സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ആഗസ്റ്റ് 15 മുതൽ ഡിജിറ്റൽ പേമെന്റ് സംവിധാനം നടപ്പാക്കും. ഭീം യു.പി.ഐ അധിഷ്ഠിത ഡിജിറ്റൽ പേമെന്റാക്കുന്നതിന്റെ ഭാഗമായി ബാങ്കുകളുമായി ചർച്ച നടത്തി പ്രത്യേക അക്കൗണ്ട് തുടങ്ങാനും ഡിജിറ്റൽ പേമെന്റ് പ്രഖ്യാപനം നടത്താനും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. നിലവിൽ സംസ്ഥാനത്തെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും ഡിജിറ്റൽ പേമെന്റ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ കൂടി നടപടികൾ പൂർത്തിയാക്കി പ്രഖ്യാപനം നടത്താൻ സജ്ജീകരണമൊരുക്കാൻ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് നിർദേശം നൽകി. ഭരണസംവിധാനം സുതാര്യവും അഴിമതിരഹിതവുമാക്കുന്നതിനൊപ്പം വേഗത വർധിപ്പിക്കാനുമാണ് നടപടിയെന്ന് പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു
നിലവിൽ ധനപരമായ ഇടപാടുകൾ കേന്ദ്രത്തിന് നേരിട്ട് നിരീക്ഷിക്കാവുന്ന പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം), ഇ ഗ്രാംസ്വരാജ് എന്നിവക്കായി സംസ്ഥാനം ഡിജിറ്റലായിക്കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം കേന്ദ്രത്തിന് നേരിട്ട് വിലയിരുത്താനുള്ള മാർഗം കൂടിയാണിത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാഷനൽ പഞ്ചായത്തീരാജ് പോർട്ടലിൽ സംസ്ഥാനങ്ങളിലെ ധന ഇടപാടുകൾ സംബന്ധിച്ച പൂർണ വിവരങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു
ബാങ്ക് പ്രതിനിധികളുമായി ആലോചിച്ച് ഫ്രണ്ട് ഓഫിസിൽ സൗണ്ട് ബോക്സ് ഉൾപ്പെടെ ക്യൂ.ആർ കോഡ് സംവിധാനം സജ്ജീകരിക്കണം. ആവശ്യമെങ്കിൽ ഡിജിറ്റൽ പണമിടപാടിനായി ഇലക്ട്രോണിക് ഡേറ്റ കാപ്ച്വർ മെഷീൻ സ്ഥാപിക്കണം.ഇതിനായി തുടങ്ങുന്ന ബാങ്ക് അക്കൗണ്ട് മറ്റു ഇടപാടുകൾക്ക് ഉപയോഗിക്കാൻ പാടില്ല. എല്ലാ പഞ്ചായത്തുകളും ഈ യു.പി.ഐ ഐ.ഡി കേന്ദ്രസർക്കാറിന്റെ ഇ ഗ്രാംസ്വരാജ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. ദേശീയ പഞ്ചായത്തീരാജ് അവാർഡ് നിർണയ പ്രക്രിയയിൽ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ കാഷ് ലെസ് ഇടപാടുകളും യു.പി.ഐ പേമെന്റ് സംവിധാനങ്ങളുടെ പുരോഗതിയും മാനദണ്ഡമാണ്. ഇവ പോർട്ടലിലൂടെ എളുപ്പം പരിശോധിക്കാൻ കേന്ദ്രത്തിനാകും. വൈകാതെ ക്യൂ.ആർ കോഡിന്റെ ഉൾപ്പെടെ നടപടി പൂർത്തിയാക്കി സംവിധാനങ്ങൾ സജ്ജീകരിച്ചതിന്റെ പുരോഗതി ആഗസ്റ്റ് അഞ്ചിനകം ജില്ല ജോയന്റ് ഡയറക്ടർമാർ റിപ്പോർട്ട് ചെയ്യണമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിട്ടു
0 comments: