2022, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഫോണുകളുടെ ചാര്‍ജര്‍ ഒഴിവാക്കാന്‍ പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ ഒപ്പോയും

ഫോണുകളുടെ ചാര്‍ജര്‍ ഒഴിവാക്കാന്‍ പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ ഒപ്പോയും. ഓപ്പോ തങ്ങളുടെ മൊബൈലുകളുള്‍പ്പടെയുള്ളവയ്ക്ക് ചാര്‍ജിംഗ് അഡാപ്റ്റര്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.ഒരു ലോഞ്ച് ഇവന്റില്‍ കമ്പനി എക്സിക്യൂട്ടീവ് തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അടുത്ത വര്‍ഷം ഈ തീരുമാനം നടപ്പിലാക്കിയേക്കും. കമ്പനി നിലവില്‍ സൂപ്പര്‍വൂക് ചാര്‍ജറുകള്‍ ബോക്സില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീരുമാനത്തിന് പിന്നിലെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇ-മാലിന്യം കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി ആയിരിക്കും ഈ തീരുമാനം നടത്തുക എന്നാണ് സൂചന. ഓപ്പോ റെനോ 8 സീരീസിന്റെ യൂറോപ്യന്‍ ലോഞ്ച് ഇവന്റിനിടെ ഓപ്പോയിലെ ഓവര്‍സീസ് സെയില്‍സ് ആന്‍ഡ് സര്‍വീസസ് പ്രസിഡന്റ് ബില്ലി ഷാങാണ് ഓപ്പോയുടെ വരാനിരിക്കുന്ന പല ഉല്‍പ്പന്നങ്ങളുടെയും ബോക്സിനുള്ളില്‍ ചാര്‍ജിംഗ് അഡാപ്റ്റര്‍ ഉണ്ടായിരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ' അടുത്ത 12 മാസത്തിനുള്ളില്‍ തീരുമാനം നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് അനുസരിച്ച്‌, ഈ നീക്കം നിര്‍ദ്ദിഷ്ട പ്രദേശങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തുമെന്നും ഉല്‍പ്പന്നത്തെ ആശ്രയിച്ചിരിക്കും തീരുമാനമെന്നും പറയുന്നു. ഉപഭോക്താക്കള്‍ക്കായി ഓപ്പോ സൂപ്പര്‍വൂക് ചാര്‍ജിംഗ് അഡാപ്റ്ററുകള്‍ ഉള്‍പ്പെടുത്തുന്നത് തുടരുമെന്നും ഷാങ് പറഞ്ഞു. ഓപ്പോയുടെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജിംഗ് അഡാപ്റ്ററുകള്‍ സ്റ്റോറുകളില്‍ വാങ്ങാന്‍ കിട്ടും. പുതിയ മോഡലുകള്‍ക്കൊപ്പം ചാര്‍ജറുകള്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ത്തിയ മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളെ ഓപ്പോ പിന്തുടരുന്നതിന്റെ കാരണം ഷാങ് വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ മോഡലായഓപ്പോ A57e ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. എച്ച്‌ഡി+ റെസല്യൂഷനോടു കൂടിയ 6.56 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. കമ്പനി പറയുന്നതനുസരിച്ച്‌, ഡിസ്പ്ലേയ്ക്ക് 600 നിറ്റ് വരെ പരമാവധി ബ്രൈറ്റ്നസ് നല്‍കാന്‍ കഴിയും. ഒക്ടാ-കോര്‍ മീഡിയടെക് ഹീലിയോ G35 SoC ആണ് ഫോണ്‍ അവതരിപ്പിക്കുന്നത്. കൂടാതെ 33W സൂപ്പര്‍വൂക് ചാര്‍ജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഇതിലുണ്ടാകും.

0 comments: