എവിടെ പഠിക്കണം?കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് തയ്യാറെടുക്കുമ്പോൾ പഠിതാക്കെളെയെന്നപോലെ രക്ഷിതാക്കളെയും ഒരുപോലെ കുഴക്കുന്ന ചോദ്യമാണിത്.ഐ.ടി. മേഖല നല്‍കുന്ന മികച്ച ശമ്പളം മാത്രമാകരുത് പ്രചോദനം. നമ്മുടെ കഴിവുകള്‍ മനസ്സിലാക്കി ഫീസ്, കോഴ്‌സിന്റെ അംഗീകാരം, പഠിച്ചിറങ്ങിയവരുടെ പ്ലേസ്‌മെന്റ് റെക്കോര്‍ഡ് എന്നിവ കൂടി പരിഗണിച്ചാല്‍ ഉചിതമായ തിരഞ്ഞെടുപ്പ് നടത്താം.
പ്രധാനമായും രണ്ടുതരം കോഴ്‌സുകളാണ് ലഭ്യമായിട്ടുള്ളത്. സര്‍വ്വകലാശാലകള്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്‌സുകള്‍. രണ്ടാമതായി സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍. സ്വകാര്യസ്ഥാപനങ്ങളുടെ കോഴ്‌സ് കരുതലോടെ വേണം സമീപിക്കാന്‍. സ്വകാര്യ സ്ഥാപനങ്ങളില്‍ തന്നെ എന്‍.ഐ.ഐ.ടി/അപ്‌ടെക്/അരീന പോലെ തികച്ചും പ്രൊഫഷണലായി നടത്തുന്ന സ്ഥാപനങ്ങളും ഉണ്ട്.കോഴ്‌സിനെ പറ്റി അന്വേഷിക്കുന്ന വേളയില്‍ തന്നെ ഫീസ്, സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന എജന്‍സി, കോഴ്‌സ് ദൈര്‍ഘ്യം, ഇപ്പോള്‍ പഠിക്കുന്നവരുടെ ജോലി ലഭ്യത, ഭാവിയില്‍ തൊഴില്‍ മാര്‍ക്കറ്റില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ എന്നിവ ശ്രദ്ധയോടെ ചോദിച്ച് മനസ്സിലാക്കുക.അതിന് ശേഷം വിവേകപൂര്‍ണമായ രീതിയില്‍ ചിന്തിച്ച് പഠനപദ്ധതി തിരഞ്ഞെടുക്കാം.
എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രിത സര്‍വ്വകലാശാലകളും കോളേജുകളും തിരഞ്ഞെടുക്കുമ്പോൾ തിരഞ്ഞെടുപ്പിന് മറ്റൊരു മാനദണ്ഡം സ്വീകരിക്കുക.കോളേജിന്റെ അടിസ്ഥാനസൗകര്യങ്ങള്‍, സ്വതന്ത്ര ഏജന്‍സികള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കാറുള്ള റേറ്റിംഗ്, അദ്ധ്യാപകരുടെ യോഗ്യത, കഴിഞ്ഞ വര്‍ഷം പ്രവേശനം ലഭിച്ച കുട്ടികളുടെ റാങ്ക് (എന്‍ട്രന്‍സ്), പ്ലേസ്‌മെന്റ് റെക്കോര്‍ഡ്, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുമായി സാങ്കേതിക സഹകരണം ഉണ്ടെങ്കില്‍ അത്, സ്ഥാപനം നല്‍കുന്ന പരസ്യം മാത്രം ആശ്രയിക്കാതെ സ്വതന്ത്രമായ ഒരു അന്വേഷണം തന്നെ നടത്തുക. ഇതിലൊക്കെ ഉപരിയായി വിദ്യാഭ്യാസം എന്നതുകൊണ്ട് കേവലം തൊഴില്‍ മാത്രമല്ല അര്‍ത്ഥമാക്കുന്നത്.കേവലം മൂന്നുമാസം മാത്രം നീളുന്ന ഡി. ടി. പി കോഴ്‌സ് പഠിച്ച വനിതകള്‍ വരെ ചെറുകിട ഡി.ടി.പി സ്ഥാപനങ്ങള്‍ നടത്തി തൊഴില്‍ തേടിയവരെക്കാളും മാന്യമായ രീതിയില്‍ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. തൊഴില്‍ ആയാലും സ്വയം തൊഴില്‍ ആയാലും കംപ്യൂട്ടറും വിവര സാങ്കേതിക വിദ്യയും അവസരങ്ങളുടെ അനന്തമായ പാതയാണ് കാട്ടിത്തരുന്നത്.
ബിരുദതലപ്രോഗ്രാമുകള്‍
സര്‍വകലാശാലകള്‍,സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്‌തിട്ടുളള കോളേജുകള്‍, കല്‍പ്പിത സര്‍വകലാശാല പദവി ലഭിച്ചിട്ടുളള സ്ഥാപനങ്ങള്‍ എന്നിവയാണ് കമ്പ്യൂട്ടർ ,ഐ.ടി. ബിരുദം നല്‍കാനായി അധികാരപ്പെടുത്തിയിട്ടുളള സ്ഥാപനങ്ങള്‍, ഇതുകൂടാടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയേഴ്‌സ് (ഇന്ത്യ) പോലുളള സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന മെമ്പര്‍ഷിപ്പും (AMIE) ബിരുദത്തിന് തുല്യയോഗ്യതയായി കണക്കാക്കുന്നു. ബി.ടെക്, ബി.ഇ, ബി.എസ്.സി (കമ്പ്യൂട്ടർ സയന്‍സ്), ബി.എസ്.സി(ഐ.ടി), ബി.സി.എ. എന്നിവയാണ് ബിരുദതലത്തില്‍ ലഭ്യമായ പ്രോഗ്രാമുകള്‍.എല്ലാറ്റിന്റേയും പ്രവേശയോഗ്യത പ്ലസ്‌ടു/ എന്‍ജിനിയറിംഗ് ഡിപ്ലോമ ആണ്. യോഗ്യതാ പരീക്ഷയിലെ മിനിമം മാര്‍ക്കും, പ്രവേശന പരീക്ഷയും ഒക്കെ വിവിധ സര്‍വകലാശാലകള്‍ക്കും വ്യത്യസ്‌ത മാനദണ്‌ഡമാണ്. നേരിട്ടു കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇഗ്നോ പോലുളള ഓപ്പണ്‍ യൂണിവേഴിസിറ്റികള്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദധാരികള്‍ ആകാനുളള അവസരം നല്‍കുന്നുണ്ട്. ബി.എസ്.സി,ബി.സി.എ. പ്രോഗ്രാമുകളാണ് വിരൂദവിദ്യാഭ്യാസം വഴി നേടിയെടുക്കാന്‍ സാധിക്കുന്നത്.
എന്‍ജിനിയറിംഗ് ബിരുദം
നാലുവര്‍ഷം നീളുന്ന ബി.ടെക്/ബി.ഇ ആണ് എന്‍ജിനിയറിംഗ് ബിരുദം. പ്ലസ്‌ടു യോഗ്യതയ്‌ക്ക് ഒപ്പം സര്‍ക്കാര്‍ ഏജന്‍സികളോ സര്‍വകലാശാലകളോ നടത്തുന്ന പൊതുപ്രവേശന പരീക്ഷയില്‍ മികച്ച റാങ്കും നേടേണ്ടതുണ്ട്.മിക്ക സ്ഥാപനങ്ങളിലും അവസാനവര്‍ഷത്തെ പാഠ്യപദ്ധതി തുടങ്ങുന്നതിനു മുന്‍പു തന്നെ വിദ്യാര്‍ത്ഥികള്‍ മികച്ച കമ്പനികളില്‍ കാംപസ് പ്ലേസ്‌മെന്റ് ലഭിക്കുന്നതിന് അവസരമുണ്ട്. സവിശേഷരീതിയില്‍ ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതിയും കാംപസ് പ്ലേസ്‌മെന്റും തന്നെയാണ് എന്‍ജിനിയറിംഗ് ബിരുദത്തിന്റെ ആകര്‍ഷണീയത./ഐ.ടി. സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ എന്‍ജിനിയറിംഗ് കോളേജില്‍ കമ്പ്യൂട്ടർ ശാഖ തന്നെ പഠനത്തിനായി തന്നെ തെരഞ്ഞെടുക്കണമെന്നില്ല എന്നതാണ് മറ്റെല്ലാ പ്രോഗ്രാമുകളില്‍ നിന്നും ബി.ടെക്/ബി.ഇ. യെ വ്യത്യസ്‌ത മാക്കുന്നത്.സിവില്‍/മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/കെമിക്കല്‍ തുടങ്ങിയ പഠനപദ്ധതികളില്‍ പഠിക്കുന്നവര്‍ക്കും അഭിരുചിയുളള പക്ഷം നിഷ്‌പ്രയാസം മികച്ച സ്ഥപനങ്ങളില്‍ സാമാന്യം ഉയര്‍ന്ന പ്രതിഫലത്തോടെ ജോലിനേടാവുന്നതെയുള്ളൂ .ഇതിനായി പുറത്തുളള സ്ഥാപനങ്ങളില്‍ ചേര്‍ന്ന് കമ്പ്യൂട്ടർ വിഷയങ്ങള്‍ പഠിക്കണമെന്ന് പോലുമില്ല.
0 comments: