2022, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

കേരള എന്‍ട്രന്‍സ് അടുത്തവര്‍ഷം മുതല്‍ കമ്പ്യൂട്ടർ അധിഷ്ഠിത ഒറ്റ പേപ്പര്‍ പരീക്ഷ

 

എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള കേരള എന്‍ട്രന്‍സ് (കീം) അടുത്തവര്‍ഷം മുതല്‍ കമ്പ്യൂട്ടർ  അധിഷ്ഠിത ഒറ്റ പരീക്ഷയായി നടത്താന്‍ പ്രവേശന പരീക്ഷ കമീഷണര്‍ സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചു.പരീക്ഷ നടത്തിപ്പിന് സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ഉള്‍പ്പെടെ ഏഴ് ഏജന്‍സികള്‍ താല്‍പര്യപത്രം സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭയില്‍ പി. ഉബൈദുല്ലയെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരിയിലും മേയിലുമായി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ രണ്ട് അവസരങ്ങള്‍ നല്‍കണം. ഇതില്‍ ഉയര്‍ന്ന സ്കോര്‍ റാങ്കിന് പരിഗണിക്കണം. പരീക്ഷയിലെ യഥാര്‍ഥ സ്കോറിന് പകരം അഖിലേന്ത്യ പ്രവേശന പരീക്ഷകളില്‍ പിന്തുടരുന്ന 'പെര്‍സന്‍റയില്‍' സ്കോര്‍ രീതി നടപ്പാക്കാനും ശിപാര്‍ശയുണ്ട്.

ഫാര്‍മസി പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ നടത്തണം. നിലവില്‍ എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സുകളിലെ പ്രവേശനത്തിന് രണ്ട് പേപ്പറുകളിലായി ഒ.എം.ആര്‍ അധിഷ്ഠിത പെന്‍ -പേപ്പര്‍ പരീക്ഷയാണ് നടത്തുന്നത്. ഇതില്‍ പേപ്പര്‍ ഒന്ന് (ഫിസിക്സ്, കെമിസ്ട്രി) പരീക്ഷയിലെ സ്കോര്‍ ഫാര്‍മസി കോഴ്സ് പ്രവേശനത്തിനായി പരിഗണിക്കുന്നു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒന്നിലധികം ബാച്ചുകളായി നടത്തേണ്ടിവരും. അതിനാല്‍ അന്തിമ റാങ്ക് പട്ടിക തയാറാക്കാന്‍ ശാസ്ത്രീയമായ സ്റ്റാന്‍ഡേഡൈസേഷന്‍ രീതികള്‍ പാലിക്കണം.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് കുറഞ്ഞ മനുഷ്യവിഭവ ശേഷിയും സമയവും മതിയാകുമെന്ന് പ്രവേശന പരീക്ഷ കമീഷണര്‍ കെ. ഇന്‍പശേഖര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഒ.എം.ആര്‍ പരീക്ഷയില്‍ കുട്ടി അശ്രദ്ധമായി രേഖപ്പെടുത്തുന്ന ബബിളുകള്‍ പോലും നെഗറ്റിവ് മാര്‍ക്കിന് കാരണമാകും.

റോള്‍ നമ്പര്‍, ചോദ്യ ബുക്ക്ലെറ്റ് നമ്പര്‍, വേര്‍ഷന്‍ കോഡ് എന്നിവ വിദ്യാര്‍ഥി ഒ.എം.ആര്‍ ഷീറ്റില്‍ ബബിള്‍ ചെയ്യുകയും ആധികാരികത ഇന്‍വിജിലേറ്റര്‍ പരിശോധിച്ച്‌ ഉറപ്പാക്കുകയും വേണം.  കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയില്‍ വിദ്യാര്‍ഥി ലോഗിന്‍ ചെയ്യുമ്ബോള്‍തന്നെ ഈ വിവരങ്ങള്‍ സിസ്റ്റത്തില്‍ ലഭ്യമാകും.

ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് സമയലാഭവുമുണ്ടാകും. പുതിയ രീതിയില്‍ പരീക്ഷ അവസാനിക്കുന്നതിനു മുമ്പ്  ഏതു സമയത്തും ഉത്തരങ്ങള്‍ മാറ്റാനും കഴിയും. പരീക്ഷയുടെ ഡേറ്റ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ തന്നെ ലഭ്യമാകുമെന്നതിനാല്‍ ഫലം വളരെ വേഗത്തില്‍ തയാറാക്കാനാകും. പരീക്ഷക്ക് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് മോക് ടെസ്റ്റിനും അവസരമുണ്ടാകും.

മൂന്നു മണിക്കൂര്‍, ഒറ്റ പരീക്ഷ

ജെ.ഇ.ഇ മെയിന്‍ പരീക്ഷ ഘടനയിലായിരിക്കണം കേരള എന്‍ട്രന്‍സ് പരീക്ഷ. ഓരോ വിഷയത്തിനും രണ്ട് സെക്ഷന്‍ ഉണ്ടാകും. സെക്ഷന്‍ 'എ'യില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളും സെക്ഷന്‍ 'ബി'യില്‍ ഉത്തരങ്ങള്‍ പൂരിപ്പിക്കേണ്ട ചോദ്യങ്ങളും.

'ബി' സെക്ഷനില്‍ മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് തുല്യ വെയിറ്റേജോടെ വിദ്യാര്‍ഥികള്‍ 10ല്‍ ഏതെങ്കിലും അഞ്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. നെഗറ്റിവ് മാര്‍ക്കിങ് ഉണ്ടായിരിക്കും. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമാണ് പരീക്ഷക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

ഫിസിക്സിനും കെമിസ്ട്രിക്കും മാത്സിനും 100 മാര്‍ക്ക് വീതം ആകെ 300 മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍. ഓരോ വിഷയത്തില്‍നിന്നും 20 വീതം മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളും 10 വീതം പൂരിപ്പിച്ച്‌ ഉത്തരം രേഖപ്പെടുത്തേണ്ട ന്യൂമറിക്കല്‍ വാല്യൂ ചോദ്യങ്ങളും.ഇതില്‍ പൂരിപ്പിച്ച്‌ രേഖപ്പെടുത്തേണ്ട 10ല്‍ അഞ്ചെണ്ണം ചോയ്സ് രീതിയില്‍ തെരഞ്ഞെടുത്ത് ഉത്തരം രേഖപ്പെടുത്താം. മൂന്നു വിഷയങ്ങളില്‍നിന്നുമായി ആകെ 75 ചോദ്യങ്ങള്‍ക്കായി 300 മാര്‍ക്കിനാണ് ഉത്തരമെഴുതേണ്ടത്.

0 comments: