2024, ജനുവരി 21, ഞായറാഴ്‌ച

ബിറ്റ്സാറ്റ് 2024: ബി.ഇ., ബി.ഫാം., എം.എസ്‌സി. പ്രവേശനം കൂടുതലറിയാം

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) പിലാനി, ഹൈദരാബാദ്, ഗോവ കാംപസുകളിലായി 2024-25ല്‍ നടത്തുന്ന ഇൻറഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

പ്രോഗ്രാമുകള്‍

• ബാച്ച്‌ലർ ഓഫ് എൻജിനിയറിങ് (ബി.ഇ.)

 കെമിക്കല്‍, സിവില്‍, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കല്‍, മാനുഫാക്ചറിങ്, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്

• ബാച്ച്‌ലർ ഓഫ് ഫാർമസി (ബി.ഫാം.)

മാസ്റ്റർ ഓഫ് സയൻസ് (എം.എസ്സി.): 

ബയോളജിക്കല്‍ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ജനറല്‍ സ്റ്റഡീസ്. കാംപസ് തിരിച്ചുള്ള പ്രോഗ്രാമുകളുടെ പട്ടിക www.bitsadmission.comലും അവിടെനിന്ന് ഡൗണ്‍ലോഡുചെയ്തെടുക്കാവുന്ന ബ്രോഷറിലുമുണ്ട്.

യോഗ്യത

പ്ലസ്ടു/തത്തുല്യ പരീക്ഷ 2023-ല്‍ ജയിച്ചവർക്കും 2024-ല്‍ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്ലസ്ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചവർക്ക് ബി.ഫാം. ഉള്‍പ്പെടെ എല്ലാ പ്രോഗ്രാമുകള്‍ക്കും; ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ചവർക്ക് ബി.ഫാമിനും അപേക്ഷിക്കാം. യോഗ്യതാപരീക്ഷയില്‍ ബാധകമായ മൂന്ന് സയൻസ് വിഷയങ്ങള്‍ക്ക് (പ്രവേശനപരീക്ഷയില്‍ എടുക്കുന്ന വിഷയങ്ങള്‍ക്കനുസരിച്ച്‌-ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി) ഓരോന്നിനും 60-ഉം മൂന്നിനുംകൂടി 75-ഉം ശതമാനം മാർക്കുവേണം. ഇംഗ്ലീഷ് അനായാസമായി കൈകാര്യംചെയ്യാൻ കഴിയണം.

ബിറ്റ്സാറ്റ്

ബിറ്റ്സ് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത ഓണ്‍ലൈൻ അഡ്മിഷൻ ടെസ്റ്റ് (എ.ടി.) ആയ ബിറ്റ്സാറ്റ് വഴിയായിരിക്കും പ്രവേശനം. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, ഫിസിക്സ് (30 ചോദ്യങ്ങള്‍), കെമിസ്ട്രി (30), ഇംഗ്ലീഷ് പ്രൊഫിഷ്യൻസി (10), ലോജിക്കല്‍ റീസണിങ് (20), മാത്തമാറ്റിക്സ്/ബയോളജി (40) എന്നിവയില്‍നിന്ന് മൊത്തം 130 ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടാകും. ഓരോ വിഷയത്തിനും പ്രത്യേക സമയപരിധിയില്ല. ശരിയുത്തരത്തിന് മൂന്നുമാർക്ക് കിട്ടും. ഉത്തരം തെറ്റിയാല്‍ ഒരു മാർക്കുവീതം നഷ്ടപ്പെടും. 130 ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയശേഷവും സമയമുള്ളപക്ഷം, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി, ലോജിക്കല്‍ റീസണിങ് എന്നിവയില്‍നിന്ന് മൂന്നുവീതം അധികചോദ്യങ്ങള്‍ (മൊത്തം 12) കൂടി ആവശ്യപ്പെടാം. പക്ഷേ, ഈ ഓപ്ഷൻ സ്വീകരിച്ചാല്‍, നേരത്തേ ഉത്തരം നല്‍കിയ 130 ചോദ്യങ്ങളിലേക്ക് തിരികെപ്പോകാൻ കഴിയില്ല. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷിക്കുമ്പോൾ  മുൻഗണന നിശ്ചയിച്ച്‌ മൂന്ന് പരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തുനല്‍കണം.

സ്കോർ റിപ്പോർട്ട്

ടെസ്റ്റ് പൂർത്തിയാകുമ്പോൾ  രേഖപ്പെടുത്തിയ ശരിയുത്തരങ്ങളുടെയും തെറ്റുത്തരങ്ങളുടെയും എണ്ണം, സ്കോർ എന്നിവ കംപ്യൂട്ടറില്‍ കാണാൻ കഴിയും. തുടർന്ന്, ലഭിച്ച സ്കോർ നേരിട്ട് ശരിയായി ടെസ്റ്റ് വിൻഡോയില്‍ എൻറർ ചെയ്യണം. അതിനുശേഷമേ ലോഗൗട്ട് ചെയ്യാൻ കഴിയൂ. ടെസ്റ്റിന്റെ അടുത്ത ദിവസംമുതല്‍ സ്കോർ വെബ്സൈറ്റില്‍ ലഭിക്കും. അതിന്റെ പ്രിൻറൗട്ട് എടുക്കാം.

പരീക്ഷ രണ്ട് സെഷനില്‍

ബിറ്റ്സാറ്റ് രണ്ടുസെഷനില്‍ നടത്തും. ആദ്യസെഷൻ 2024 മേയ് 21-നും 26-നും ഇടയ്ക്കും രണ്ടാം സെഷൻ ജൂണ്‍ 22-നും 26-നും ഇടയ്ക്കുമായിരിക്കും.ഏതെങ്കിലും ഒരു സെഷനോ രണ്ടുസെഷനുകളുമോ അഭിമുഖീകരിക്കാം. ഓരോ സെഷനിലേക്കും സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം, പരീക്ഷാതീയതി, സ്ളോട്ട് എന്നിവ തിരഞ്ഞെടുക്കാം. ആദ്യസെഷന് അപേക്ഷ നല്‍കുമ്പോൾ രണ്ടാം സെഷനിലേക്കുള്ള താത്പര്യം നല്‍കാം. ആദ്യസെഷൻ അഭിമുഖീകരിച്ചശേഷം രണ്ടാം സെഷൻ അപേക്ഷ സ്വീകരിക്കുമ്പോൾ  രണ്ടാം സെഷൻ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. ആദ്യസെഷന് രജിസ്റ്റർ ചെയ്യാത്തവർക്കും/ആദ്യസെഷൻ അഭിമുഖീകരിക്കാത്തവർക്കും രണ്ടാം സെഷനിലേക്ക് രജിസ്റ്റർചെയ്യാൻ അവസരമുണ്ടാകും. ആദ്യസെഷൻ പരീക്ഷ തുടങ്ങിയശേഷം രണ്ടാംസെഷനുള്ള രജിസ്ട്രേഷൻ ആരംഭിക്കും.രണ്ടുസെഷനും അഭിമുഖീകരിക്കുന്നവരെ അവരുടെ മെച്ചപ്പെട്ട സ്കോർ പരിഗണിച്ച്‌ പ്രവേശനത്തിന് പരിഗണിക്കും.

അപേക്ഷ

ആദ്യസെഷനോ രണ്ടു സെഷനുകള്‍ക്കുമോ ഉള്ള അപേക്ഷ www.bitsadmission.com വഴി ഏപ്രില്‍ 11 വരെ നല്‍കാം. ഒരുമിച്ച്‌ രണ്ടുസെഷനുകള്‍ക്ക് അപേക്ഷിച്ചാല്‍, ആണ്‍കുട്ടികള്‍ക്ക് 5400 രൂപയും പെണ്‍കുട്ടികള്‍ക്ക് 4400 രൂപയുമാണ് അപേക്ഷാഫീസ്. ഒരു സെഷനിലേക്കുമാത്രം അപേക്ഷിച്ചാല്‍, ഫീസ് യഥാക്രമം 3400 രൂപ (ആണ്‍കുട്ടികള്‍), 2900 രൂപ (പെണ്‍കുട്ടികള്‍). ആദ്യസെഷനുമാത്രം അപേക്ഷിച്ചവർ, രണ്ടാം സെഷന് പിന്നീട് അപേക്ഷിച്ചാല്‍ അപ്പോള്‍ നല്‍കേണ്ട അധിക തുക: യഥാക്രമം 2000 രൂപ, 1500 രൂപ. തുക നെറ്റ് ബാങ്കിങ്, ഡബിറ്റ്/ക്രഡിറ്റ് കാർഡ്/യു.പി.ഐ. വഴി അടയ്ക്കാം.

ബിറ്റ്സാറ്റ് അഭിമുഖീകരിക്കുന്നവർ ക്ലാസ് 12 മാർക്ക്, പ്രോഗ്രാം മുൻഗണന എന്നിവസഹിതം പ്രവേശനത്തിനായി പിന്നീട് പ്രത്യേകം അപേക്ഷിക്കണം.ഈ അപേക്ഷ ജൂണ്‍ ഒന്നുമുതല്‍ 28 വരെ നല്‍കാം. ഇതിന്റെ വിവരങ്ങള്‍ പിന്നീട് പ്രസിദ്ധപ്പെടുത്തും.സംസ്ഥാന-കേന്ദ്ര ബോർഡുകള്‍ നടത്തുന്ന 2024-ലെ പ്ലസ്ടു ബോർഡ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്നവർക്ക്, അവരുടെ ബിറ്റ്സാറ്റ് സ്കോർ പരിഗണിക്കാതെ താത്പര്യമുള്ള കോഴ്സിലേക്ക് നേരിട്ട് പ്രവേശനം നല്‍കും. ഇതിന്റെ വിവരങ്ങള്‍ ജൂണ്‍ മൂന്നാംവാരം പ്രസിദ്ധപ്പെടുത്തും.

 ജനറല്‍ സ്റ്റഡീസ് ഒഴികെയുള്ള എം.എസ്സി. പ്രോഗ്രാമുകളില്‍ ചേരുന്നവർക്ക് ആദ്യ വർഷത്തിനുശേഷം വ്യവസ്ഥകള്‍ക്കുവിധേയമായി എൻജിനിയറിങ് ഡ്യുവല്‍ ഡിഗ്രിക്കുചേരാൻ പിലാനിയില്‍ അവസരമുണ്ട്. ആദ്യവർഷ കോഴ്സ് മികവ് പരിഗണിച്ചാകും പ്രവേശനം.

0 comments: