വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്താന്‍ ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി പരിശോധനക്ക് ശേഷം മാത്രമേ തീരുമാനമാകൂവെന്ന് യു.ജി.സി ഹൈകോടതിയില്‍.വിദൂര വിദ്യാഭ്യാസ അനുമതി ലഭിച്ചിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഈ ഓപണ്‍ സര്‍വകലാശാലയുടെ പേരില്ല. എന്നാല്‍, കോഴ്സുകള്‍ നടത്താന്‍ അനുമതി തേടി സര്‍വകലാശാല അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വിദഗ്ധ സമിതി സ്ഥാപനം സന്ദര്‍ശിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും യു.ജി.സിയുടെ അഭിഭാഷകന് വ്യക്തമാക്കി. വിദഗ്ധ സമിതി പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാന്‍ യു.ജി.സിക്ക് നിര്‍ദേശം നല്കിയ ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഹരജി സെപ്റ്റംബര്‍ 16ന് പരിഗണിക്കാന്‍ മാറ്റി.
ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലയല്ലാതെ മറ്റ് സര്‍വകലാശാലകള്‍ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്നത് തടഞ്ഞ് ജൂണ്‍ ഒമ്പതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ നല്കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്താന്‍ മറ്റ് സര്‍വകലാശാലകളെ വിലക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പഠനം തുടരാനുള്ള അവസരം നിഷേധിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.യു.ജി.സി അനുമതിയില്ലാത്തതിനാല്‍ ഓപണ്‍ സര്‍വകലാശാല കോഴ്സുകളില്‍ ചേരാനുമാകില്ല. അതിനാല്‍ ഉത്തരവ് റദ്ദാക്കി എല്ലാ സര്‍വകലാശാലകളെയും കോഴ്സുകള്‍ നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
0 comments: