീസ് പുനരാരംഭിച്ചതോടെ വലിയ രീതിയിലെ മാറ്റങ്ങളാണ് രാജ്യത്തെ ട്രെയിന്‍ ഗതാഗത മേഖലയിലൂണ്ടായത്. അതിന്റെ തുടര്‍ച്ചയാണ് ഈ പരിഷ്‌കാരവും. റിസര്‍വേഷന്‍ ക്രമീകരണങ്ങളിലും ഇക്കാലത്ത് വലിയ മാറ്റമാണുണ്ടായത്. കറന്റ് റിസര്‍വേഷന്‍ സംവിധാനം എല്ലാ ട്രെയിനുകളിലും ഏര്‍പ്പെടുത്തിയതായിരുന്നു ഇതില്‍ പ്രധാനം. ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്ബും റിസര്‍വേഷന്‍ ലഭ്യമാകും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. മുൻപ്  തെരഞ്ഞെടുത്ത ട്രെയിനുകളില്‍ തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ മാത്രമാണ് ഈ സംവിധാനം ഉണ്ടായിരുന്നത്.

കടലാസ് ചാര്‍ട്ട് സംവിധാനം ഇല്ലാതായതോടെ ടിക്കറ്റ് എക്‌സാമിനര്‍മാരുടെ ജോലി ഭാരം വലിയ തോതില്‍ കുറഞ്ഞു. ചാര്‍ട്ട് തിരഞ്ഞ് യാത്രക്കാരന്റെ പേരും സീറ്റും ഉറപ്പിക്കുന്നതിനും വെരിഫൈ ചെയ്യുന്നതിനും ഇനി ഒരു നിമിഷം മാത്രം മതിയെന്നതു തന്നെ സവിശേഷത. സീറ്റിനെച്ചൊല്ലി കോച്ചുകളിലുണ്ടാകുന്ന കശപിശയും ഇതോടെ ഇല്ലാതാകും.

റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ ടാബ്‌ലെറ്റിലേക്കു മാറിയതോടെ ഓപ്പണ്‍ ടിക്കറ്റെടുത്ത് ട്രെയിനില്‍ കയറി സീറ്റുറപ്പിക്കുന്ന രീതിക്കും അവസാനമാകും. ഓരോ സ്‌റ്റേഷനിലും റിസര്‍വേഷന്‍ അപ്‌ഡേറ്റാകുന്നതോടെ കറണ്ട് റിസര്‍വേഷന്‍ എടുത്തവര്‍ക്കു മാത്രമായിരിക്കും ഇനി ഈ കോച്ചുകളില്‍ യാത്ര സാധ്യമാവുക. അതതു സ്‌റ്റേഷനുകളില്‍വച്ച്‌ ഒഴിയുന്ന സീറ്റുകളും യാത്രക്കാര്‍ കയറുന്നതുമെല്ലാം അപ്പപ്പോള്‍ തന്നെ രേഖപ്പെടുത്തുന്നതിനാലാണ് ഇത്. റിസര്‍വേഷന്‍ നിയമം ലംഘിച്ചു യാത്ര ചെയ്യുന്നവര്‍ക്കുള്ള പിഴയീടാക്കാനുള്ള സംവിധാനം കൂടി ടാബ്‌ലെറ്റില്‍ വരുന്നതോടെ ടിക്കറ്റ് എക്‌സാമിനര്‍മാരുടെ ജോലി പൂര്‍ണമായും ഹൈടെക്ക് ആകും.


0 comments: