2022, ഓഗസ്റ്റ് 31, ബുധനാഴ്‌ച

പ്ലസ് വണ്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റ്: അപേക്ഷ ഇന്നു മുതല്‍ ശനിയാഴ്ച വരെ

 

പ്ലസ് വണ്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ സമര്‍പ്പണം വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും.സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം.മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. സീറ്റൊഴിവും മറ്റു വിവരങ്ങളും വ്യാഴാഴ്ച രാവിലെ ഒമ്ബതിന് അഡ്മിഷന്‍ പോര്‍ട്ടലായ https://hscap.kerala.gov.inല്‍ പ്രസിദ്ധീകരിക്കും.

നിലവില്‍ ഏതെങ്കിലും ക്വോട്ടയില്‍ പ്രവേശനം ലഭിച്ചവര്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും ഏതെങ്കിലും ക്വോട്ടയില്‍ പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല.തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കാന്‍ സൗകര്യം അനുവദിച്ചിട്ടുണ്ട്. അലോട്ട്മെന്‍റിന് അപേക്ഷിക്കാനും മറ്റു നിര്‍ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്കൂള്‍ ഹെല്‍പ് ഡെസ്കുകളിലൂടെ നല്‍കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ പ്രിന്‍സിപ്പല്‍ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു.

മുഖ്യ അലോട്ട്മെന്‍റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് പരിഗണിക്കാനായി കാന്‍ഡിഡേറ്റ് ലോഗിനിലെ 'RENEW APPLICATION' എന്ന ലിങ്കിലൂടെ ഒഴിവുകള്‍ക്കനുസൃതമായി പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം.ഇതുവരെ അപേക്ഷിക്കാത്തവര്‍ 'Create Candidate Login-SWS' എന്ന ലിങ്കിലൂടെ കാന്‍ഡിഡേറ്റ് ലോഗിന്‍ രൂപവത്കരിക്കണം. തുടര്‍ന്ന് 'APPLY ONLINE' എന്ന ലിങ്കിലൂടെ ഒഴിവുകള്‍ക്കനുസൃതമായി അപേക്ഷ സമര്‍പ്പിക്കണം.

0 comments: