2024, ജനുവരി 12, വെള്ളിയാഴ്‌ച

അടുത്ത അധ്യയന വർഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലേക്ക് പരിഷ്കരിച്ച പുതിയ പാഠപുസ്തകങ്ങള്‍ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമില്ല

 


അടുത്ത അധ്യയന വർഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലേക്ക്  പരിഷ്കരിച്ച പുതിയ പാഠപുസ്തകങ്ങള്‍ .രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമില്ല .പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള ആദ്യഘട്ട പാഠപുസ്തകങ്ങളുടെ രചന പൂര്‍ത്തിയായി. പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കാൻ സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ ഈമാസം 16ന് ചേരും. കമ്മിറ്റി അംഗീകാരം നല്‍കുന്ന പാഠപുസ്തകങ്ങള്‍ ഈ മാസം തന്നെ അച്ചടിക്കായി കാക്കനാട്ടെ കെ.ബി.പി.എസ് പ്രസിലേക്ക് കൈമാറും.

പുതിയ പാഠപുസ്തകങ്ങളുടെ അച്ചടി മേയില്‍ പൂര്‍ത്തിയാക്കും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലേക്കാണ് പുതിയ പാഠപുസ്തകങ്ങള്‍ എത്തുന്നത്. രണ്ട് ഭാഗമായാണ് അച്ചടി. ആദ്യഭാഗമാണ് പൂര്‍ത്തിയായത്. അഞ്ച് ക്ലാസുകളിലേക്കായി മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് ഭാഷകളിലായി 164 പാഠപുസ്തകങ്ങളാണ് തയാറായത്. ഇവയാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ പഠിപ്പിക്കുക. രണ്ടാം ഭാഗത്തിന്‍റെ രചന ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അവസാന പരിശോധനക്ക് ശേഷം ഇവയും കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തിനും അച്ചടിക്കുമായി കൈമാറും. 2023 മേയ് മുതല്‍ നവംബര്‍ വരെ എസ്.സി.ഇ.ആര്‍.ടി നടത്തിയ ശില്‍പശാലകളിലൂടെയാണ് പാഠപുസ്തക രചന പൂര്‍ത്തിയാക്കിയത്. ഡിസംബറില്‍ വിദഗ്ദരുടെ വായനയും പരിശോധനയും പൂര്‍ത്തിയാക്കി.

മൊത്തം മൂന്നരക്കോടി പാഠപുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. അടുത്ത വര്‍ഷം മാറ്റമില്ലാത്ത രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി നടന്നുവരികയാണ്. അത് ഫെബ്രുവരി പകുതിയോടെ പൂര്‍ത്തിയാകും.ഈ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ 2025-26 അധ്യയന വര്‍ഷത്തില്‍ പരിഷ്കരിക്കും. 2013-15 കാലയളവിലാണ് മുമ്പ്  പാഠപുസ്തകങ്ങള്‍ പരിഷ്ക്കരിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ് പരിഷ്കരണത്തിന് മുന്നോടിയായി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും കോര്‍ കമ്മിറ്റിയും പുനഃസംഘടിപ്പിച്ചത്.



0 comments: