2024, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

സി.യു.ഇടി -യു.ജി.സി പരീക്ഷ അടിമുടി മാറുന്നു

 

കേന്ദ്ര സര്‍വകലാശാല പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റില്‍ ഈ വര്‍ഷം മുതല്‍ മാര്‍ക്ക് ഏകീകരണം ഒഴിവാക്കാന്‍ സാധ്യത.പരീക്ഷയില്‍ മാറ്റം വരുത്തുന്നത് നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സി പരിഗണിക്കുകയാണ്.

കംപ്യൂട്ടറധിഷ്ഠിത രീതി മാറ്റി ഹൈബ്രിഡ് രീതിയിലുള്ള പരീക്ഷ സമ്ബ്രദായമാണ് ഈ വര്‍ഷം മുതല്‍ പരിഗണിക്കുന്നത്. ഈ രീതി നടപ്പാക്കുമ്ബോള്‍ പേനയും പേപ്പറും ഉപയോഗിച്ചും (ഒ.എം.ആര്‍) കംപ്യൂട്ടറധിഷ്ഠിതമായും പരീക്ഷ എഴുതാം. ഇതുവഴി ഒരുമാസത്തോളമെടുക്കുന്ന പരീക്ഷ കുറഞ്ഞ നാളുകള്‍ കൊണ്ട് പൂര്‍ത്തിയാക്കാം.

ഒ.എം.ആര്‍ രീതിയിലും പരീക്ഷ നടത്തുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടടുത്തുള്ള കേന്ദ്രങ്ങളിലെത്തി പരീക്ഷ എഴുതാമെന്ന് യു.ജി.സി ചെയര്‍മാന്‍ എം.ജഗദീഷ് കുമാര്‍ പറഞ്ഞു. കംപ്യൂട്ടറധിഷ്ഠിത പരീക്ഷ മാത്രമാവുമ്പോൾ  വിദൂര പ്രദേശങ്ങളിലേക്ക് സഞ്ചരിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. ഗ്രാമ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയാസം സൃഷ്ടിച്ചിരുന്നു.

ഒരു വിഷയത്തിലുള്ള പരീക്ഷ ഒരു ദിവസം തന്നെ നടക്കുമ്പോൾ മാര്‍ക്ക് ഏകീകരണത്തിന്റെ ആവശ്യമില്ല. കഴിഞ്ഞ രണ്ട് വര്‍ഷവും ഒരു പേപ്പറിന്റെ പരീക്ഷ രണ്ടോ മൂന്നോ ദിവസമെടുത്താണ് നടത്തിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള പരീക്ഷ കേന്ദ്രം സാധ്യമായിടത്തോളം അനുവദിക്കുന്നതിനായിരുന്നു ഇത്. എന്നാല്‍ ഈ വര്‍ഷം ഒ.എം.ആര്‍ രീതി നടപ്പാക്കുമ്പോൾ കൂടുതല്‍ സ്‌കൂളുകളും കോളേജുകളും കേന്ദ്രങ്ങളയി വരുന്നതിനാല്‍ രാജ്യം മുഴുവന്‍ ഒരു ദിസം പരീക്ഷ നടത്താന്‍ സാധിക്കും.

ഈ വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാവുന്ന പരമാവധി പരീക്ഷ പേപ്പറുകളുടെ എണ്ണം ആറായി പരിമിതപ്പെടുത്തും. കഴിഞ്ഞ വര്‍ഷം 10 പേപ്പറുകള്‍ വരെ എഴുതാമായിരുന്നു. പരീക്ഷ ദിനങ്ങളുടെ എണ്ണം കൂടാനും ഇത് കാരണമായിരുന്നു.അപേക്ഷകരുടെ എണ്ണത്തില്‍ രണ്ടാമത്തെ വലിയ പരീക്ഷയാണ് സി.യു.ഇടി -യു.ജി.സി. കഴിഞ്ഞ വര്‍ഷം 11.11 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത് .

0 comments: