2024, ഫെബ്രുവരി 10, ശനിയാഴ്‌ച

മികച്ച കോഴ്‌സുകള്‍, കരിയര്‍, ഇതെല്ലാം സാധ്യമോ?; വിദേശ സര്‍വകലാശാലകള്‍ കേരളത്തില്‍ വരുമ്പോൾ

 

അടുത്തിടെയാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിദേശ സർവകലാശാലകള്‍ക്ക് കേരളത്തില്‍ ക്യാമ്ബസ് തുടങ്ങാനുള്ള ധാരണയിലെത്തിയത്.ദേശീയ വിദ്യാഭ്യാസ നയം 2020 ലെ ശുപാർശകളനുസരിച്ചാണ് വിദേശ സർവകലാശാലകള്‍ക്ക് ക്യാമ്പസ് തുടങ്ങാൻ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ അനുമതി നല്‍കുന്നത്. വിദേശ സർവ്വകലാശാലകളുടെ ഇന്ത്യയിലെ ക്യാമ്പസ്സുകള്‍ക്ക് സ്വയംഭരണാധികാരം, ഫീസ് നിശ്ചയിക്കുവാനുള്ള അവകാശം എന്നിവ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ സ്വാതന്ത്രധികാരമുള്ള/സ്വകാര്യ സർവകലാശാലകള്‍ക്ക് സമാനമായി ഭരണനിർവ്വഹണം, നിയന്ത്രണാധികാരം, കോഴ്സുകള്‍ കണ്ടെത്തല്‍ എന്നിവ വിദേശ സർവ്വകലാശാലകള്‍ക്കും അനുവദിക്കാമെന്ന് വിദേശ വിദ്യാഭ്യാസ ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള സർവകലാശാല റാങ്കിങ്ങില്‍ ആദ്യത്തെ 500 ല്‍ താഴെ വരുന്ന സർവകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്ബസ് തുടങ്ങാം. ഇന്ത്യയില്‍ ക്യാമ്പസ് തുടങ്ങാനുള്ള ദേശീയ വിദ്യാഭ്യാസ നയത്തിലെ കരടുബില്ലിലെ നിർദേശങ്ങള്‍ അംഗീകരിക്കുന്നതിന് മുമ്പ്  തന്നെ രണ്ട് ആസ്ട്രേലിയൻ സർവ്വകലാശാലകള്‍- ഡിക്കിൻ, വല്ലോങ് സർവ്വകലാശാലകള്‍ ഗുജറാത്തിലെ ഗിഫ്ട് സിറ്റിയില്‍ ക്യാമ്ബസ് തുടങ്ങിയിട്ടുണ്ട്. വിദേശ പഠനത്തിന് താല്‍പര്യപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനും, കുറഞ്ഞ ചെലവില്‍ വിദേശ സർവകലാശാലാ കോഴ്സുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രലായത്തിന്റെ നേതൃത്വത്തില്‍ നടപടികളാരംഭിക്കുന്നത്.

പ്രതിവർഷം 8. 5 ലക്ഷത്തോളം വിദ്യാർഥികളാണ് വിദേശ സർവകലാശാലകളിലെത്തുന്നത്. കേരളത്തില്‍ നിന്നു അര ലക്ഷത്തോളംവിദ്യാർഥികളുണ്ട്. നിരവധി സംസ്ഥാനങ്ങള്‍ വിദേശ സർവകലാശാലകളെ ആകർഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതിനായി മുതല്മുടക്കാൻ താല്പര്യമുള്ള ഇന്ത്യൻ സംരംഭകരുമുണ്ട്.

യൂ ജി സി നിർദേശമനുസരിച്ച്‌ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത, കോഴ്സുകള്‍, സാദ്ധ്യത, അക്കാഡമിക് നിലവാരം, ഭൗതിക സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് 45 ദിവസത്തിനകം യു ജി സി ക്കു സമർപ്പിക്കണം. ഇത് വിലയിരുത്തി 45 ദിവസത്തിനകം സർവകലാശാലകള്‍ക്ക് ഇന്ത്യയില്‍ രണ്ടു വർഷത്തിനകം ക്യാമ്ബസ് തുടങ്ങാൻ തത്വത്തില്‍ അംഗീകാരം നല്‍കും. തുടക്കത്തില്‍ 10 വർഷത്തേക്കാണ് അനുമതി നല്‍കുന്നത്. കാലയളവ് പിന്നീട് വർധിപ്പിച്ചു നല്‍കും. രാജ്യത്തെ വിദ്യാര്ഥികളോടൊപ്പം, അന്താരാഷ്ട്ര വിദ്യാർത്ഥികള്‍ക്കും അഡ്മിഷൻ നല്‍കാം. സുതാര്യമായ രീതിയില്‍ ഫീസ് നിർണയിക്കുന്നതോടൊപ്പം അദ്ധ്യാപകരെ രാജ്യത്തിനത്തുനിന്നും, വിദേശത്തുനിന്നും തിരഞ്ഞെടുക്കാം. ഓണ്‍ലൈൻ, വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ തുടങ്ങാൻ അനുമതിയില്ല. വിദേശ ഫണ്ടിന്റെ വിനിമയം ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്‌ട് 1999 (FEMA 1999) അനുസരിച്ചായിരിക്കണം. സർവ്വകലാശാലകള്‍ കാലാകാലങ്ങളില്‍ യു ജി സി ക്കു ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുകയും വേണം..

2010 ല്‍ യു പി എ രണ്ടാം ഗവണ്മെന്റ് കൊണ്ടുവന്ന വിദേശ വിദ്യാഭ്യാസ ബില്ലിനെ എതിർത്ത എൻ ഡി എ സർക്കാരാണ് വിദേശ കാമ്ബസ്സുകള്‍ തുടങ്ങാൻ മുൻകൈയെടുത്തത്. വിദേശ സ്വാധീനം ഇന്ത്യൻ സംസ്കാരത്തെ ബാധിക്കുമെന്നാണ് അന്ന് അവർ വാദിച്ചിരുന്നത്! കേരളത്തിലെ വിദ്യാർഥി സംഘടനകളും ഇതിനെ എതിർത്തിരുന്നു!

വിദേശ ക്യാമ്പസുകളുടെ ആവശ്യകത

വിദേശ സർവകലാശാലകളുടെ ക്യാമ്ബസുകള്‍ ഇന്ത്യയില്‍ തുടങ്ങുന്നതിലൂടെ വിദേശത്തേക്കുള്ള സാമ്ബത്തിക ഒഴുക്ക് കുറയ്ക്കാമെന്നും, വിദ്യാർഥികള്‍ക്ക് വിദേശത്തു ലഭിക്കുന്ന ഉന്നത പഠന സൗകര്യം രാജ്യത്ത് രൂപപ്പെടുത്താമെന്നതുമാണ് യു ജി സി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്ത്യയെ ആഗോള വിദ്യാഭ്യാസ ഹബ്ബായി മാറ്റാമെന്നും കരുതുന്നു!. എട്ടര ലക്ഷം വിദ്യാർഥികളാണ് 2023ല്‍ ഇന്ത്യയില്‍ നിന്നും ബിരുദ, ബിരുദാനന്തര, ഗവേഷണ പഠനത്തിനായി വിദേശ സർവകലാശാലകളിലെത്തിയത്. ഇതിലൂടെ ഒരു ലക്ഷം കോടി രൂപയാണ് പ്രതിവർഷം വിദേശത്തേക്കൊഴുകുന്നത്. വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം പൂർണമായി കുറയ്ക്കാൻ സാധിക്കുകയില്ല. പഠനത്തിനപ്പുറം വിദ്യാർത്ഥികളാഗ്രഹിക്കുന്നത് വിദേശ ജീവിതവും അവിടെ തൊഴില്‍ ലഭിക്കാനുള്ള അവസരങ്ങളുമാണ്. ഇന്ത്യയിലെ ക്യാമ്ബസുകളില്‍ ലഭിക്കാവുന്ന വിദേശ ഫാക്കല്‍റ്റികളുടെ എണ്ണവും പരിമിതമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഭൗതിക സൗകര്യത്തിന്റെ കാര്യത്തിലും പരിമിതികളുണ്ട്.

കാലത്തിനൊത്ത ന്യൂജൻ കോഴ്സുകള്‍, മികച്ച അക്കാഡമിക്- ഗവേഷണ സൗകര്യം, വ്യവസായ സ്ഥാപങ്ങളുമായുള്ള സഹകരണം, സാങ്കേതികവിദ്യ, പഠനത്തോടൊപ്പമുള്ള തൊഴില്‍, പ്ലേസ്മെന്റ് സൗകര്യം, നിരവധി ലോകോത്തര സർവ്വകലാശാലകളുമായുള്ള ട്വിന്നിങ്, ജോയിന്റ്/ഡ്യൂവല്‍ ബിരുദ പ്രോഗ്രാമുകള്‍ എന്നിവ വിദേശ സർവകലാശാലകളുടെ സവിശേഷതകളാണ്. എന്നാല്‍ ഇവ രാജ്യത്ത് എത്രത്തോളം പ്രവർത്തികമാക്കാമെന്നതില്‍ സംശയങ്ങളേറെയുണ്ട്. 2023 ലെ സർവകലാശാലകളുടെ ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിങ്ങില്‍ ആദ്യത്തെ 500 റാങ്കിങ്ങില്‍ ഇന്ത്യയിലെ സർവ്വകലാശാലകളില്ല. 300 നു മുകളിലാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഐ ഐ ടികള്‍ എന്നിവയുള്ളത്.

വിദേശ രാജ്യങ്ങളിലെ സർവകലാശാലകളില്‍ പ്രവേശനം ലഭിക്കുന്നതിനെ അപേക്ഷിച് പ്രാവീണ്യ പരീക്ഷകളില്‍ കുറവുണ്ടാകാനും, കുറഞ്ഞ ഫീസ് നിരക്കിനും സാധ്യതയുണ്ട്. അഡ്മിഷൻ പ്രക്രിയയിലും ഇളവ് പ്രതീക്ഷിക്കാം. ഹാർവാർഡ്, എം ഐ ടി, ഓക്സ്ഫോർഡ് തുടങ്ങിയ ലോകോത്തര സർവകലാശാലകളുടെ കാമ്പസ് വരുന്നതോടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും മാറ്റമുണ്ടാക്കും. ഇന്ത്യയിലെ സർവകലാശാലകള്‍ക്ക് മത്സര ബുദ്ധിയോടെ പ്രവർത്തിക്കേണ്ടിവരും. ഇത് ആഗോള നിലവാരത്തിലേക്ക് ഇന്ത്യൻ സർവ്വകലാശാലകളെ പിടിച്ചുയർത്താൻ സഹായിക്കും. അധ്യാപകരുടെയും, ഗവേഷകരുടെയും പ്രവർത്തനക്ഷമത ഉയർത്താൻ സഹായിക്കും. എന്നാല്‍ വിദേശ സർവകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ തമിഴ്നാട് ഇതിനകം താല്‍പര്യക്കുറവ് കാണിച്ചിട്ടുണ്ട്.


0 comments: