2022, സെപ്റ്റംബർ 3, ശനിയാഴ്‌ച

ആഴ്ചയില്‍ ഒരു ദിവസം പുസ്തകങ്ങള്‍ വേണ്ട; മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം കുറക്കുന്നു

സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം കുറക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.വിവിധ ക്ലാസുകളിലുള്ള വിദ്യാര്‍ഥികളുടെ സ്കൂള്‍ ബാഗിന്റെ ഭാരം സംബന്ധിച്ച വിവരങ്ങളും പ്രസിദ്ധീകരിച്ചു.ആ​ഴ്ചയില്‍ ഒരു ദിവസം വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ ബാഗിന്റെ ഭാരം ഒഴിവാക്കിക്കൊടുക്കാനും തീരുമാനമുണ്ട്. അന്ന് ആരും പുസ്തകവുമായി സ്കൂളില്‍ വരേണ്ടതില്ല, പകരം പഠനവുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാം. സംസ്ഥാനത്ത് 1.30 ലക്ഷം സ്കൂളുകളിലായി 154 ലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്.പുതിയ നിര്‍ദേശമനുസരിച്ച്‌ കമ്പ്യൂട്ടർ , ധാര്‍മിക ശാസ്ത്രം, പൊതു വിജ്ഞാനം, സ്​പോര്‍ട്സ്, ഫിസിക്കല്‍ എജ്യൂക്കേഷന്‍, ആരോഗ്യം, കല എന്നിവ പഠനത്തിന്റെ ഭാഗമാക്കണം എന്നുമുണ്ട്. ആഴ്ചയില്‍ ഒരു ദിവസമാണ് ഈ വിഷയങ്ങള്‍ പഠിപ്പിക്കേണ്ടത്.

പുതിയ നയമനുസരിച്ച്‌ ഒന്നും രണ്ടും ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം 1.6 കിലോഗ്രാമിനും 2.2കിലോഗ്രാമിനും ഇടയിലായിരിക്കണം. മൂന്ന്,നാല്,അഞ്ച് ക്ലാസുകളില്‍ പഠിക്കുന്നവരുടെത് 1.7-2.5 കി.ഗ്രാമും, ആറ്,ഏഴ് ക്ലാസുകളിലേത് 2-3 കി.ഗ്രാമും, എട്ടാം ക്ലാസില്‍ 2.5-4 കി.ഗ്രാമും, ഒമ്പതാം ക്ലാസില്‍ 2.5 കി.ഗ്രാമും 10ാം ക്ലാസില്‍ 2.5-4.5 കി.ഗ്രാമും ആയിരിക്കണമെന്നാണ് വ്യവസ്ഥ. 11,12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ സ്കൂള്‍ ബാഗുകളുടെ ഭാരം എത്ര വേണമെന്നത് അതത് സ്ട്രീം അനുസരിച്ച്‌ സ്കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാം.

0 comments: