2024, ഫെബ്രുവരി 5, തിങ്കളാഴ്‌ച

പൊതു മത്സരപ്പരീക്ഷകളില്‍ ക്രമക്കേട് നടത്തുന്നവർക്ക് 10 വർഷം വരെ തടവും കോടി രൂപവരെ പിഴയും


പൊതു മത്സരപ്പരീക്ഷകളില്‍ ക്രമക്കേട് നടത്തുന്നവർക്ക് 10 വർഷം വരെ തടവും കോടി രൂപവരെ പിഴയും ലഭിക്കാവുന്ന ബില്‍ കേന്ദ്ര സർക്കാർ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു.

യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷൻ കമീഷൻ, റെയില്‍വെ റിക്രൂട്ട്മെന്റ് ബോർഡ്, വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, നാഷനല്‍ ടെസ്റ്റിങ് ഏജൻസി എന്നിവ നടത്തുന്ന പരീക്ഷകള്‍, ബാങ്കിങ് റിക്രൂട്ട്മെന്റ് പരീക്ഷകള്‍, കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിപ്പിക്കുന്ന വകുപ്പുകളിലേക്കുള്ള പരീക്ഷകള്‍ തുടങ്ങിയവയാണ് ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ത്തല്‍, ഉത്തരക്കടലാസുകളില്‍ കൃത്രിമം കാണിക്കല്‍, സീറ്റ് ക്രമീകരണങ്ങളില്‍ കൃത്രിമം കാണിക്കല്‍ അടക്കം വിവിധ തരത്തിലുള്ള 20 കുറ്റങ്ങളാണ് ബില്ലിലുള്ളത്. ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കില്‍ കുറഞ്ഞത് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷയും മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും നല്‍കേണ്ടിവരും. ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് തെളിഞ്ഞാല്‍ അഞ്ചു മുതല്‍ പത്തുവര്‍ഷം വരെയാണ് ശിക്ഷ. ഒരു കോടി രൂപവരെ പിഴ വിധിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ഏതെങ്കിലും സ്ഥാപനമാണ് ക്രമക്കേട് നടത്തുന്നതെങ്കില്‍ അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ബില്ല് വ്യവസ്ഥചെയ്യുന്നു.

ഡിവൈ.എസ്.പി അല്ലെങ്കില്‍ എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല. അന്വേഷണം മറ്റ് ഏജൻസികള്‍ക്കു നല്‍കാനുള്ള അധികാരം കേന്ദ്രത്തിനുണ്ടാകും.പൊതുപരീക്ഷ സമ്പ്രദായങ്ങളില്‍ കൂടുതല്‍ സുതാര്യതയും നീതിയും വിശ്വാസ്യതയും കൊണ്ടുവരുകയും യുവാക്കളുടെ പരിശ്രമങ്ങള്‍ക്ക് അർഹമായ പ്രതിഫലം ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പുനല്‍കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ബില്ലില്‍ പറയുന്നു. കമ്പ്യൂട്ടർ  അധിഷ്ഠിത പരീക്ഷ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമാകുന്നതിന് ഉന്നതതല സാങ്കേതിക സമിതിയും ബില്‍ നിഷ്‍കർഷിക്കുന്നുണ്ട്.

0 comments: